ദന്തചികിൽസക്ക് മന്ത്രി ബിന്ദുവിന് 11290 രൂപ; ജനപ്രതിനിധികളുടെ ചികിൽസാ ചിലവ് ചർച്ചയാകുന്നു

തിരുവനന്തപുരം: ക്ഷേമപെൻഷൻ കിട്ടാത്ത സ്ത്രീകൾ പിച്ചതെണ്ടുന്ന നാട്ടിൽ മന്ത്രിയുടെ പല്ലുവേദന ചികിത്സിക്കാൻ 11290 രുപ; മന്ത്രി ബിന്ദുവിൻ്റെ കണ്ണട വിവാദത്തിന് പിന്നാലെ ജനപ്രതിനിധികളുടെ ചികിൽസാ ചിലവ് ചർച്ചയാകുന്നു

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍.ബിന്ദു 30,500 രൂപയുടെ കണ്ണട വാങ്ങിയതിന്റെ തുക ഖജനാവിൽ നിന്ന് എഴുതിയെടുത്ത വാർത്ത വലിയ വിവാദമായതിന് പിന്നാലെ പല്ലുവേദനക്ക് ചികിത്സ തേടിയതിൻ്റെ പേരിൽ 11,290 രൂപ വാങ്ങിയതിൻ്റെ രേഖ മാധ്യമ സിൻഡിക്കറ്റ് പുറത്തു വിടുന്നു. സാമ്പത്തിക പ്രതിസന്ധി മൂലം പെൻഷൻ കിട്ടാത്ത പാവപ്പെട്ട രണ്ട് വൃദ്ധ സ്ത്രീകൾ ഭിക്ഷയെടുക്കുന്ന വാർത്തയും ദൃശ്യങ്ങളും പൊതുജനമധ്യത്തിൽ ചർച്ച ചെയ്യപ്പെടുന്ന വേളയിലാണ് കണ്ണടക്ക് പിന്നാലെ പല്ല് വേദനക്കും മന്ത്രി ബിന്ദു സര്‍ക്കാരിൽ നിന്ന് തുക പറ്റിയെന്ന ഉത്തരവ് പുറത്തു വരുന്നത്.

പല്ലുവേദനയുടെ ചികില്‍സക്ക് ചിലവായ 11,290 രൂപ മന്ത്രിക്ക് അനുവദിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവാണ് ഒടുവിൽ പുറത്തുവന്നത്. ഇരിഞ്ഞാലക്കുട പ്രാസി സെന്റല്‍ ക്ലിനിക്കില്‍ ആയിരുന്നു മന്ത്രിയുടെ ദന്ത ചികില്‍സ.

സാമ്പത്തിക പ്രതിസന്ധി കാലത്ത് മന്ത്രിമാരുടെയും എംഎൽഎമാരുടേയും എല്ലാ ചെലവുകളും ജനങ്ങളുടെ കീശയില്‍ നിന്ന് വേണമെന്ന് ആവശ്യപ്പെടുന്നത് ശരിയാണോ എന്ന ചോദ്യമാണ് ഉയരുന്നത്. 1.22 കോടിയുടെ ആസ്തിയാണ് ഡോ.ആര്‍ ബിന്ദു തന്റെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ കാണിച്ചിരിക്കുന്നത്. പക്ഷേ, മന്ത്രിയുടെയും നിയമസഭാംഗങ്ങളുടേയും ജീവിത ചെലവുകൾ മുഴുവന്‍ ജനങ്ങളുടെ തലയിലാണെന്നതാണ് അവസ്ഥ.

മന്ത്രി ബിന്ദു 30,500 രൂപയുടെ കണ്ണട വാങ്ങിയെന്ന് പറഞ്ഞ് പ്രതിപക്ഷ അനുഭാവികൾ സമൂഹമാധ്യമങ്ങളിൽ ചന്ദ്രഹാസമിളക്കുന്നതിനിടയിലാണ് കോൺഗ്രസ്, മുസ്ലീം ലീഗ് എംഎൽഎമാരും വില കൂടിയ കണ്ണടകൾ വാങ്ങിയതിൻ്റെ കണക്കുകളും പുറത്തുവന്നത്. എൽദോസ് കുന്നപ്പള്ളി 35842, ടി.ജെ. വിനോദ് 31600, മഞ്ഞളാംകുഴി അലി 29400, ആബിദ് ഹുസൈൻ തങ്ങൾ 26800, ഡോ. മാത്യൂ കുഴൽ നാടൻ 27700, പി. ഉബൈദുള്ള 25950, സണ്ണി ജോസഫ് 23500 എന്നിങ്ങനെയുള്ള തുകകളാണ് ലീഗ് – കോൺഗ്രസ് സാമാജികർ വാങ്ങി എടുത്തത്. വില കൂടിയ കണ്ണടയുടെ കാശ് വാങ്ങുന്നതിൽ ഭരണ- പ്രതിപക്ഷ വ്യത്യാസമില്ലെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.

ക്ഷേമ പെന്‍ഷന്‍ പോലും കൊടുക്കാന്‍ പണമില്ലാതെ പൂച്ച പെറ്റു കിടക്കുന്ന ഖജനാവില്‍ നിന്ന് കണ്ണടക്കും പല്ല് വേദനക്കും ചെലവായ തുക വേണമെന്ന മന്ത്രിമാരും എംഎൽഎമാരുടേയും ശാഠ്യങ്ങൾ ഒരു തരത്തിലും ന്യായീകരിക്കാന്‍ സാധിക്കുന്നതല്ല എന്നതാണ് പരമാർത്ഥം.

ദന്ത ചികില്‍സക്ക് ചെലവായ തുക നല്‍കണമെന്ന് 2022 ജനുവരി 11 ന് മന്ത്രി ബിന്ദു മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. 2022 ജൂലൈ 14 ന് ചികില്‍സ ചെലവ് അനുവദിച്ച് പൊതുഭരണ വകുപ്പില്‍ നിന്ന് ഉത്തരവും ഇറങ്ങി. സാമ്പത്തിക പ്രതിസന്ധി കാലത്ത് 30,500 രൂപയുടെ കണ്ണട വാങ്ങിയത് ശരിയാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി അര്‍ഹിക്കുന്നില്ല എന്നായിരുന്നു മന്ത്രി ബിന്ദുവിൻ്റെ മറുപടി. താൻ മാത്രമല്ല പ്രതി പക്ഷ എംഎൽഎമാരും കണ്ണടയുടെ തുക വാങ്ങിയിട്ടുണ്ടെന്നും ഡോ. ബിന്ദു തന്നെ വെളുപ്പെടുത്തിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top