ഒരാഴ്ചയിൽ 15 ലക്ഷം ഐഫോൺ; ഇന്ത്യയില്‍ റെക്കോർഡിട്ട് ആമസോണിന്റെയും ഫ്ലിപ്കാർട്ടിന്റെയും ഉത്സവ സീസൺ
ന്യൂഡൽഹി: ഇ-കൊമേഴ്‌സ് ഭീമന്മാരായ ആമസോണിന്റെയും ഫ്ലിപ്കാർട്ടിന്റെയും ഉത്സവ സീസണിലെ വിൽപ്പനയുടെ ആദ്യ ആഴ്ചയിൽ (ഒക്‌ടോബർ 8-15) പതിനഞ്ച് ലക്ഷം ഐഫോൺ വിറ്റഴിച്ചതായി റിപ്പോർട്ട്. വെളളിയാഴ്ച പുറത്ത് വിട്ട കൗണ്ടർപോയിന്റ് റിസർച്ച് റിപ്പോർട്ടിലാണ് ഓൺലൈൻ സ്മാർട്ട് ഫോൺ വിപണി ഇന്ത്യയില്‍ ചരിത്രനേട്ടം സ്വന്തമാക്കിയതായി വെളിപ്പെടുത്തിയത്.
ആഗോളതലത്തിൽ സാംസങ് , ആപ്പിൾ , ഷവോമി എന്നീ സ്മാർട്ട് ഫോൺ കമ്പനികൾക്കുള്ള വൻ ഡിമാൻഡാണ് ഉത്സവ സീസണിലെ വിൽപ്പനയെ പ്രധാനമായും സ്വാധീനിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. ആമസോണിലും ഫ്ലിപ്‌കാര്‍ട്ടിലുമായി വിറ്റുപോയ സ്‌മാര്‍ട്ട്ഫോണുകളില്‍ 80 ശതമാനവും 5ജി ശേഷിയുള്ളവയാണെന്നും റിപ്പോര്‍ട്ടിലുണ്ട്
ഫ്ലിപ്കാർട്ടിന്റെ ദി ബിഗ് ബില്യൺ ഡേയുടെയും ആമസോണിന്റെ ‘ദി ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റിവൽ’ വിൽപ്പനയുടെയും ആദ്യ ആഴ്ചയിൽ ഐഫോൺ വിൽപ്പനയിൽ യഥാക്രമം 25 ശതമാനം വളർച്ചയുണ്ടായതായി കൗണ്ടർ പോയിന്റ് റിപ്പോർട്ടിൽ പറയുന്നു. 2022നെ അപേക്ഷിച്ച്, ഈ വർഷം ഐഫോൺ 14 , ഐഫോൺ 13, ഐഫോൺ 12 എന്നിവയുടെ വില്പനയിൽ വലിയ വർധനവാണ് ഉണ്ടായത്. സാംസങ് ഗാലക്‌സി എസ്21 എഫ്ഇയുടെ വില്പനയിലും വൻ കുതിച്ചു ചാട്ടമുണ്ടായി.
ഫ്ലിപ്‌കാര്‍ട്ടില്‍ മാത്രം പ്രീമിയം സെഗ്‌മെന്‍റുകളുടെ വില്‍പ്പനയില്‍ 50 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഇതില്‍ തന്നെ ഐഫോൺ 14, ഗാലക്‌സി എസ് 21 എഫ്ഇ എന്നിവയാണ് മുന്‍പന്തിയിലുള്ളത്. കഴിഞ്ഞ വര്‍ഷം ഐഫോണ്‍ 13നായിരുന്നു ഡിമാന്‍ഡ് കൂടുതല്‍. എന്നാല്‍ ഇത്തവണ ഐഫോണ്‍ 12, ഐഫോണ്‍ 13, ഐഫോണ്‍ 14 എന്നിവയ്‌ക്കെല്ലാം തന്നെ ആവശ്യക്കാര്‍ ഏറെയായിരുന്നു. ആമസോണില്‍ ഐഫോൺ 13, ഗാലക്‌സി എസ് 23 എഫ്ഇ എന്നിവയുടെ വില്‍പനയിലൂടെ പ്രീമിയം സെഗ്‌മെന്‍റുകളില്‍ 200 ശതമാനം വളര്‍ച്ചയാണ് കണ്ടത്.
ഫ്ലിപ്കാർട്ടും ആമസോണും നൽകുന്ന വിലക്കിഴിവുകൾ, ആകർഷകമായ ബണ്ട്ലിംഗ് ഓഫറുകൾ എന്നിവയാണ് ഈ ഫോണുകളുടെ വിൽപനയും സ്വീകാര്യതയും വർധിക്കാനുളള പധാന കാരണം. പ്രതിദിന ഇഎംഐകൾ ഉൾപ്പെടെയുള്ള വായ്പാ സൗകര്യം, വിവിധ ക്രെഡിറ്റ് സ്കീമുകളുടെ ലഭ്യത എന്നിവ പ്രീമിയം സ്മാർട്ട്‌ഫോണുകളുടെ വിൽപന വർധിക്കുന്നതിന് കാരണമായതായി റിപ്പോർട്ടിൽ പറയുന്നു. ഈ വർഷത്തെ ഉത്സവ സീസണിലെ സ്മാർട്ട് ഫോൺ വിൽപ്പനയിൽ 7% വളർച്ചയും വാർഷിക വിൽപനയിൽ 15% വളർച്ചയും വിപണി നേടുമെന്നും റിപ്പോർട്ട് പ്രവചിക്കുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here