‘ഹലാലായ ആടുകച്ചവടം’ ഇനി ക്രൈംബ്രാഞ്ചിന്; 115 കേസുകളിൽ സമഗ്ര അന്വേഷണത്തിന് ഹൈക്കോടതി നിർദേശം

ആട്, തേക്ക്, മാഞ്ചിയം എന്നിവയെല്ലാം വളർത്തി വിറ്റ് വൻതോതിൽ ലാഭമുണ്ടാക്കി തരുമെന്ന് വിശ്വസിപ്പിച്ച് മലയാളികളെ കബളിപ്പിച്ച സംഘങ്ങൾ കേരളം നിറഞ്ഞാടിയത് 1990കളിലാണ്. മുപ്പത് വർഷം എത്തുമ്പോൾ വെറും ലാഭം മുൻനിർത്തി മാത്രമല്ല, ഒരുവിഭാഗം ആളുകളുടെ മതവിശ്വാസത്തെ കൂടി ചൂഷണം ചെയ്താണ് മറ്റൊരു സംഘം ‘ഹലാലായ ആടുകച്ചവടം’ എന്ന പേരിൽ വൻതുകകൾ പിരിച്ചത്. മോഡസ് ഓപ്പറാണ്ടി പഴയതുതന്നെ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ആട്ടിൻകുഞ്ഞുങ്ങളെ കൊണ്ടുവന്ന് വളർത്തി വലുതാക്കി വിറ്റ് ലാഭം നൽകും എന്നായിരുന്നു വാഗ്ദാനം.

മലപ്പുറം ജില്ലയിൽ നിന്നുള്ള ഒരുസംഘമാണ് തട്ടിപ്പിന് പിന്നിൽ. കെ.വി.സലീഖ്, റിയാസ് ബാബു എന്നീ പേരുകളാണ് ഹർജിയിലുള്ളത്. ഇവരിലൊരാൾ മലപ്പുറത്തെ പ്രമുഖ മതപണ്ഡിതൻ്റെ മകനാണെന്നും ആ വഴിക്കുള്ള സ്വാധീനം ഉപയോഗിച്ച് പലരെയും പദ്ധതിയിലേക്ക് ആകർഷിച്ചെന്നും പരാതിയുണ്ട്. മതവിശ്വാസം അനുസരിച്ച് വരുമാനമെന്ന വാഗ്ദാനത്തിലാണ് പലരും വീണുപോയത്. 25,000 രൂപ മുതൽ ലക്ഷങ്ങൾ വരെ നിക്ഷേപിച്ചവരുണ്ട്. പഴയ തട്ടിപ്പിൻ്റെ മാതൃകയിൽ തന്നെ 5000 രൂപയുടെ വീതം ഷെയറുകളാണ് വിതരണം ചെയ്തത്. ഷെയര്‍ ഒന്നിന് ലാഭവിഹിതമായി മാസം 300 മുതല്‍ 500 രൂപ വരെ ലഭിക്കും. എപ്പോള്‍ വേണമെങ്കിലും പണം പിന്‍വലിക്കുകയും ചെയ്യാമെന്നായിരുന്നു പറഞ്ഞിരുന്നത്.

20 ലക്ഷം നഷ്ടപ്പെട്ട കാലടി ഒക്കൽ സ്വദേശി ടി.എ.ഷിയാസ് അടക്കം രണ്ടുകൂട്ടരാണ് ഹൈക്കോടതിയെ സമീപിച്ചത്. സംസ്ഥാനത്താകെ പലരിൽ നിന്നായി 20 കോടിയെങ്കിലും പ്രതികൾ തട്ടിയെടുത്തിട്ടുണ്ട് എന്ന് ഹർജിയിൽ പറയുന്നു. പോലീസിൽ പരാതി നൽകിയിട്ട് ഫലമൊന്നും ഉണ്ടായിട്ടില്ല. സംസ്ഥാനത്താകെ 115 കേസുകൾ റജിസ്റ്റർ ചെയ്തെങ്കിലും പ്രതികൾക്കെതിരെ നടപടിയൊന്നും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ടായിരുന്നു ഹർജി.

തിരുവനന്തപുരം നെടുമങ്ങാട് കേന്ദ്രമാക്കി വഞ്ചിക്കപ്പെട്ടവരുടെ കൂട്ടായ്മയെന്ന പേരിൽ രൂപീകരിച്ച വെൽഫെയർ അസോസിയേഷൻ ഓഫ് പുവർ ആൻഡ് ഡിസീവ്ഡ് പീപ്പിൾ എന്ന സംഘടനയും ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി, സിബിഐ ഡയക്ടർ, ചീഫ് സെക്രട്ടറി, ഡിജിപി തുടങ്ങിയവരെ എതിർകക്ഷികളാക്കി ആയിരുന്നു ഹർജി. സംസ്ഥാനത്താകെ റജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ വിവരങ്ങൾ പട്ടികയാക്കി ഡിജിപി ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. ഹർജിക്കാരുടെ പരാതികൾ മാത്രമല്ല പട്ടികയിൽ പെട്ടിട്ടുള്ള 115 കേസുകളും അന്വേഷിക്കാനാണ് ജസ്റ്റിസ് ബച്ചു കുര്യൻ തോമസിൻ്റെ ഉത്തരവ്.

2015 മുതൽ ഈ ഇടപാടുകൾ നടന്നിട്ടുണ്ട് എങ്കിലും 2019 മുതലാണ് സജീവമായത്. 2022 മുതലാണ് പോലീസിൽ പരാതികൾ എത്തിതുടങ്ങിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top