ചോക്ലേറ്റ് കട്ടെടുത്ത 13കാരിയെ അടിച്ചുകൊന്ന് റാവൽപിണ്ടി കുടുംബം; കൗമാരക്കാരിയെ വീട്ടുവേലക്കാരിയാക്കാൻ നിയമപ്രശ്നമേതുമില്ല; രോഷം പുകയുന്നു

പ്രാരാബ്ധം പറഞ്ഞുപറഞ്ഞ് സ്വന്തം അച്ഛൻ തന്നെയാണ് എട്ടുവയസിൽ മകൾ ഇഖ്റയെ വീട്ടുവേലക്ക് അയച്ചത്. പലവീടുകളിൽ മാറിമാറി നിന്നാണ് ഒടുവിൽ റാവൽപിണ്ടി കുടുംബത്തിൽ എത്തിയത്. തനിക്ക് സമപ്രായക്കാരായ എട്ടുകുട്ടികളാണ് അവിടെ ഉണ്ടായിരുന്നത്. ഇവരിൽ ആരുടെയോ ചോക്ലേറ്റ് മോഷ്ടിച്ചു കഴിച്ചു എന്നതാണ് ഹതഭാഗ്യയായ പതിമൂന്നുകാരിയുടെ ജീവനെടുത്ത കുറ്റം.
റാവൽപിണ്ടിയിലെ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ആ പിഞ്ചു ശരീരത്തിൽ ഒടിയാൻ ഒരെല്ലും ബാക്കിയില്ല എന്നാണ് കണ്ടെത്തിയത്. അത്രക്ക് ഗുരുതരമാണ് പരുക്കുകളെന്ന് ബിബിസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൈകളിലും കാലുകളിലും മൾട്ടിപ്പിൾ ഫ്രാക്ചർ, തലയാകെയും അടിച്ചുപൊട്ടിച്ചിരുന്നു… ചുരുക്കത്തിൽ ആ ശരീരത്തിൽ അൽപ ജീവൻ അവശേഷിച്ചത് അതിശമായി എന്നാണ് ഡോക്ടർമാർ വിലയിരുത്തിയത്.
കുഞ്ഞ് ഇഖ്റയെ ജോലിക്ക് നിർത്തിയ റഷീദ് ഷഫീഖ്, ഭാര്യ സന എന്നിവരെ കൂടാതെ ഒരു മതാധ്യാപകനും ആണ് അറസ്റ്റിലായിട്ടുള്ളത്. ഇവരിൽ അധ്യാപകനാണ് പരുക്കേറ്റ നിലയിൽ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. അവൾക്ക് ഉറ്റവരാരും ഇല്ലെന്ന് അറിയിച്ച് മുങ്ങാൻ ശ്രമിച്ചെങ്കിലും ആശുപത്രി അധികൃതർ കുട്ടിയുടെ പിതാവിൻ്റെ വിവരം ശേഖരിച്ച് വിവരം അറിയിച്ചു. അദ്ദേഹം എത്തിയതിന് പിന്നാലെ അവൾ മരിച്ചു.
2,400 രൂപയോളമാണ് മകളുടെ പേരിൽ ഈ പിതാവ് കൂലി കൈപ്പറ്റിയിരുന്നത് എന്നാണ് വിവരം. പാക്കിസ്ഥാനിൽ പലയിടത്തും ബാലവേല നിർബാധം തുടരുന്നുണ്ട്. അതാണ് എട്ടു വയസിലേ ഈ ദുരിതത്തിലേക്ക് ഇഖ്റ എടുത്തെറിയപ്പെടാൻ ഇടയാക്കിയത്. രാജ്യാന്തര മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തതോടെ വലിയ രോഷം ഉയരുന്നുണ്ട്. ജസ്റ്റിസ് ഫോർ ഇഖ്റ (#JusticeForIqra) എന്ന ഹാഷ്ടാഗിൽ പലരും പ്രതിഷേധം രേഖപ്പെടുത്തുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here