14 കോളജുകള്‍ പൂട്ടി; നാലുവര്‍ഷ ബിരുദകോഴ്സുകള്‍ നാളെ തുടങ്ങാനിരിക്കെ ഉന്നത വിദ്യാഭ്യാസ രംഗത്ത് തിരിച്ചടി

നാലുവർഷ ബിരുദകോഴ്സുകൾ നാളെ ആരംഭിക്കാനിരിക്കെ സംസ്ഥാനത്തെ 14 കോളജുകൾ അടച്ചു പൂട്ടാൻ തീരുമാനിച്ചു. കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്‍റെ ഹബാക്കുമെന്ന് സംസ്ഥാന സർക്കാരിന്‍റെ അവകാശവാദങ്ങൾ വെറും ബഡായി മാത്രമെന്ന് തെളിയിക്കുന്നതാണ് ഈ സംഭവം.
മതിയായ വിദ്യാർത്ഥികളും മെച്ചപ്പെട്ട കോഴ്സുമില്ലാത്തതിന്‍റെ പേരിൽ മഹാത്മഗാന്ധി (എം ജി) സർവകലാശാലയിലെ 14 അൺ എയിഡഡ് കോളജുകൾ അടച്ചു പൂട്ടാൻ തീരുമാനിച്ചു. മധ്യകേരളത്തിലെ കലാലയങ്ങൾക്കാണീ ദുർഗതി വന്നിരിക്കുന്നത്. വിദേശപഠനത്തിനായുള്ള വിദ്യാർത്ഥികളുടെ കുത്തൊഴുക്കും, മെച്ചപ്പെട്ട കോഴ്സുകളുടെ അപരാപ്തതയുമാണ് വിദ്യാർത്ഥികൾ കുറയാനുള്ള കാരണം. ഇതുമൂലം ഇത്തരം സ്വാശ്രയ കോളജുകളുടെ നിലനില്പ് തന്നെ അപകടത്തിലായി. സാമ്പത്തികമായി മെച്ചപ്പെട്ട നിലയിൽ നടത്തിക്കൊണ്ട് പോകാനുമാവാത്ത സ്ഥിതിയിലാണ്. അടച്ചു പൂട്ടുകയല്ലാതെ മറ്റു വഴികളൊന്നും മാനേജ്മെന്റിന്റെ മുമ്പിൽ ഇല്ലാതായി.
വിദ്യാർത്ഥികളുടെ താല്പര്യമനുസരിച്ച് മെച്ചപ്പെട്ട കോഴ്സുകൾ ആരംഭിക്കാനുള്ള സംവിധാനങ്ങളൊന്നും തന്നെ അക്കാദമിക് രംഗത്തില്ല. പരമ്പരാഗത തട്ടിക്കൂട്ട് കോഴ്സുകൾ പഠിക്കുന്നതു കൊണ്ട് യാതൊരു ഗുണവുമില്ലെന്ന തോന്നലാണ് കുട്ടികൾക്കുള്ളത്. സ്വാശ്രയ കോളജുകളിൽ കോഴ്‌സ് നടത്തിക്കൊണ്ടുപോകാനുള്ള കുട്ടികളെപ്പോലും കിട്ടാത്ത അവസ്ഥയാണെന്ന് മാനേജ്മെന്റുകള്‍ പറയുന്നു.
പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലെ 14 സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് അടച്ചുപൂട്ടാൻ യൂണിവേഴ്സിറ്റിക്ക് കത്ത് നൽകിയത്. പൂട്ടുന്ന കോളജുകള്‍: ഗിരി ജ്യോതി കോളജ്, ഇടുക്കി, ഗുരുനാരായണ കോളജ് തൊടുപുഴ, മരിയൻ ഇന്റര്‍ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കുട്ടിക്കാനം, സിഇടി കോളജ് ഓഫ് മാനേജ്മെന്റ് സയൻസ് ആന്റ് ടെക്നോളജി പെരുമ്പാവൂർ, കെഎംഎം കോളജ് ഫോർ വിമൻ എറണാകുളം, മേരി ഗിരി കോളജ് ഓഫ് ആർട്ട്സ് ആന്റ് സയൻസ് കൂത്താട്ടുകുളം, ശ്രീധർമ്മ ശാസ്ത കോളജ് ഓഫ് ആർട്ട്സ് ആൻറ് സയൻസ് നേര്യമംഗലം, ഗുഡ് ഷെപ്പേഡ് കോളജ് കോട്ടയം, ഷേർ മൗണ്ട് കോളജ് ഓഫ് ആർട്ട്സ് ആൻറ് കൊമേഴ്സ്എ രുമേലി, ശ്രീരാമ പരമഹംസ കോളജ് ഓഫ് ആർട്ട്സ് സയൻസ് പൂഞ്ഞാർ, പോരുകര കോളജ് ഓഫ് എഡ്യൂക്കേഷൻ, ചമ്പക്കുളം, ശ്രീനാരായണ കോളജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് കുട്ടനാട്, ശബരി ദുർഗ കോളജ് ഓഫ് ആർട്ട്സ് ആന്റ് സയൻസ് പത്തനംതിട്ട, ശ്രീനാരായണ ആർട്ട്സ് ആന്റ് സയൻസ് കോളജ് തിരുവല്ല.
യാതൊരു മാനദണ്ഡങ്ങളുമില്ലാതെ സ്വാശ്രയ വിദ്യാഭ്യാസരംഗം സ്വകാര്യ മേഖലക്ക് തുറന്ന് കൊടുത്തതിന്‍റെ ദുരന്തമാണ് ഇന്ന് കേരളം അനുഭവിക്കുന്നത്. പ്രാഥമിക സൗകര്യങ്ങളോ,അക്കാദമിക് വിദഗ്ധരോ ഇല്ലാത്ത തട്ടുകട നിലവാരത്തിലാണ് മിക്ക സ്വാശ്രയ കോളജുകളും പ്രവർത്തിച്ചിരുന്നത്.
കഴിഞ്ഞ വർഷം മാത്രം കേരളത്തിൽ നിന്ന് രണ്ടര ലക്ഷം വിദ്യാർത്ഥികളാണ് വിദേശ വിദ്യാഭ്യാസത്തിനായി പോയത്. എൻജിനീയറിങ് വിദ്യാഭ്യാസ രംഗത്തെ സ്ഥിതി പരമ ദയനീയമാണ്. കഴിഞ്ഞ ദിവസം പുറത്തുവന്ന സാങ്കേതിക സർവകലാശാലയുടെ റിസൾട്ടിൽ 26 സ്വാശ്രയ സ്ഥാപനങ്ങളുടെ വിജയശതമാനം 10 ശതമാനത്തിൽ താഴെയാണ്. ഒരു കുട്ടി പോലും ജയിക്കാത്ത എൻജിനീയറിങ് കോളജ് പോലും കേരളത്തില്‍ ഉണ്ടെന്നത് ഞെട്ടിപ്പിക്കുന്നതാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here