കടനാട് ബാങ്കിലും സിപിഎമ്മിൻ്റെ കടുംവെട്ട്;100 കോടിയുടെ ക്രമക്കേട്; നിക്ഷേപകർക്ക് പാര്‍ട്ടി നേതാക്കളുടെ ഭീഷണി
ആർ. രാഹുൽ
കോട്ടയം: നിക്ഷേപ തുകകള്‍ മടക്കി കിട്ടാത്തതിനെ തുടര്‍ന്ന് കോട്ടയം ജില്ലയിലെ പാല- കടനാട് സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറിയേയും ജീവനക്കാരെയും നാട്ടുകാര്‍ ഉപരോധിച്ചു. നൂറ് കോടിയുടെ ക്രമക്കേടും തട്ടിപ്പും നടന്നിട്ടുണ്ടെന്നാണ് ആരോപണം. പതിനഞ്ച് വർഷമായി സിപിഎം ഭരിക്കുന്ന ബാങ്കാണിത്.
കഴിഞ്ഞ കുറെ മാസങ്ങളായി നിക്ഷേപകർക്ക് പണം തിരികെ നൽകാത്തതിനെ തുടർന്നാണ് ബുധനാഴ്ച (ഒക്ടോബര്‍ 25) നിക്ഷേപകർ സംഘടിച്ചെത്തി ഉപരോധ സമരം നടത്തിയത് . സെക്രട്ടറി ലവ്ലി ജേക്കബിനെയാണ് വനിതകൾ ഉൾപ്പെടെയുള്ള ഇരുനൂറിലധികം വരുന്ന നിക്ഷേപകർ തടഞ്ഞ് വച്ചത്.പണം തിരികെ ലഭിക്കുന്നതിന് വേണ്ടി കേസും നിയമനടപടികളുമായി പോകാനാണ് നിക്ഷേപകരുടെ തീരുമാനം. പണം തിരിച്ചു നല്‍കുമെന്ന് ബാങ്ക് അധികൃതര്‍ ഉറപ്പ് നല്‍കിയതോടെ സമരം അവസാനിപ്പിച്ചു . ഒരു നിക്ഷേപകൻ ബാങ്കിനെതിരെ ഹൈക്കോടതിയിൽ കേസ് നൽകിയതിനെ തുടർന്ന് നിക്ഷേപം വിതരണം ചെയ്യുന്നത് കോടതി തടഞ്ഞെന്നും ഇതിനാലാണു പണം നൽകാത്തതെന്നും പ്രസിഡന്റ് തങ്കച്ചൻ വഞ്ചിക്കച്ചാലിൽ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.
സമീപ കാലത്ത് തകര്‍ന്ന സഹകരണ ബാങ്കുകളില്‍ നടത്തിപ്പുകാര്‍ അവലംബിച്ച അതെ തട്ടിപ്പ് മാതൃകകളാണ് കടനാട്ടിലും അരങ്ങേറിയത്. ഒരേ സ്ഥലം പലരുടെ പേരിൽ പണയപ്പെടുത്തിയാണ് തട്ടിപ്പ്. കൊല്ലപ്പള്ളിയില്‍ ഹെഡ് ഓഫീസും, കടനാട്, മാനത്തൂര്‍, മറ്റത്തിപ്പാറ എന്നിവിടങ്ങളില്‍ ബ്രാഞ്ചുകളുമടക്കം 9000 അംഗങ്ങളുമായി മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്ന ബാങ്കാണ് കടനാട് സർവീസ് സഹകരണ ബാങ്ക്. എന്നാൽ നിലവിൽ ചെറിയ നിക്ഷേപ തുക പോലും മടക്കി നൽകാനാവാത്ത സ്ഥിതിയിലാണ്. പണം ആവശ്യപ്പെടുന്നവരെ സിപിഎം നേതാക്കൾ ഭീഷണിപ്പെടുത്തുന്നതായും പരാതികളുണ്ട്.
