അന്വേഷിക്കാന്‍ ഇഡി എത്തുമോ എന്ന് ഭയം; 100 കോടി കോഴയില്‍ അന്വേഷണത്തോട് മുഖം തിരിച്ച് സര്‍ക്കാര്‍
ഇടത് എംഎല്‍എമാരെ എന്‍സിപി അജിത് പവാര്‍ പക്ഷത്തേക്ക് കൂറുമാറ്റാന്‍ തോമസ്.കെ.തോമസ് ശ്രമിച്ചെന്ന ആരോപണത്തില്‍ അന്വേഷണത്തോട് മുഖം തിരിച്ച് സര്‍ക്കാര്‍. ഇടത് എംഎല്‍എമാരായ ആന്റണി രാജുവിനെയും കോവൂര്‍ കുഞ്ഞുമോനെയുമാണ് 100 കോടി നല്‍കി കൂറുമാറ്റാന്‍ ശ്രമിച്ചതായി ആരോപണം ഉയര്‍ന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ഈ ആരോപണം കത്തിച്ചത്.
അന്വേഷണം നടത്തിയാല്‍ ഇഡി ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ കൂടി പിറകെ എത്തുമെന്ന ഭയമാണ് സര്‍ക്കാരിനെ പിന്തിരിപ്പിക്കുന്നത്. അത് കൂടുതല്‍ തലവേദനയാകും എന്ന നിഗമനത്തിലാണ് സര്‍ക്കാര്‍. പ്രതിപക്ഷം അന്വേഷണം ആവശ്യപ്പെട്ടെങ്കിലും ഈ കാര്യത്തില്‍ തന്ത്രപരമായ മൗനമാണ് സര്‍ക്കാര്‍ പിന്തുടരുന്നത്. ഉപതിരഞ്ഞെടുപ്പ് പ്രചരണം നടക്കുമ്പോള്‍ ഈ അന്വേഷണം തിരിച്ചടിക്കും എന്ന നിഗമനമാണ് സര്‍ക്കാരിനും പാര്‍ട്ടിക്കുമുള്ളത്.
തനിക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ പരാതി നല്‍കും എന്ന് പറഞ്ഞ തോമസ്.കെ.തോമസ് ഉള്‍പ്പെടെയുള്ളവരും മൗനത്തിലാണ്. എന്‍സിപി ഈ പ്രശ്നത്തില്‍ തോമസിനോടൊപ്പം ഉറച്ച് നില്‍ക്കുകയാണ്. കോഴ വാഗ്ദാനവുമായി തോമസ് സമീപിച്ചതായി ആന്റണി രാജുവും കോവൂര്‍ കുഞ്ഞുമോനും സ്ഥിരീകരിച്ചിട്ടുണ്ട്. മന്ത്രിസ്ഥാന പ്രശ്നത്തില്‍ എന്‍സിപി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന സമയത്താണ് തോമസ് ഈ നീക്കം നടത്തിയത്.
അന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.സി.ചാക്കോയുമായി തോമസ് അകല്‍ച്ചയിലായിരുന്നു. എന്നാല്‍ ഇന്നു ചാക്കോക്ക് ഒപ്പമാണ് തോമസ് ഉള്ളത്. എന്‍സിപി മന്ത്രി എ.കെ.ശശീന്ദ്രനെ പിന്‍വലിച്ച് തോമസിനെ മന്ത്രിയാക്കണം എന്നാണ് ചാക്കോയുടെ ആവശ്യം. ഇതിനായി മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് സമ്മര്‍ദം ശക്തമാക്കിയപ്പോഴാണ്, ചാക്കോയെ മന്ത്രിയാക്കാത്തത് ഇടത് എംഎല്‍എമാരെ കൂറുമാറ്റാന്‍ ശ്രമിച്ചതിനാലാണ് എന്ന വിവരം മുഖ്യമന്ത്രി പാര്‍ട്ടി സെക്രട്ടേറിയറ്റിനെ അറിയിച്ചത്. ഇതോടെയാണ് ആരോപണം വാര്‍ത്തയായത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here