കിഡ്നിയുംകരളും ഒന്നിച്ച് മാറ്റിവച്ച് ചരിത്രമെഴുതിയ അലക്സിനെ ഓർമയുണ്ടോ? മൾട്ടിപ്പിൾ ട്രാൻസ്പ്ലാൻ്റിന് പത്തു വർഷമെത്തുമ്പോൾ ഒരു തിരിഞ്ഞുനോട്ടം

“അന്ന് എനിക്ക് പത്താം ക്ലാസ് പരീക്ഷ അടുത്തിരിക്കുകയായിരുന്നു. കരളിന്റെ പ്രശ്നം കിഡ്‌നിയേയും ബാധിച്ച് ഡയാലിസിസ് ചെയ്താണ് മുന്നോട്ട് പോയിരുന്നത്. രണ്ട് അവയവങ്ങളും മാറ്റിവെക്കുകയായിരുന്നു ഏക മാർഗം. ജീവിക്കാനുള്ള ആഗ്രഹവും ഡോക്ടറിലുള്ള വിശ്വാസവുമാണ് അവയവങ്ങള്‍ മാറ്റിവെക്കാനുള്ള കരുത്ത് നൽകിയത്”. 2014ൽ രണ്ട് അവയവങ്ങളും ഒരുമിച്ച് മാറ്റിവെച്ച് ഇന്ന് പത്ത് വർഷം തികയുന്ന എ.അലക്സിന്റെ ആത്മവിശ്വാസം വാക്കുകളിൽ പ്രകടമാണ്.

വൃക്കകളെ തകരാറിലാക്കുന്ന ഹൈപ്പറോക്സലൂറിയ എന്ന അപൂര്‍വ രോഗമായിരുന്നു ജന്മനാ അലക്സിനെ ബാധിച്ചത്. രോഗം മറ്റ് അവയവങ്ങളെ ബാധിച്ചതോടെ കരളും വൃക്കയും മാറ്റിവയ്ക്കേണ്ട സ്ഥിതിയായി. മാറ്റിവയ്ക്കലിന് ആവശ്യമായ അവയവങ്ങൾക്കായി കേരള നെറ്റ്‌വർക്ക് ഓഫ് ഓർഗൻ ഷെയറിംഗിൽ (കെഎൻഒഎസ്) അപേക്ഷിച്ചു. ആറുമാസത്തെ കാത്തിരിപ്പിനൊടുവില്‍, മസ്തിഷ്‌ക മരണം സംഭവിച്ച ഒരാളുടെ ബന്ധുക്കൾ അലക്സിന് അവയവങ്ങൾ ദാനം ചെയ്തു. തിരുവനന്തപുരം കിംസില്‍ ഡോക്ടര്‍ ബി. വേണുഗോപാലിൻ്റെ നേതൃത്വത്തില്‍ അലക്സിന്‍റെ വൃക്കയും കരളും മാറ്റിവെച്ചു.

ഏകദേശം 25 ലക്ഷം രൂപയായിരുന്നു അവയവം മാറ്റിവെക്കാന്‍ ആവശ്യമായത്. കൂലിപ്പണിയിലൂടെ കുടുംബം പോറ്റിയിരുന്ന അച്ഛന് മകന്റെ അവയവ മാറ്റിവയ്ക്കൽ അസാധ്യമായിരുന്നു. വീട്ടുകാരോടൊപ്പം നാട്ടുകാരുടെയും ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്‍റെയും സഹായമാണ് അലക്സിന് പുതുജീവൻ നൽകിയത്. ശസ്ത്രക്രിയ കഴിഞ്ഞ് ആറുമാസത്തിനുശേഷമാണ് അലക്സ് സാധാരണ ജീവിതത്തിലേക്ക് തിരികെ എത്തുന്നത്. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പേയാട് സെന്റ്‌ സേവിയേഴ്സില്‍ നിന്നും ഹയർ സെക്കൻഡറി പഠനം പൂര്‍ത്തിയാക്കി. ശാരീരികമായി ബുദ്ധിമുട്ടുകള്‍ തോന്നിയപ്പോള്‍ കുറച്ച് വര്‍ഷങ്ങള്‍ എല്ലാത്തില്‍നിന്നും വിട്ടുനിന്നിരുന്നു.

“ദിവസവും അര മണിക്കൂര്‍ നടക്കാന്‍ പോകും. ആരോഗ്യത്തോടെയിരിക്കാന്‍ എല്ലാരും ചെയ്യുന്നതുപോലുള്ള വ്യായാമങ്ങള്‍ ഞാനും ചെയ്യാറുണ്ട്. പ്രതിരോധത്തിനായുള്ള മരുന്നുകള്‍ ആജീവനാന്തം കഴിക്കണം. എങ്കിലും പഴയ അവസ്ഥയേക്കാള്‍ ഒരുപാട് വ്യത്യാസമുണ്ട്.” അവയവമാറ്റല്‍ ശസ്ത്രക്രിയക്ക് ശേഷമുള്ള പത്ത് വര്‍ഷങ്ങള്‍ എങ്ങനെ എന്ന ചോദ്യത്തിന് അലക്സ് നല്‍കിയ മറുപടി ഇങ്ങനെ.

മരണശേഷം അവയവം ദാനം ചെയ്യാന്‍ ഒരാള്‍ തയ്യാറാകുമ്പോള്‍ ഒരുപാട് പേരുടെ പ്രശ്നങ്ങള്‍ക്കാണ് പരിഹാരമാകുന്നത്. നിരവധി പേരാണ് ആശുപത്രിക്കിടക്കയില്‍ പുതുജീവനു വേണ്ടി കാത്തിരിക്കുന്നത്. അവയവങ്ങള്‍ ദാനം ചെയ്യാന്‍ ഇനിയും ആളുകള്‍ മുന്നോട്ട് വരണമെന്നാണ് അലക്സിന്‍റെ ആഗ്രഹം.

തിരുവനന്തപുരം സ്വദേശിയായ അലക്സ് ഇപ്പോള്‍ കേരള സര്‍വകലാശാലയില്‍ ഹിസ്റ്ററി അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top