സിപിഎം പ്രാദേശിക നേതാക്കളായ ഭരണസമിതി അംഗങ്ങളും ബാങ്ക് ജീവനക്കാരും ഉൾപ്പെടെ ആറ് പേരാണ് തട്ടിപ്പിന് പിന്നിലെന്ന് നിക്ഷേപകർ ആരോപിക്കുന്നു . 52 കോടി നിക്ഷേപമുള്ള ബാങ്കിൽ 90 കോടി രൂപയ്ക്ക് മുകളിലാണ് നിലവിൽ വായ്പയായി നൽകിയിരിക്കുന്നത്. ഒരേ സർവേ നമ്പറിലുള്ള സ്ഥലത്തിന്റെ ആധാരമുപയോഗിച്ച് പാർട്ടി നേതാക്കളുടെ ബന്ധുക്കൾക്കും ബോർഡ് അംഗങ്ങളുടെ വേണ്ടപ്പെട്ടവർക്കും മതിയായ രേഖകളോ പരിശോധനയോ ഇല്ലാതെ കോടികളാണ് വായ്പയായി നൽകിയിരിക്കുന്നത്. 2018 ൽ തന്നെ ബാങ്കിൻ്റെ തട്ടിപ്പ് കണ്ടെത്തി സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ യൂണിറ്റ് ഇൻസ്പെക്ടർ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ ഈ വിവരം മറച്ച് വെച്ച് നാല് വർഷമായി നിക്ഷേപങ്ങൾ സ്വീകരിക്കുന്നുണ്ടെന്നും നിക്ഷേപകരുടെ നേതൃത്വത്തിലുള്ള സമരസമിതി ആരോപിക്കുന്നു.
മുൻ ബാങ്ക് സെക്രട്ടറിയും പൂഞ്ഞാർ സിപിഎം ഏര്യാ കമ്മിറ്റി സെക്രട്ടറി കുര്യാക്കോസ് ജേക്കബിന്റെ സഹോദരി സ്മിതാ ജോസ്, ബാങ്കിലെ ജീവനക്കാരനും കുര്യാക്കോസിന്റെ മകൻ എന്നിവരുടെ ഒത്താശയോടെയാണ് മുഴുവൻ തട്ടിപ്പുകളും നടന്നതെന്ന് സമരസമിതി അംഗമായ ജോയ്സ് മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.
പ്രാദേശിക സിപിഎം നേതാവായ മനു വാളിക്കുളത്തിന്റെ 90 വയസ് കഴിഞ്ഞ മുത്തച്ഛൻ വി.ഡി. ദേവസ്യയുടെ പേരിലുള്ള ഭൂമിയിൽ 11 വ്യക്തികളുടെ പേരിലായി രണ്ട് കോടി 20 ലക്ഷം രൂപയും ലോൺ എടുത്തിട്ടുണ്ട്. മനുവിന്റെ പേരിലുള്ള ഭൂമിയിൽ നാല് പേർക്കായി 70 ലക്ഷം രൂപയും വായ്പ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതേവരെ നയാ പൈസ ആരും തിരിച്ചടച്ചിട്ടില്ലെന്നും ജോയ്സ് ആരോപിച്ചു.
ബാങ്കിലെ വായ്പാകുടിശിക മുതലിനത്തിൽ 26.5%വും പലിശ ഇനത്തിൽ 50.35% വും കുടിശികയാണെന്ന് 2018ൽ നടത്തിയ ഓഡിറ്റിൽ കണ്ടെത്തിയിരുന്നു. ഇവയിൽ ഭൂരിഭാഗവും പാർട്ടി നേതാക്കളും അന്നത്തെ ബോർഡ് അംഗങ്ങളും സ്വന്തക്കാർക്ക് അനധികൃതമായി തരപ്പെടുത്തി കൊടുത്ത വായ്പയാണ് എന്നും സമരസമിതി അംഗങ്ങൾ ആരോപിക്കുന്നു.
വായ്പ നല്‍കിയ അപേക്ഷകളൊന്നും പൂർണമല്ലെന്നും അപേക്ഷകളിൽ സെക്രട്ടറി റിപ്പോർട്ട് രേഖപ്പെടുത്തുകയോ ഒപ്പ് വയ്ക്കുകയോ ചെയ്തിട്ടില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. അപേക്ഷക്കൊപ്പം സമർപ്പിച്ചിരുന്ന രേഖകളും പൂർണമല്ല. എന്നിട്ടും വായ്പകൾ അനുവദിച്ചതിൽ ക്രമക്കേട് ഉണ്ടെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here