നല്ല ബെസ്റ്റ് അമ്മായി അമ്മ; മകളുടെ പ്രതിശ്രുത വരനുമായി ഒളിച്ചോടി; സ്വര്‍ണ്ണവും അടിച്ചു കൊണ്ടുപോയി

വേലി ചാടുന്ന അമ്മമാരെക്കുറിച്ച് പഴഞ്ചൊല്ലുകളിൽ പറയാറുണ്ട്. ദാ, അങ്ങ് ഉത്തർപ്രദേശിൽ കല്യാണത്തിന് 10 ദിവസം മുമ്പ് മകളുടെ പ്രതിശ്രുത വരനുമായി അമ്മ ഒളിച്ചോടി. ഏക മകളുടെ കല്യാണത്തിനായി കരുതി വെച്ച പൊന്നും പണവും എല്ലാം അടിച്ചോണ്ടാണ് അനിതകുമാരി എന്ന അമ്മ സ്ഥലം വിട്ടത്.
ഉത്തർപ്രദേശിലെ അലിഗഡ് ജില്ലയിൽപ്പെട്ട മദ്രാക് ഗ്രാമത്തിലാണ് സംഭവം. ജിതേന്ദ്ര കുമാർ- അനിത ദമ്പതികളുടെ മകളായ ശിവാനിയുടെ വിവാഹം രാഹുൽ എന്ന ചെറുപ്പക്കാരനുമായി ഈ മാസം 16 ന് നടത്താൻ നിശ്ചയിച്ച് ഉറപ്പിച്ചിരിക്കയായിരുന്നു. ഇതിനിടെ ഗ്രാമവാസികളെ ഒന്നടങ്കം ഞെട്ടിച്ചു കൊണ്ട് കഴിഞ്ഞ ഞായറാഴ്ച (ഏപ്രിൽ 6 ) ഭാവി മരുമകനുമായി അമ്മായി അമ്മ നാടുവിട്ടു. പോയ പോക്കിൽ മൂന്നര ലക്ഷം രൂപയും മകൾ ശിവാനിക്കായി വാങ്ങി വെച്ച അഞ്ചു ലക്ഷം രുപയുടെ സ്വർണാഭരണങ്ങളും അടിച്ചു കൊണ്ടുപോകാൻ അനിത മറന്നില്ല. 10 രുപ പോലും അവിടെ വെക്കാതെ മൊത്തം വാരിക്കൊണ്ടു പോയെന്ന് ശിവാനി പോലീസിനോട് പറഞ്ഞു.
ശിവാനിയുടെ പിതാവ് ബംഗലൂരുവിൽ ചെറുകിട ബിസിനസ് നടത്തുന്ന വ്യക്തിയാണ്. എല്ലാ ദിവസവും രാഹുലുമായി അനിത പത്തും പതിനഞ്ചും മണിക്കൂറാണ് മൊബൈലിൽ സംസാരിച്ചിരുന്നത്. മകളുടെ ഭാവി ഓർത്ത് താൻ ഒരിക്കലും ഭാര്യയെ വിലക്കിയിരുന്നില്ലെന്ന് ഹതഭാഗ്യനായ പിതാവ് പറഞ്ഞു. സ്വന്തം മകളോട് ഒരമ്മ ഇങ്ങനെ ഒരു കൊലച്ചതി ചെയ്യുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. രാഹുൽ ഒരിക്കൽ പോലും തൻ്റെ മകളോട് സംസാരിച്ചിട്ടില്ലെന്നും ജിതേന്ദ്ര കുമാർ പറഞ്ഞു.
പലവട്ടം താൻ അനിതയെ ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച്ഡ് ഓഫ് ആയിരുന്നു. രാഹുലിനേയും വിളിക്കാൻ ശ്രമിച്ചെങ്കിലും അയാൾ എൻ്റെ കോളുകൾ കട്ട് ചെയ്തിരുന്നു. ഇക്കഴിഞ ദിവസം വിളിച്ചപ്പോൾ രാഹുൽ പറഞ്ഞു, നിങ്ങൾ കഴിഞ്ഞ 20 കൊല്ലമായി ആ സ്ത്രീയെ (അനിത ) കരുതുകയോ സ്നേഹിക്കുകയോ ചെയ്തിരുന്നില്ല. അവരെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നു. ഇനി അവരെ മറന്നേക്ക് എന്ന് തന്നോട് രാഹുൽ പറഞ്ഞതായി ജിതേന്ദ്ര കുമാർ വെളിപ്പെടുത്തി.
മദ്രാക് പോലീസ് സ്റ്റേഷനിൽ അനിതയെ കാണാതായ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. രണ്ടു പേരെയും കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പോലീസ് പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here