മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം നടത്തിയതിന് 14 കേസുകൾ; സോഷ്യൽ മീഡിയയിൽ നിരീക്ഷണം

വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന അഭ്യര്‍ത്ഥനയ്ക്കെതിരെ പ്രചാരണം നടത്തിയതിന് സംസ്ഥാന വ്യാപകമായി 14 കേസുകൾ റജിസ്റ്റര്‍ ചെയ്തു. ഇത്തരത്തിലുള്ള 194 പോസ്റ്റുകള്‍ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് കണ്ടെത്തുകയും അവ നീക്കം ചെയ്യുന്നതിന് അതാത് കമ്പനികൾക്ക് നിയമപ്രകാരം നോട്ടീസ് നല്‍കുകയും ചെയ്തു.
തിരുവനന്തപുരം സിറ്റിയില്‍ നാലും എറണാകുളം സിറ്റിയിലും പാലക്കാടും രണ്ടുവീതവും കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊല്ലം സിറ്റി, എറണാകുളം റൂറല്‍, തൃശൂര്‍ സിറ്റി, മലപ്പുറം, വയനാട്, തിരുവനന്തപുരം റൂറല്‍ എന്നിവിടങ്ങളില്‍ ഒരോ കേസ് വീതവുമാണ് എടുത്തിട്ടുള്ളത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്ക് എതിരെയുള്ള വ്യാജപ്രചാരണങ്ങള്‍ നിരീക്ഷിക്കുന്നതിന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സൈബര്‍ പോലീസിന്‍റെ പട്രോളിംഗ് ശക്തമാക്കി. ഇത്തരത്തില്‍ പോസ്റ്റുകള്‍ നിര്‍മിക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാൻ പോലീസ് ആസ്ഥാനത്ത് നിന്ന് കർശന നിർദേശമാണ് നൽകിയിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here