14കാരി ഗർഭിണിയായതിൽ രണ്ടാനച്ഛൻ അറസ്റ്റിൽ; അബോർഷൻ സ്വയം നടത്തിയെന്ന് അമ്മയുടെ മൊഴി; കൂടുതൽ പരിശോധന

തിരുവനന്തപുരം: പതിനാലുകാരി ഗർഭണിയാകുകയും അബോർഷൻ നടത്തുകയും ചെയ്ത കേസിൽ രണ്ടാനച്ഛൻ അറസ്റ്റിൽ. തിരുവല്ലം പോലീസെടുത്ത കേസിൽ പെൺകുട്ടിയെ മജിസ്ട്രേറ്റിന് മുന്നിലെത്തിച്ച് രഹസ്യമൊഴി രേഖപ്പെടുത്തുകയും ചെയ്തു. മൂന്നു മാസത്തിലേറെ മൂടിവച്ച വിഷയത്തിൽ ബുധനാഴ്ചയാണ് പോലീസ് കേസെടുത്തത്. മാധ്യമ സിൻഡിക്കറ്റ് ചൊവ്വാഴ്ച പുറത്തുവിട്ട വാർത്തയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇടപെടലുണ്ടായത്.
നാടകീയ നീക്കങ്ങൾക്കൊടുവിലാണ് കാര്യങ്ങൾ തുറന്നുപറയാൻ പെൺകുട്ടിയും അമ്മയും തയ്യാറായത്. വിവരമറിഞ്ഞ് പോലീസ് ആദ്യം സമീപിച്ചപ്പോൾ സഹകരിക്കാൻ തയ്യാറായില്ല. സ്കാനിങ് റിപ്പോർട്ട് കാണിച്ച് ചോദ്യം ചെയ്തതോടെയാണ് ഗർഭിണിയായിരുന്നു എന്ന കാര്യം അമ്മ സമ്മതിച്ചത്. എന്നാൽ പീഡിപ്പിച്ചതാര് എന്നതിൽ വിവരം നൽകാൻ വീണ്ടും മടിച്ചു. സ്കൂളിൽ പോകുന്ന വഴിക്ക് ബസിൽ പരിചയപ്പെട്ടയാൾ പിന്നീട് വീട്ടിലെത്തി പീഡിപ്പിച്ചു എന്നാദ്യം മൊഴി നൽകി. ഒടുവിൽ ഇന്നലെ രാത്രിയോടെയാണ് രണ്ടാനച്ഛൻ്റെ പേര് വെളിപ്പെടുത്തിയത്. തുടർന്നാണ് മജിസ്ട്രേറ്റിന് മുന്നിലെത്തിച്ച് സെക്ഷൻ 164 പ്രകാരമുള്ള രഹസ്യമൊഴി രേഖപ്പെടുത്തിയത്. പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്തു.
ഇന്നലെ രാവിലെ വൈദ്യപരിശോധനക്ക് വിധേയയാക്കാൻ തീരുമാനിച്ചിരിക്കെ, രാവിലെ കുട്ടിയെയും അമ്മയെയും വീട്ടിൽ നിന്ന് കാണാതായി. ഇതോടെ ആശങ്കയിലായ ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിൽ കന്യാകുമാരിയിൽ നിന്ന് ഇവരെ കണ്ടെത്തി. വൈകിട്ടോടെ തിരിച്ചെത്തിച്ചാണ് കുട്ടിയെ വൈദ്യപരിശോധനക്ക് അയച്ചത്. സ്വയം ചില മരുന്നുകൾ കഴിച്ചാണ് അബോർഷൻ നടത്തിയതെന്ന ഇവരുടെ മൊഴി ശരിയെന്ന് പരിശോധനയിൽ സ്ഥിരീകരിച്ചു. രണ്ടാനച്ഛൻ്റെ കന്യാകുമാരി ബന്ധം കാരണം അവിടെയാണ് അബോർഷൻ നടത്തിയതെന്ന സംശയത്തിൽ അന്വേഷണം തുടങ്ങിയിരുന്നു.
സ്കാനിങ് നടത്തിയ തിരുവനന്തപുരം വഞ്ചിയൂരിലെ ഗോവിന്ദൻസ് ആശുപത്രിയിൽ നിന്ന് പോലീസ് തെളിവ് ശേഖരിക്കുന്നുണ്ട്. കുട്ടിക്ക് പ്രായപൂർത്തിയായില്ലെന്ന് വ്യക്തമായിട്ടും ഇവർ പോലീസിൽ വിവരം അറിയിക്കാതിരുന്നത് കുറ്റകരമാണ്. ഇക്കാര്യത്തിൽ ഡോക്ടർമാർ അടക്കമുള്ളവർ പ്രതിസ്ഥാനത്ത് വന്നേക്കാമെന്ന ഗുരുതര സ്ഥിതിവിശേഷവുമുണ്ട്. സെപ്തംബർ 21നാണ് ഇവിടെ സ്കാനിങ് നടത്തി ഒന്നരമാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്. 17 വയസ് എന്നാണ് സ്കാനിങ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ളത്. 15 വയസ് എന്നാണ് സ്കൂളിൽ നിന്ന് പോലീസ് മനസിലാക്കിയിട്ടുള്ളത്.
വിവരം അറിയിക്കുന്നതിൽ ആശുപത്രി വീഴ്ച വരുത്തിയതിനാൽ പോലീസും അറിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിൽ കുട്ടിയുടെ തുടർസംരക്ഷണം അപകടത്തിലാണെന്നും തുടർ പീഡനത്തിനുള്ള സാധ്യത നിലനിൽക്കുകയാണെന്നും ചൊവ്വാഴ്ച മാധ്യമ സിൻഡിക്കറ്റ് റിപ്പോർട്ട് ചെയ്തതത്. ഇതിന് പിന്നാലെയാണ് പോലീസ് അന്വേഷണം തുടങ്ങിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here