സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എട്ടിൻ്റെ പണി; യുപിയില്‍ 13 ലക്ഷം പേർക്ക് ശമ്പളം നഷ്ടമായേക്കും

ഉത്തരവ് പാലിക്കാത്ത ഉദ്യോഗസ്ഥർക്ക് ഈ മാസത്തെ ശമ്പളം നൽകില്ലെന്ന് ഉത്തർപ്രദേശ് സർക്കാർ. സ്ഥാവര ജംഗമ സ്വത്തുക്കളുടെ വിവരം സർക്കാർ പോർട്ടലായ മാനവ് സമ്പത്തിൽ വെളിപ്പെടുത്തണമെന്നുള്ള നിർദേശം പാലിക്കാത്തവരാണ് വെട്ടിലായിരിക്കുന്നത്. ഓഗസ്റ്റ് 31നകം സ്വത്തുവിവരങ്ങൾ നൽകുന്നവർക്ക് മാത്രമേ ഈ മാസത്തെ ശമ്പളം നൽകുകയുള്ളുവെന്നും മറ്റുള്ളവരുടെ ശമ്പളം തടഞ്ഞുവയ്ക്കുമെന്നും ചീഫ് സെക്രട്ടറി മനോജ് കുമാർ സിംഗ് അറിയിച്ചു.

നിലവിൽ 17,88,429 സർക്കാർ ജീവനക്കാരാണ് സംസ്ഥാനത്തുള്ളത്. ഇതിൽ 26 ശതമാനം പേർമാത്രമാണ് തങ്ങളുടെ സ്വത്തുവിവരങ്ങൾ നൽകിയിട്ടുള്ളത്. 13 ലക്ഷത്തിലധികം ജീവനക്കാർ ഇതുവരെ അവരുടെ ആസ്തി വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഇതിനെ തുടർന്നാണ് സർക്കാർ അന്ത്യശാസനം പുറപ്പെടുവിച്ചിരിക്കുന്നത്.

കഴിഞ്ഞവർഷം ഓഗസ്റ്റിൽ ഇറക്കിയ ഉത്തരവിൻ്റെ സമയപരിധി നാല് തവണ സർക്കാർ നീട്ടി നൽകിയിരുന്നു. സുതാര്യതയും ചുമതലാബോധവും വർദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്തരം ഒരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത് എന്നാണ് സർക്കാർ നൽകുന്ന വിശദീകരണം. നിർദേശം പാലിക്കാത്തവർക്ക് സ്ഥാനം കയറ്റവും നൽകില്ലെന്നാണ് ഏറ്റവും പുതിയ ഉത്തരവിൽ പറയുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top