‘ഇങ്ങനെയെങ്കിൽ എല്ലാ രാഷ്ട്രീയക്കാരെയും കുടുക്കാമല്ലോ’; ഷാജിക്കെതിരായ കേസില്‍ സുപ്രീം കോടതി; പിണറായിക്കും ഇഡിക്കും തിരിച്ചടി

മുസ്ലിം ലീ​ഗ് നേതാവ് കെഎം ഷാജിക്കെതിരായ പ്ലസ്ടു കോഴക്കേസ് സുപ്രീം കോടതി തള്ളി. ഷാജി കൈക്കൂലി ആവശ്യപ്പെട്ടെന്ന് ഒരു മൊഴി പോലുമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. കോടതി 54 സാക്ഷിമൊഴികൾ പരിശോധിച്ചു. ലീഗ് നേതാവ് കൈക്കൂലി വാങ്ങിയെന്ന ഒരു മൊഴിയെങ്കിലും കാട്ടിത്തരാൻ കഴിയുമോയെന്നും കോടതി ചോദിച്ചു. ഇങ്ങനെയെങ്കിൽ എല്ലാ രാഷ്ട്രീയക്കാരെയും ഒരോ കേസിൽ പ്രതിയാക്കാമല്ലോയെന്നും കോടതി കൂട്ടിച്ചേർത്തു. അന്വേഷണം നടക്കുമ്പോൾ അത് പൂർത്തിയാകാതെ കേസ് റദ്ദാക്കിയ ഹൈക്കോടതി നടപടി ശരിയല്ലെന്ന് കേരള സർക്കാർ സുപ്രീംകോടതിയിൽ വാദിച്ചു. മൊഴി നൽകിയവരിൽ ആരെങ്കിലും ഷാജി പണം ആവശ്യപ്പെട്ടുവെന്നോ വാങ്ങിയിട്ടുണ്ടെന്നോ മൊഴി നൽകിയിട്ടുണ്ടോ എന്നും ജസ്റ്റിസുമാരായ അഭയ് എസ് ഓക, അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവർ അടങ്ങിയ ബെഞ്ച് ചോദിച്ചു.

കോഴക്കേസ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് സർക്കാരും അന്വേഷണ ഏജൻസിയായ ഇഡിയും സുപ്രിംകോടതിയെ സമീപിച്ചത്. 2014 ൽ കണ്ണൂർ ജില്ലയിലെ അഴീക്കോട് ഹൈസ്കൂളിന് പ്ലസ് ടു അനുവദിക്കാൻ കെഎം ഷാജി 25 ലക്ഷം രൂപ കൈക്കൂലി വാങ്ങി എന്നാരോപിച്ചായിരുന്നു കേസ്. മാനേജ്മെന്റ് ലീഗ് നേതാവിന്ന് കൈക്കൂലി നൽകിയെന്നാരോപിച്ച് സിപിഎം പ്രാദേശിക നേതാവ് 2017ല്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയിൽ 2020ലാണ് വിജിലൻസ് കേസെടുത്തത്. പിന്നാലെ ഇഡിയും എഫ്ഐആര്‍ റജിസ്റ്റർ ചെയ്യുകയായിരുന്നു.

ഷാജിയുടെ ഭാര്യ ആശയുടെ പേരിലുള്ള 25 ലക്ഷം രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടിയിരുന്നു. കോഴപ്പണം ഉപോയോഗിച്ച് സ്ഥലം വാങ്ങി കള്ളപ്പണം വെളുപ്പിച്ചെന്ന് ആരോപിച്ചായിരുന്നു ഇഡി നടപടി സ്വീകരിച്ചത്. എന്നാൽ കേസ് എടുത്തതും സ്വത്ത് കണ്ടുകെട്ടിയതും ഉൾപ്പെടെ എല്ലാ നടപടികളും ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. ഇതിനെതിരെ നൽകിയ ഹർജിയിലാണ് സംസ്ഥാന സർക്കാരിനും ഇഡിക്കും സുപ്രീം കോടതിയിൽ നിന്നും തിരിച്ചടി നേരിട്ടിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top