11 വർഷം പാഴാക്കിയ സീ പ്ലെയിൻ!! കമ്പ്യൂട്ടർ, മൊബൈൽ… നെടുമ്പാശേരി, മെട്രോ, ഗെയിൽ, വിഴിഞ്ഞം പദ്ധതികൾ വരെ; പട്ടികയിലൊന്ന് കൂടി

“പദ്ധതി നടപ്പായാൽ ആലപ്പുഴ വേമ്പനാട് കായലിലെ ആര്യാട് ഭാഗത്ത് മാത്രം 20000ലേറെ പേർക്ക് തൊഴിൽ നഷ്ടമാകും. അഷ്ടമുടിക്കായൽ പ്രദേശത്തെ ഉൾനാടൻ മത്സ്യതൊഴിലാളികൾക്കും തൊഴിൽ നഷ്ടമാവും. ഒരു പഠനവും നടത്താതെയാണ് ജലവിമാന പദ്ധതി നടപ്പാക്കുന്നത്. രാജ്യത്തെ ആദ്യ പദ്ധതിക്ക് പാരിസ്ഥിതിക പഠനവും നടത്തിയില്ല”- 11 വർഷം മുൻപ് സീ പ്ലെയിൻ പദ്ധതിയെക്കുറിച്ച് ഇങ്ങനെയൊക്കെയാണ് ദേശാഭിമാനി ഉത്കണ്ഠപ്പെട്ടത്. സർക്കാരിന് തുശ്ചമായ വരുമാനം മാത്രം ലഭിക്കാനിടയുള്ള ഈ പദ്ധതിക്കായി കോടികൾ തുലയ്ക്കുന്നു എന്നൊക്കെയാണ് പാർട്ടി പത്രവും അന്നത്തെ പ്രതിപക്ഷവും പറഞ്ഞിരുന്നത്.
അന്ന് മുടക്കിയ പദ്ധതി പതിനൊന്ന് വർഷത്തിന് ശേഷം അതേ പേരിൽ ഇടത് സർക്കാർ നടപ്പിലാക്കുമ്പോൾ തൊഴിൽ നഷ്ടത്തെക്കുറിച്ചോ, പാരിസ്ഥിതിക പഠനത്തെക്കുറിച്ചോ, സിപിഎമ്മോ ദേശാഭിമാനിയോ മിണ്ടുന്നില്ല. കേരളത്തിന്റെ വികസന സ്വപ്നങ്ങളിലേക്ക് പുത്തൻചിറക് വിരിച്ച പദ്ധതിയെന്നാണ് ഇന്ന് സീ പ്ലെയിൻ പദ്ധതിയെ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് വിശേഷിപ്പിക്കുന്നത്. കൊച്ചി ബോൾഗാട്ടിയിൽ നിന്ന് ഇടുക്കി മാട്ടുപ്പെട്ടിയിലേക്ക് ആയിരുന്നു പരീക്ഷണ പറക്കൽ. ഒരു പതിറ്റാണ്ട് മുമ്പ് നടപ്പാകേണ്ട കടൽ വിമാന പദ്ധതി, വികസനത്തിൻ്റെ കുതിപ്പാണെന്ന ഇപ്പോൾ അവകാശപ്പെടുന്ന ഭരണപക്ഷത്തിനെതിരെ വ്യാപക വിമർശനമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

2013 ജൂൺ രണ്ടിനാണ് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി കൊല്ലം ആശ്രാമത്ത് അഷ്ടമുടിക്കായലിൽ സീ പ്ലെയിൻ പദ്ധതി ഫ്ളാഗ് ഓഫ് ചെയ്തത്. അവിടെ നിന്ന് വിമാനം ആലപ്പുഴ പുന്നമട കായലിൽ ലാൻഡ് ചെയ്യാനായിരുന്നു തീരുമാനം. എന്നാൽ പുന്നമടയിൽ മത്സ്യതൊഴിലാളികളുടെ നേതൃത്വത്തിൽ ഹൗസ് ബോട്ടുകളും മീൻപിടുത്ത ബോട്ടുകളും നിരത്തി ഇട്ട് ശക്തമായ പ്രതിഷേധം ഉയർത്തിയതോടെ വിമാനം കൊച്ചിയിലേക്ക് പോയി. അതോടെ സീ പ്ലെയിൻ പദ്ധതി എന്നത്തേക്കുമായി പൂട്ടിക്കെട്ടി. പരസ്യയിനത്തിലും മറ്റുമായി ഏതാണ്ട് 10 കോടി രൂപ ചെലവാക്കി തുടങ്ങിയ പദ്ധതിക്ക് പിറന്ന ദിവസം തന്നെ അന്ത്യകൂദാശയും നടത്തിയ അനുഭവം കേരളത്തിന് പെട്ടെന്ന് മറക്കാനാവില്ല.
