ഉത്തരാഖണ്ഡില്‍ ട്രാസ്ഫോമർ പൊട്ടിത്തെറിച്ച് അപകടം; ആറ് പൊലീസുകാരടക്കം 15 മരണം

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ 15 മരണം. ഒരു പോലീസ് ഉദ്യോഗസ്ഥനും അഞ്ച് ഹോം ഗാർഡുകളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഏഴ് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ട് പേർ എയിംസിലും അഞ്ച് പേർ ചമോലിയിലെ ഗോപേശ്വർ സർക്കാർ ആശുപത്രിയിലും ചികിത്സയിലാണ്. ബദരിനാഥ് ഹൈവേയിലെ പൊലീസ് ഔട്ട്‌പോസ്റ്റിന്റെ ചുമതലക്കാരനും അപകടത്തിൽ മരിച്ചിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

കഴിഞ്ഞ ദിവസം രാത്രിയാണ് അപകടമുണ്ടായത്. ഒരു വാച്ച്മാൻ വൈദ്യുതാഘാതമേറ്റ് മരിച്ചതായുള്ള വിവരമറിഞ്ഞ് അന്വേഷണത്തിനെത്തിയ പൊലീസ് സംഘം ഇരുപതില്‍ അധികം പേരെ വെെദ്യുതാഘാതമേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. അളകനന്ദ നദീതീരത്ത് നമാമി ഗംഗ മലിനജല ശുദ്ധീകരണ പദ്ധതിയുടെ ഭാഗമായുള്ള പാലത്തിലാണ് അപകടത്തില്‍പ്പെട്ടവരെ കണ്ടെത്തിയത്.

ട്രാന്‍സ്ഫോമർ പൊട്ടിത്തെറിച്ചതിനെ പാലത്തിന്റെ റെയിലിംഗിൽ വെെദ്യുതി പ്രവാഹമുണ്ടായി എന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ അന്വേഷണത്തിന് ശേഷമേ അപകട കാരണം വ്യക്തമാകൂ എന്ന് ഉത്തരാഖണ്ഡ് പൊലീസ് അഡീഷണൽ ഡയറക്ടർ ജനറൽ വി മുരുകേശൻ അറിയിച്ചു.

നമാമി ഗംഗ മലിനജല ശുദ്ധീകരണ പ്ലാന്റിലും പരിസരത്തുമായി ജോലിചെയ്യുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടവരില്‍ അധികവും. അപകട സ്ഥലം നിരീക്ഷിച്ച ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top