5 വർഷത്തിനിടയിൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് കനേഡിയൻ പൗരൻമാരായത് 1.6 ലക്ഷം പേർ; 2011 ശേഷം ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചവർ 17.50 ലക്ഷം

ന്യൂഡല്‍ഹി: 2018 ജനുവരിക്കും 2023 ജൂണിനുമിടയിൽ 1.6 ലക്ഷം പേർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് കനേഡിയൻ പൗരത്വം തെരഞ്ഞെടുത്തതായി വിദേശകാര്യ മന്ത്രാലയം. പൗരത്വം ഉപേക്ഷിച്ചവരുടെ മൊത്തം കണക്കില്‍ ഏകദേശം 20 ശതമാനവും തെരഞ്ഞെടുത്തിരിക്കുന്നത് ഇന്ത്യയുമായി നയതന്ത്രബന്ധം വഷളായിരിക്കുന്ന കാനഡയാണ് എന്ന് വിദേശകാര്യ മന്ത്രാലയത്തിൻ്റെ കണക്കുകൾ വ്യക്തമാക്കുന്നു.

ഈ കാലയളവിൽ ഇന്ത്യൻ പ്രവാസികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട രണ്ടാമത്തെ സ്ഥലമായി കാനഡ മാറി. ഇന്ത്യക്കാർക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലങ്ങളിൽ ഒന്നാം സ്ഥാനത്ത് യുഎസും മൂന്നാം സ്ഥാനത്ത് ഓസ്‌ട്രേലിയയും നാലാം സ്ഥാത്ത് യുകെയുമാണ് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 2018 ജനുവരിക്കും 2023 ജൂണിനുമിടയിൽ ആകെ 8.4 ലക്ഷം ഇന്ത്യക്കാർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു. ഇവരിൽ 58% പേരും തെരഞ്ഞെടുത്തിരിക്കുന്നത് യുഎസ്, കാനഡ എന്നിവിടങ്ങളിലെ പൗരത്വമാണ്.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ജോലിക്കും, പഠന ആവശ്യങ്ങൾക്കുമായി വിദേശത്തേക്ക് പോവുകയും, തുടർന്ന് വിദേശ പൗരത്വം സ്വീകരിക്കുകയും ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടാകുന്നുണ്ടെന്നതാണ് വാസ്തവം. കൂടാതെ കുടുംബമായി വിദേശ രാജ്യങ്ങളിൽ കുടിയേറുന്നവരുടെ എണ്ണവും കൂടുന്നുണ്ട്. എന്നാൽ വിദേശപൗരത്വം നേടുന്നവരുടെ എണ്ണത്തിൽ വർഷം തോറും വർദ്ധനവുണ്ടാകുന്നുണ്ടെങ്കിലും കോവിഡ് മഹാമാരിക്കാലത്ത് വിദേശ പൗരത്വം തേടിപ്പോകുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായിരുന്നു.

പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം 2018ൽ 1,34,531 ആയിരുന്നത് 2022ൽ 2,25,620 ആയി ഉയർന്നു. 2011 ന് ശേഷമുള്ള ഏറ്റവും കൂടിയ കണക്കാണിത്. ഈ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ 87,026 ഇന്ത്യക്കാർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു. 2021ൽ 1,63,370 പേരും, 2020ൽ 85,256 പേരും 2019ൽ 1,44,017 പേരും ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചതായിട്ടാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2020 ജനുവരി മുതൽ 2023 ജൂൺ വരെ 5,61,272 പേർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു. 2011 മുതൽ ഇതുവരെ 17.50 ലക്ഷത്തിലധികം പേർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചതായും വിദേശകാര്യ മന്ത്രാലയത്തിൻ്റെ കണക്കുകൾ വ്യക്തമാക്കുന്നു.

ഉയർന്ന ജീവിത നിലവാരം, കുട്ടികളുടെ വിദ്യാഭ്യാസം, തൊഴിലവസരങ്ങൾ, ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം എന്നിവയുൾപ്പെടെ നിരവധി കാരണങ്ങളാണ് ഇന്ത്യക്കാരെ കാനഡയും ഓസ്‌ട്രേലിയയും പോലുള്ള രാജ്യങ്ങളുടെ പൗരത്വം സ്വീകരിക്കാൻ പ്രേരിപ്പിക്കുന്നത്. ഈ രാജ്യങ്ങളിൽ സ്ഥിരതാമസത്തിന് അനുമതി ലഭിച്ച പ്രവാസികൾക്ക് പൗരത്വം വളരെ എളുപ്പത്തിലും വേഗത്തിലും ലഭിക്കുന്നതും മറ്റൊരു കാരണമാണ്. ഇതൊക്കെ വിദേശകാര്യ മന്ത്രാലയം അംഗീകരിക്കുന്നുമുണ്ട്. പലരും വിദേശ പൗരത്വം തെരഞ്ഞെടുത്തത് വ്യക്തിപരമായ സൗകര്യത്തിനാണെന്നും മന്ത്രാലയം പറയുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top