10 ബിജെപി എംപിമാർ രാജിവച്ചു; കേന്ദ്ര മന്ത്രിസഭയിലും മാറ്റം വരും
ന്യൂഡൽഹി: രണ്ട് കേന്ദ്ര മന്ത്രിമാർ ഉൾപ്പെടെ 10 ബിജെപി എംപിമാർ രാജിവച്ചു. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഢ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരാണ് രാജി നൽകിയത്.
മധ്യപ്രദേശിൽ നിന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ, കേന്ദ്ര സഹമന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേൽ, റിതി പഥക്, രാകേഷ് സിംഗ്, ഉദയ് പ്രതാപ് സിംഗ് എന്നിവരാണ് രാജിവച്ചത്. മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരാണ് രാജിവച്ച കേന്ദ്ര മന്ത്രിമാർ. ഇവരുടെ രാജിയോടെ കേന്ദ്ര മന്ത്രിസഭയിലും അഴിച്ചുപണികൾ വേണ്ടിവരും.
രാജസ്ഥാനിൽ നിന്നും രാജ്യവർധൻ സിംഗ് റാത്തോഡ്, ദിയ കുമാരി ഛത്തീസ്ഗഡിൽ നിന്നും അരുൺ സാവോ, ഗോന്തി സായ് എന്നിവർ സ്പീക്കർ ഓം ബിർളക്ക് രാജിക്കത്ത് നൽകി. രാജ്യസഭാംഗമായ കിറോരി ലാൽ മീണ രാജ്യസഭാ ചെയർമാനും രാജി സമർപ്പിച്ചു.
12 ബിജെപി എംപിമാരാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പാർട്ടി അധ്യക്ഷൻ ജെ.പി. നദ്ദയുടെ നിർദ്ദേശപ്രകാരമാണ് സ്പീക്കർ ഓം ബിർളക്ക് അംഗങ്ങൾ രാജി നൽകിയത്. രണ്ട് പേർ കൂടി ഉടൻ രാജിവയ്ക്കുമെന്ന് വിവരം. ബാബാ ബാലക്, രേണുക സിംഗ് നാഥ് എന്നിവരാണ് രാജിവയ്ക്കാനുള്ളവർ.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here