ഹൈക്കോടതി ജഡ്ജിമാരുടെ ക്ലബ് നവീകരിക്കാൻ 1.16 കോടി; മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ധനവകുപ്പ് അനുമതി നൽകി
കൊച്ചി: സർക്കാരിൻ്റെ സാമ്പത്തിക പരാധീനതക്കിടയിലും
ഹൈക്കോടതി ജഡ്ജിമാരുടെ ക്ലബ്ബ് നവീകരണത്തിന് പണം അനുവദിച്ച് സംസ്ഥാന ധനവകുപ്പ്. ക്ലബിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ 1.16 കോടിയാണ് അനുവദിച്ചത്. ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജിമാരും റിട്ടയേര്‍ഡ് ജഡ്ജിമാരും ആണ് ക്ലബ്ബ് ഉപയോഗിക്കുന്നത്. വായനാമുറിയും ക്ലബ്ബും ആയാണ് ജഡ്ജസ് ലൈസിയം സജ്ജീകരിച്ചിരിക്കുന്നത്.
എറണാകുളം ദിവാന്‍ റോഡിലെ ജഡ്ജസ് റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സിലെ ഫ്‌ലാറ്റ് 1 എ – ആണ് ലൈസിയം ആയി ഉപയോഗിക്കുന്നത്. 18 വര്‍ഷം കാലപ്പഴക്കം ഉള്ള ക്ലബ്ബ് നവീകരിക്കാന്‍ പണം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാര്‍ 2023 ഡിസംബര്‍ 10ന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ മാര്‍ച്ച് 16ന് പണം ധനമന്ത്രി ബാലഗോപാല്‍ അനുവാദം നൽകി. ഇതിന് പിന്നാലെ ഈ മാസം 3ന് ആഭ്യന്തര വകുപ്പില്‍ നിന്ന് ഉത്തരവിറങ്ങി. പൊതുമരാമത്ത് ആര്‍ക്കിടെക്ചര്‍ വിംഗിന്റെ സഹായം ക്ലബ്ബ് നവീകരണത്തിന് ഉപയോഗിക്കുന്നത് ഉചിതമാകും എന്ന ഉപദേശവും ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയുടെ ഉത്തരവിലുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here