എന്റെ ഡാഡിക്ക് പറ്റിയത് ആര്‍ക്കുമുണ്ടാകരുത്; ഒരു കൊച്ചും ഇതുപോലെ കരയരുത്; കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ മകള്‍ അല്‍നയുടെ വാക്കുകള്‍ നൊമ്പരപ്പെടുത്തുന്നു
വയനാട്: നിനച്ചിരിക്കാതെ അച്ഛനെ നഷ്ടപ്പെട്ടതിന്റെ രണ്ടാംനാള്‍ വീട്ടിലെത്തിയ പ്രതിപക്ഷനേതാവ് വിഡി സതീശനോട് അജീഷിന്റെ മകള്‍ എട്ടാം ക്ലാസുകാരി അല്‍ന പറഞ്ഞ വാക്കുകളില്‍ ഒരു നാടിന്റെ മുഴുവന്‍ നൊമ്പരമുണ്ട്. തന്നെപ്പോലെ വയനാട്ടില്‍ ഇനിയൊരു കുഞ്ഞും കരയാന്‍ പാടില്ലെന്നാണ് കരച്ചിലടക്കി ദൃഢമായി അല്‍ന ആവശ്യപ്പെട്ടത്. അച്ഛനെ നഷ്ടപ്പെട്ടതിന്റെ നൊമ്പരവും നിരാശയുമെല്ലാം വ്യക്തമാക്കുന്നതായിരുന്നു അല്‍നയുടെ വാക്കുകള്‍.
‘എന്റെ ഡാഡി കൃഷിക്കാരനായിരുന്നു. കൃഷി ചെയ്യുന്നതെല്ലാം ഒരോ ജീവികള്‍ വന്ന് നശിപ്പിക്കുകയാണ്. കാട്ടിലെ ആനകള്‍ എന്തിനാണ് നാട്ടിലിറങ്ങുന്നത്. കാട്ടില്‍ വെള്ളമില്ലേ ഭക്ഷണമില്ലേ. പിന്നെന്തിനാണ് നാട്ടില്‍ വരുന്നത്. വയനാട്ടില്‍ ജനങ്ങള്‍ കടുവയുടേയും ആനയുടേയും ആക്രമണത്തില്‍ മരിക്കുകയാണ്. ഇതിനൊരു പോംവഴി കാണണം. മൂന്ന് മാസം മുമ്പ് ഇവിടെ ആനയിറങ്ങിയിരുന്നു. എന്റെ ഡാഡിയും കുറച്ച് ചേട്ടന്‍മാരും കൂടി കാടുകയറ്റി വിട്ടു. ഇപ്പോള്‍ ആന വന്നപ്പോഴും ഡാഡിയും ചേട്ടന്‍മാരും മാത്രമാണ് പോയത്. ഡാഡിക്ക് ഓടാന്‍ പറ്റാത്തോണ്ടല്ലേ ഇങ്ങനെ സംഭവിച്ചത്. ഡാഡിക്ക് പറ്റിയത് ഇനിയൊരു സ്ത്രീക്കും പുരുഷനും സംഭവിക്കില്ലെന്ന് വാക്ക് തരണം’. അല്‍ന ആവശ്യപ്പെടുന്നു.
കേട്ടുനിന്നവരെയെല്ലാം ഏറെ വിഷമിപ്പിക്കുന്നതായിരുന്നു അല്‍നയുടെ വാക്കുകള്‍. വയനാട്ടിലെ ജനങ്ങളുടെ ദുരിതം മുഴുവന്‍ വരച്ച് കാട്ടുന്നതും. ഏറെ വികാരാധീനനായാണ് പ്രതിപക്ഷ നേതാവും ഈ വാക്കുകള്‍ കേട്ടു നിന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here