സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചതിന് പിന്നാലെ 14 പേർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു; ആദ്യം നൽകിയത് എൽഡിഎഫ് സ്ഥാനാർത്ഥി മുകേഷ്
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനായി നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള ആദ്യ ദിവസമായ ഇന്ന് സംസ്ഥാനത്ത് പത്രിക നല്‍കിയത് 14 പേർ. തിരുവനന്തപുരം 4, കൊല്ലം 3 , മാവേലിക്കര 1, കോട്ടയം 1, എറണാകുളം 1, തൃശ്ശൂർ 1, കോഴിക്കോട് 1, കാസർകോട് 2 എന്നിങ്ങനെയാണ് സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രിക നൽകിയത്. ഏപ്രിൽ നാലാണ് പത്രികാ സമർപ്പണത്തിനുള്ള അവസാന തീയതി. എന്നാൽ ദുഃഖവെള്ളി, ഈസ്റ്റർ ഏപ്രിൽ ഒന്ന് തുടങ്ങിയ ദിവസങ്ങൾ അവധിയായതിനാൽ ഈ ദിവസങ്ങളിൽ പത്രിക സ്വീകരിക്കില്ല.
കൊല്ലത്തെ എൽഡിഎഫ് സ്ഥാനാർത്ഥി എം.മുകേഷാണ് പത്രിക സമർപ്പിച്ച ആദ്യ വ്യക്തി. സിഐടിയു ജില്ലാ കമ്മിറ്റി ഓഫിസില്‍ നിന്ന് എല്‍ഡിഎഫ് നേതാക്കളോടൊപ്പം പ്രകടനമായാണ് പത്രികസമര്‍പ്പിക്കാൻ മുകേഷ് കളക്ടറേറ്റിൽ എത്തിയത്. കൊല്ലം, കോഴിക്കോട് ജില്ലകളിൽ ഓരോ സ്ഥാനാർത്ഥികൾ രണ്ട് പത്രികകൾ വീതവും കാസർകോട് ഒരാൾ മൂന്നു പത്രികയും സമർപ്പിച്ചു. ആകെ 18 നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചിട്ടുണ്ട്. മറ്റു മണ്ഡലങ്ങളിൽ ആരും പത്രിക സമർപ്പിച്ചില്ല.
ഏപ്രിൽ 26നാണ് രണ്ടാം ഘട്ട തിരഞ്ഞെടുപ്പ്. കേരളത്തിന് പുറമെ അസം, ബിഹാർ, ഛത്തീസ്ഗഡ്, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂർ, രാജസ്ഥാൻ, ത്രിപുര, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ, ജമ്മു കശ്മീർ എന്നിവിടങ്ങളിലാണ് രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here