മഹാരാജാസ് അക്രമത്തിൽ 15 പ്രതികൾ; കെഎസ്‌യു-ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ക്കെതിരെ എഫ്ഐആർ
കൊച്ചി: മഹാരാജാസ് കോളജിൽ എസ്എഫ്ഐ പ്രവര്‍ത്തകനെ ആക്രമിച്ചതിൽ 15 പേര്‍ക്കെതിരെ കേസെടുത്തു. കെഎസ്‌യു-ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ക്കെതിരെയാണ് വധശ്രമം അടക്കം 9 വകുപ്പുകൾ ചുമത്തിയത്. മൂന്നാം വര്‍ഷ ഇംഗ്ലീഷ് വിദ്യാര്‍ത്ഥി അബ്ദുള്‍ മാലിക് ആണ് ഒന്നാം പ്രതി.
ഇന്ന് പുലര്‍ച്ചെയാണ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുള്‍ റഹ്മാനെ ഒരുസംഘം ആക്രമിച്ചത്. നാടകോത്സവത്തിന്‍റെ ചുമതലക്കാരനായിരുന്ന അബ്ദുള്‍ രാത്രി 12ന് ശേഷം പരിശീലനം കഴിഞ്ഞ് ഇറങ്ങുമ്പോഴായിരുന്നു ആക്രമണം. അക്രമിസംഘത്തില്‍ കെഎസ്‌യു- ഫ്രറ്റേണിറ്റി പ്രവര്‍ത്തകരാണെന്ന് കോളജ് യൂണിയന്‍ ചെയര്‍മാന്‍ ആരോപിച്ചു. വടിവാളും ബിയര്‍ കുപ്പിയും മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ കൈകാലുകള്‍ക്കും വയറിനും സാരമായി പരിക്കേറ്റ നാസറിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം കഴിഞ്ഞ ദിവസം എസ്എഫ്ഐയും ഫ്രറ്റേണിറ്റി പ്രവര്‍ത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അധ്യാപകന്‍ ഉള്‍പെടെ നിരവധിപേര്‍ക്ക് പരിക്കേറ്റിരുന്നു. അധ്യാപകനെ ആക്രമിച്ച ഫ്രറ്റേണിറ്റി പ്രവർത്തകനെതിരെ പ്രതിഷേധിച്ചതിലുള്ള വിരോധമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നാണ് എഫ്ഐആറിലുളളത്.
വിദ്യാര്‍ത്ഥി സംഘര്‍ഷത്തെ തുടര്‍ന്ന് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചിടാന്‍ അധികൃതര്‍ തീരുമാനിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here