പാരിസ്ഥിതിക പ്രശ്നം, പരമ്പരാഗത തൊഴിലാളികളുടെ തൊഴിൽ നഷ്ടം, ചർച്ച ഇല്ലാതെ കൊണ്ടുവന്ന പദ്ധതി എന്നൊക്കെയുള്ള ആക്ഷേപങ്ങൾ ഉന്നയിച്ചാണ് സിപിഎമ്മും തൊഴിലാളി സംഘടനകളും അന്ന് സമരം നടത്തിയത്. ഇവർക്കൊപ്പം ചില തട്ടിക്കൂട്ട് പരിസ്ഥിതി സംഘടനകളും ലത്തീൻ സഭയും മറ്റ് ചില സമുദായ സംഘടനകളും ചേർന്നു. മീനുകളുടെ പ്രജനനത്തെ ബാധിക്കും, ആവാസ വ്യവസ്ഥ തകരും, ചീനവലകൾ തകരും, മത്സ്യത്തൊഴിലാളികളുടെ ജീവനോപാധികൾ നഷ്ടപ്പെടും എന്നൊക്കെയാണ് പുകിലുണ്ടാക്കിയത്. ഇന്നിപ്പോൾ ഏതെങ്കിലും തൊഴിലാളി സംഘടനയുമായി ചർച്ച നടത്തിയെന്ന് പോലും ആരും പറയുന്നില്ല. വന്യമൃഗങ്ങളുടെ കാര്യത്തിൽ സർക്കാർതല ചർച്ചകളിൽ ആശങ്ക അറിയിച്ച വനംവകുപ്പിനെ പോലും പരിഗണിക്കാതെ പ്ലെയിൻ പറന്നുയർന്ന് കഴിഞ്ഞു; വനത്തോട് ചേർന്ന മാട്ടുപ്പെട്ടി ഡാമിൽ ചെന്നിറങ്ങുകയും ചെയ്തു.
സംസ്ഥാനത്ത് ഇതുവരെയുള്ള വികസന പദ്ധതികളുടെ ചരിത്രവും ഏതാണ്ട് ഇങ്ങനെയാക്കെയാണ്. പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ ആദ്യം എതിർക്കുക, പിന്നെ അധികാരത്തിൽ വരുമ്പോൾ നടപ്പാക്കുക. ഇതാണ് സിപിഎം സ്റ്റൈൽ. നെടുമ്പാശ്ശേരി വിമാനത്താവളം, മെട്രോ റെയിൽ, ഗെയിൽ വാതക പദ്ധതി, വിഴിഞ്ഞം തുറമുഖം, കണ്ണൂർ വിമാനത്താവളം, മൊബൈൽ ഫോൺ, യൂബർ ടാക്സി ഇങ്ങനെ എല്ലാത്തരം വികസന പദ്ധതികളേയും കണ്ണടച്ച് എതിർക്കുകയാണ് സിപിഎം ചെയ്തിട്ടുള്ളത്. ഇത്തരം പിന്തിരിപ്പൻ സമീപനങ്ങൾ നിമിത്തം സംസ്ഥാനത്തിൻ്റെ വികസന പ്രക്രിയകൾ പൂർത്തിയാവാൻ പതിറ്റാണ്ടുകൾ വേണ്ടിവരുന്നു. തൊഴിൽ നഷ്ടവും വികസന മുരടിപ്പും വിട്ടുമാറാതെ നിൽക്കുന്നു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ വ്യത്യസ്ത പാർട്ടികൾ സർക്കാരുകൾ അധികാരത്തിൽ വരുമ്പോഴും വികസന പദ്ധതികൾ മുടക്കാറില്ല. ഇവിടെയാകട്ടെ വികസനം മുടക്കൽ പാർട്ടി പരിപാടി പോലെ തുടരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here