യൂട്യൂബ് നോക്കി സര്‍ജറി !! ബീഹാറിലെ 15കാരന്റെ മരണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

ബീഹാറിലെ സരണ്‍ ജില്ലയിലെ 15കാരന്റെ മരണത്തിന് പിന്നില്‍ വ്യാജ ഡോക്ടര്‍ യൂട്യൂബ് നോക്കി നടത്തിയ ശസ്ത്രക്രിയയെന്ന് പരാതി. കുട്ടിയുടെ പിത്തസഞ്ചിയിലെ കല്ല് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയാണ് ഡോക്ടർ ചെയ്യാന്‍ ശ്രമിച്ചത്. എന്നാല്‍ ഈ ശ്രമം പാളിയതോടെ കുട്ടിയുടെ ആരോഗ്യനില വഷളാവുകയായിരുന്നു. ഇതോടെ പാട്‌നയിലെ മറ്റൊരു ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റി. എന്നാല്‍ വഴിമധ്യേ തന്നെ കുട്ടി മരിച്ചു. ഇതോടെ ഡോക്ടറും സംഘവും മൃതദേഹം ഉപേക്ഷിച്ച് കടന്നുകളഞ്ഞു എന്നാണ് കുട്ടിയുടെ കുടുംബം ആരോപിക്കുന്നത്.

കൃഷ്ണകുമാര്‍ എന്ന കുട്ടിക്കാണ് ദാരുണാന്ത്യം ഉണ്ടായത്. ഛര്‍ദിയെ തുടര്‍ന്നാണ് കുട്ടിയെ ശ്രീ ഗണപതി ഹോസ്പ്റ്റലിലെ അജിത്കുമാര്‍ പുരി എന്ന ഡോക്ടറുടെ അടുത്ത് രക്ഷിതാക്കള്‍ എത്തിച്ചത്. മരുന്ന് നല്‍കിയതോടെ കുട്ടിക്ക് ആശ്വാസം ലഭിക്കുകയും ചെയ്തു. കുട്ടിയെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ച ശേഷം കൂടെയുണ്ടായിരുന്ന അച്ഛന്‍ ചന്ദന്‍ഷായെ ആശുപത്രിക്ക് പുറത്തേക്ക് പറഞ്ഞ് അയച്ച ശേഷം ഒരു അനുമതിയും വാങ്ങാതെ ശസ്ത്രക്രിയ നടത്തുകയായിരുന്നു.

ശസ്ത്രക്രിയക്ക് ശേഷം കുട്ടി വേദനയുണ്ടെന്ന് പരാതി പറഞ്ഞപ്പോള്‍ ഡോക്ടര്‍ ദേഷ്യപ്പെടുകയും ചെയ്തു.പിന്നാലെ കുട്ടിയുടെ ശ്വാസം നിലച്ചു. സിപിആര്‍ നല്‍കിയ ശേഷമാണ് ആംബുലന്‍സില്‍ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചത്. യാത്രക്കിടയില്‍ തന്നെ കുട്ടി മരിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം ബന്ധുക്കളെ അറിയിക്കാതെ പാട്‌നയിലെ ആശുപത്രിയില്‍ എത്തിച്ച ശേഷം ഒരു കോണിപടിക്ക് സമീപം മൃതദേഹം ഉപേക്ഷിച്ച് ഡോക്ടറും സംഘവും രക്ഷപ്പെടുകയായിരുന്നു.

കുട്ടിയെ ചികിത്സിച്ചത് വ്യജ ഡോക്ടർ ആണോയെന്ന സംശയവും കുടുംബം ഉന്നയിച്ചിട്ടുണ്ട്. കുടുബത്തിന്റെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ഒളിവില്‍ പോയ ഡോക്ടര്‍ക്കായി അന്വേഷണവും തുടങ്ങി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top