ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം; കുടുംബത്തിന് അടിയന്തര ആശ്വാസമായി ഒരു ലക്ഷം
ആലുവയില്‍ കൊല്ലപ്പെട്ട കുഞ്ഞിന്റെ കുടുംബത്തിന് അടിയന്തര ആശ്വാസമായി വനിത ശിശുവികസന വകുപ്പ് ഒരു ലക്ഷം രൂപ അനുവദിച്ചു. വനിത ശിശുവികസന വകുപ്പിന്റെ ആശ്വാസനിധി പദ്ധതി പ്രകാരമാണ് തുകയനുവദിച്ചത്. ലൈംഗികാതിക്രമങ്ങള്‍ നേരിടുന്ന സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും അടുത്ത കുടുംബാംഗത്തിന് നല്‍കുന്ന ധനസഹായമാണ് ആശ്വാസനിധി. കഴിഞ്ഞ ദിവസം കുട്ടിയുടെ ആലുവയിലെ വീട്ടിലെത്തിയ മന്ത്രി വീണാ ജോർജ് ആശ്വാസനിധി വഴി ധനസഹായം അനുവദിക്കുമെന്ന് അറിയിച്ചിരുന്നു.
പെൺകുട്ടിയുടെ സംസ്കാര ചടങ്ങിൽ സംസ്ഥാന സർക്കാരിന്റെ പ്രതിനിധികളാരും പങ്കെടുത്തില്ലെന്ന വിമർശനത്തിനിടെയായിരുന്നു മന്ത്രിയുടെ സന്ദർശനം. അഞ്ചുവയസുകാരിയുടെ മാതാപിതാക്കളെയും സഹോദരങ്ങളെയും സന്ദർശിച്ച മന്ത്രി കുടുംബത്തെ ആശ്വസിപ്പിച്ചു. പഴുതുകളടച്ചുള്ള അന്വേഷണമാണ് നടക്കുന്നതെന്നും കുടുംബത്തിന് നീതി കിട്ടുന്നതിന് സർക്കാർ ഒപ്പമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. ജില്ലാ കളക്ടര്‍ എന്‍എസ്കെ ഉമേഷും ശിശുക്ഷേമസമതി ജനറൽ സെക്രട്ടറി അരുൺ ഗോപിയും മന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.
ഇടതുമുന്നണി കൺവീനർ ഇ പി ജയരാജനും കുടുംബത്തെ സന്ദർശിച്ചു. കുടുംബത്തിനായി ചെയ്യാന്‍ കഴിയുന്ന സഹായമെല്ലാം സര്‍ക്കാര്‍ നല്‍കും. സംഭവത്തില്‍ പൊലീസ് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കും. എല്ലാ പഴുതും അടച്ചുള്ള അന്വേഷണമാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും ഒരു കുറ്റവാളിയേയും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു.
പൊലീസിനെതിരായ വിമര്‍ശനത്തിന് അടിസ്ഥാനമൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഷയത്തില്‍ രാഷ്ട്രീയം ചേർക്കുന്നത് ശരിയല്ല. പ്രതിപക്ഷ നേതാവിന്റെയടക്കം വാദങ്ങൾ ബാലിശമാണ്. മന്ത്രിമാർ സന്ദർശിച്ചില്ലെങ്കിലും കുടുംബത്തിന് വേണ്ടി എല്ലാ കാര്യങ്ങളും സർക്കാർ ചെയ്യുന്നുണ്ട്. ഏത് വിഷയമുണ്ടായാലും ഉടന്‍ സർക്കാരിനെയും പൊലീസിനെയും കുറ്റപ്പെടുത്തുന്ന സമീപനം പൊലീസിന്റെ ആത്മവീര്യം ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here