ചപ്പാത്തിക്ക് നാളെ 100 വയസ്; ആദ്യമായി ചുട്ടുവിളമ്പിയത് വൈക്കം സത്യഗ്രഹ വേളയില്‍; ശതാബ്ദി ആഘോഷിക്കാന്‍ കഥ സാഹിത്യ സംഘടന

മാവേലിക്കര: കേരളത്തില്‍ ആദ്യമായി ചപ്പാത്തി ചുട്ടിറങ്ങിയിട്ട് നൂറ് വര്‍ഷം തികയുന്നു. വൈക്കം സത്യഗ്രഹ കാലത്താണ് ചപ്പാത്തി പഞ്ചാബില്‍നിന്ന് കടല്‍ കടന്ന് മലയാളികളുടെ അടുക്കളയിലേക്ക് കുടിയേറിയത്. നൂറ് വയസ് തികയുന്ന ചപ്പാത്തിയുടെ ശതാബ്ദി ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് വൈക്കം സത്യഗ്രഹ നായകനായ ടികെ മാധവന്‍റെ ജന്മനാടായ മാവേലിക്കര.

കഥ സാഹിത്യ സംഘടനയാണ് ശതാബ്ദി ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഏപ്രില്‍ 29 ഞായറാഴ്ച മാവേലിക്കര രാജാ രവിവര്‍മ ഫൈന്‍ ആര്‍ട്സ് കോളജില്‍ നടക്കുന്ന സമ്മേളനം എംഎസ് അരുണ്‍കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. പഞ്ചാബിലെ ലുധിയാനയില്‍ നിന്നുള്ള രാജ വീരേന്ദ്ര സിങ് പരിപാടിയില്‍ മുഖ്യാതിഥിയാകും. നോവലിസ്റ്റ് കെകെ സുധാകരനാണ് അധ്യക്ഷന്‍.

വൈക്കം സത്യഗ്രഹത്തിലെ സമരക്കാര്‍ക്ക് മുന്നിലാണ് ചപ്പാത്തി ആദ്യമായി പ്രത്യക്ഷപ്പെട്ടത്. സമരക്കാര്‍ക്ക് പിന്തുണ അറിയിച്ച പട്യാല രാജാവും സിഖുകാരും മൂന്ന് കണ്ടയ്നര്‍ ഗോതമ്പാണ് കറാച്ചി തുറമുഖത്തുനിന്ന് കപ്പല്‍മാര്‍ഗം വഴി കൊച്ചിയിലേക്ക് അയച്ചത്. പട്യാല സംസ്ഥാന മന്ത്രിയും മലയാളിയുമായ സര്‍ദാര്‍ കെഎം പണിക്കര്‍ വഴിയാണ് സിഖുകാര്‍ സത്യഗ്രഹത്തെ കുറിച്ച് അറിഞ്ഞത്.

പഞ്ചാബ് പ്രബന്ധക് ശിരോമണി കമ്മിറ്റിയുടെ നിർദേശപ്രകാരം
ലാല്‍ സിങ്ങിന്റെയും ബാബാ കൃപാല്‍ സിങ്ങിന്റെയും നേതൃത്വത്തില്‍ എണ്‍പതോളം പേരടങ്ങുന്ന അകാലി സംഘം കേരളത്തിലെത്തി. കൊച്ചിയില്‍ സൂക്ഷിച്ചിരുന്ന ഗോതമ്പ് ഉണക്കി പൊടിച്ച് ചാക്കുകളിലാക്കി വൈക്കത്ത് എത്തിച്ചു. 1924 ഏപ്രില്‍ 29നാണ് വൈക്കത്തെ ഭക്ഷണശാലകളില്‍ ആദ്യത്തെ ചപ്പാത്തി ചുട്ടിറങ്ങിയത്. 58ദിവസം സിഖുകാര്‍ സത്യഗ്രഹികള്‍ക്ക് സൗജന്യമായി ചപ്പാത്തിയും ദാല്‍ കറിയും പാചകം ചെയ്ത് കൊടുത്തു. ജൂണ്‍ 25ന് ഭക്ഷണശാല നിര്‍ത്തിയെങ്കിലും ചപ്പാത്തി ഇന്നും മലയാളികളുടെ തീന്‍മേശയില്‍ പ്രധാന വിഭവങ്ങളില്‍ ഒന്നുതന്നെയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top