രക്തം സ്വീകരിച്ച 14 കുട്ടികള്‍ക്ക് എച്ച്ഐവി; രാജ്യത്തെ ഞെട്ടിച്ച് യുപി സര്‍ക്കാർ ആശുപത്രിയുടെ അനാസ്ഥ
ലക്നൗ: ഉത്തര്‍പ്രദേശ് ആരോഗ്യവകുപ്പ് അധികൃതരുടെ അനാസ്ഥ കാരണം 14 കുരുന്നു ജീവനുകൾ അപകടത്തില്‍. തലസേമിയ രോഗം ബാധിച്ച കുട്ടികള്‍ രക്തം സ്വീകരിച്ചതിലൂടെ എച്ച്ഐവി, ഹെപ്പറ്റെറ്റിസ് ബി, സി എന്നീ മാരകരോഗങ്ങള്‍ ബാധിച്ചതായാണ് ഇപ്പോൾ സ്ഥിരീകരിക്കുന്നത്. കാണ്‍പൂര്‍ ലാല ലജ്പത് റായി സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നുമാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പരിശോധനയൊന്നും കൂടാതെ രക്തം നല്‍കിയതാണ് കുട്ടികളുടെ ജീവന് ഭീഷണിയായത്. ആറു മുതല്‍ 16 വരെ പ്രായമുള്ളവരാണ് ഈ കുട്ടികൾ. രക്തദാനത്തില്‍ നിന്ന് ഗുരുതരമായ രോഗബാധ വന്നതോടെ ജീവന്‍ അപകടത്തിലാണെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ തന്നെ വ്യക്തമാക്കുന്നത്.
പ്രാണവായു കിട്ടാതെ 30 കുട്ടികള്‍ ശ്വാസം മുട്ടി മരിച്ച വാര്‍ത്ത മൂന്ന് വര്‍ഷം മുന്‍പ് യുപിയെ പിടിച്ച് കുലുക്കിയിരുന്നു. ഈ സംഭവത്തിന് ശേഷവും ആരോഗ്യകാര്യങ്ങളില്‍ യുപി പഴയ പടി തന്നെയാണെന്നാണ് പുതിയ സംഭവവും തെളിയിക്കുന്നത്.
180 തലസേമിയ രോഗികള്‍ ആശുപത്രിയിൽനിന്ന് രക്തം സ്വീകരിച്ചപ്പോള്‍ അതിലുള്‍പ്പെട്ട 14 കുട്ടികള്‍ക്കാണ് രോഗബാധ. സ്വകാര്യ, സര്‍ക്കാർ ജില്ലാ ആശുപത്രികളില്‍ നിന്നുള്ള ബ്ലഡ് ബാങ്കില്‍ നിന്നാണ് രക്തം സ്വീകരിച്ചത്. കാൺപൂർ സിറ്റി, ഫറൂഖാബാദ്, ഇറ്റാവ, കനൗജ് തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയവരാണ് ഈ കുട്ടികള്‍.
ഏഴു പേർക്ക് ഹെപ്പറ്റൈറ്റിസ് ബിയും അഞ്ചു പേർക്ക് ഹെപ്പറ്റൈറ്റിസ് സിയും രണ്ടു പേർക്ക് എച്ച്ഐവിയുമാണ് സ്ഥിരീകരിച്ചതെന്ന് ആശുപത്രിയിലെ ശിശുരോഗ വിഭാഗം മേധാവിയും നോഡൽ ഓഫിസറുമായ ഡോ. അരുൺ ആര്യ വ്യക്തമാക്കി. ഹെപ്പറ്റൈറ്റിസ് രോഗികളെ ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിലേക്കും എച്ച്ഐവി രോഗികളെ കാൺപൂരിലെ റഫറൽ സെന്ററിലേക്കും റഫർ ചെയ്തു. എച്ച്ഐവി അണുബാധകൾ ആശങ്കാജനകമാണെന്നാണ് അരുണ്‍ ആര്യ പറഞ്ഞത്.
രക്തദാന സമയത്ത് ശരിയായ പരിശോധന നടത്താത്തതാണ് കുട്ടികള്‍ക്ക് ഗുരുതരമായ രോഗബാധയുണ്ടാക്കാന്‍ ഇടയാക്കിയത് എന്നാണ് റിപ്പോര്‍ട്ട്. ബ്ലഡ് ബാങ്കിലേക്ക് ദാനം ചെയ്യുന്ന രക്തം പരിശോധനയ്ക്ക് വിധേയമാക്കുമ്പോൾ വൈറസ് സാന്നിധ്യം കണ്ടെത്തേണ്ടത് ആണ്. എന്നാൽ ‘വിൻഡോ പീരിഡി’ൽ രക്തം നൽകിയത് കൊണ്ടാകാം തിരിച്ചറിയാതെ പോയതെന്ന് അധികൃതര്‍ വിശദീകരിക്കുന്നു.
വൈറൽ ഹെപ്പറ്റൈറ്റിസ് കൺട്രോൾ പ്രോഗ്രാമിന് കീഴിലെ ജില്ലാതല ഉദ്യോഗസ്ഥർ സംഭവം അന്വേഷിക്കും. ആശുപത്രിയും അനുബന്ധ സ്ഥലങ്ങളും ടീം സന്ദര്‍ശിക്കും; ഉത്തർപ്രദേശ് ദേശീയ ആരോഗ്യ മിഷനിലെ മുതിർന്ന ഉദ്യോഗസ്ഥൻ പ്രതികരിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here