13 പശുക്കള്‍ ഒറ്റദിവസം ചത്തു; കാരണമറിയാതെ മാത്യുവും ജോര്‍ജും, എല്ലാ സഹായവും നല്‍കുമെന്ന് മന്ത്രി ചിഞ്ചുറാണി
ഇടുക്കി: തൊടുപുഴ വെള്ളിയാമറ്റത്ത് 13 പശുക്കള്‍ ഒന്നിച്ചു ചത്തു. പതിനേഴും പതിനഞ്ചും വയസുള്ള സഹോദരങ്ങളായ ജോര്‍ജും മാത്യുവും നടത്തുന്ന ഫാമിലെ പശുക്കളാണ് ഇന്നലെ രാത്രി 10 മണിയോടെ ചത്തത്. കര്‍ഷകര്‍ക്ക് ഉണ്ടായ നഷ്ടം നികത്താന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. നാളെ കുട്ടികര്‍ഷകരുടെ വീട് മന്ത്രി സന്ദര്‍ശിക്കും.
ഇന്നലെ രാത്രി ആഹാരം കൊടുത്ത ശേഷം രണ്ട് മണിക്കൂര്‍ കഴിഞ്ഞാണ് പശുക്കള്‍ ചത്തു വീഴാന്‍ തുടങ്ങിയത്. 22 പശുക്കള്‍ ഉള്ളതില്‍ 13 എണ്ണമാണ് ചത്തത്. പെട്ടന്ന് ഇങ്ങനെ സംഭവിക്കാന്‍ കാരണം എന്താണെന്ന് അറിയില്ലെന്ന് ജോര്‍ജ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. ഒരാഴ്ചയായി പശുക്കള്‍ക്ക് കപ്പത്തൊണ്ട് കൊടുക്കുന്നുണ്ട്. ചില കപ്പത്തൊണ്ട് കഴിച്ചാല്‍ വിഷബാധ ഏല്‍ക്കാന്‍ സാധ്യതയുണ്ട്. ഇതാകാം കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് മന്ത്രി ചിഞ്ചുറാണി പറഞ്ഞു. പോസ്റ്റുമോര്‍ട്ടം നടക്കുകയാണ്. അതിനുശേഷമേ കൃത്യമായ കാരണം അറിയാന്‍ സാധിക്കൂവെന്നും മന്ത്രി പറഞ്ഞു. മൃഗസംരക്ഷണ വകുപ്പിലെയും ആരോഗ്യ വകുപ്പിലെയും ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ഒരു പശുവിന്റെ നില വഷളായി തുടരുകയാണ്. ബാക്കിയുള്ളവയ്ക്കും ചികിത്സ ഉറപ്പാക്കിയിട്ടുണ്ട്. കറവപ്പശുക്കളാണ് ചത്തതെല്ലാം, ഇനിയുള്ളതെല്ലാം കിടാങ്ങളാണ്.
2021ല്‍ കുട്ടികര്‍ഷകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയിട്ടുണ്ട് മാത്യു. ക്ഷീരകര്‍ഷകനായിരുന്ന പിതാവ് ബെന്നി 2020ല്‍ മരിച്ചതിന് ശേഷമാണ് ജോര്‍ജും മാത്യുവും ഫാം ഏറ്റെടുത്തത്. മാത്യുവാണ് പശുക്കളുടെ കാര്യങ്ങള്‍ കൂടുതലും നോക്കിയിരുന്നത്. സംഭവത്തിനെ തുടര്‍ന്ന് മാനസിക സമ്മര്‍ദ്ദത്തിലായ മാത്യു ആശുപത്രിയിലാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here