16 കുട്ടികളെ എന്തുകൊണ്ട് ജനിപ്പിച്ചുകൂടാ എന്ന് സ്റ്റാലിന്‍; ചര്‍ച്ചയായി ജനസംഖ്യ കൂട്ടണമെന്ന ആഹ്വാനം

കുട്ടികളുടെ എണ്ണം കൂട്ടണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. ഇന്ന് ലോക്‌സഭാ മണ്ഡലങ്ങള്‍ കുറഞ്ഞുവരുന്നു. കുട്ടികളുടെ എണ്ണം എന്തിന് കുറയ്ക്കണം എന്ന ചോദ്യവും ഉയര്‍ന്നുവരുന്നുണ്ട്. എന്തുകൊണ്ട് പതിനാറ് കുട്ടികളെ ജനിപ്പിച്ചുകൂടാ, സ്റ്റാലിന്‍ ചോദിച്ചു. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡുവിന് പിന്നാലെയാണ് കുട്ടികളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ആഹ്വാനം സ്റ്റാലിനും നടത്തുന്നത്. ചെന്നൈയിലെ സമൂഹവിവാഹം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു സ്റ്റാലിന്റെ ആഹ്വാനം.

“തമിഴില്‍ പഴഞ്ചൊല്ലുണ്ട്. പതിനാറും പെട്ര് പെരുവാഴ്‌വ് വാഴ്ക. അതായത് പതിനാറ് തരത്തിലുള്ള സമ്പത്തുണ്ടാകട്ടെയെന്ന്. അതിനര്‍ത്ഥം നിങ്ങള്‍ക്ക് 16 കുട്ടികള്‍ ഉണ്ടാകട്ടെ എന്നല്ല. ഇപ്പോള്‍ അനുഗ്രഹങ്ങളുടെ സ്വഭാവം മാറുകയാണ്. നിറയെ പശുക്കളും ഭൂമിയും ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥനയുണ്ട്. നല്ല കുഞ്ഞുങ്ങള്‍ ജനിക്കാനും നല്ല വിദ്യാഭ്യാസം നല്‍കാനും കഴിയട്ടെ എന്നും പ്രാര്‍ത്ഥനയുണ്ട്. ഇപ്പോള്‍ നമുക്ക് ചെറുതും സമ്പന്നവുമായ കുടുംബമല്ല വേണ്ടത് നമുക്ക് കൂടുതല്‍ കുട്ടികള്‍ വേണം.” – സ്റ്റാലിന്‍ പറഞ്ഞു.

ആളുകളുടെ എണ്ണത്തിന് അനുസരിച്ച് ലോക്സഭാ മണ്ഡലങ്ങളും കുറയുകയും കൂടുകയും ചെയ്യുന്ന ഡീ ലിമിറ്റേഷന് കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിച്ചിട്ടുണ്ട്. ജനസംഖ്യ കുറവുള്ള സംസ്ഥാനങ്ങളില്‍ പാര്‍ലമെന്റ് സീറ്റ് കുറയും. കൂടുതല്‍ ഉള്ള ഇടങ്ങളില്‍ സീറ്റ് കൂടുകയും ചെയ്യും. ഇതിന്റെ പശ്ചാത്തലത്തിലാണ്‌ സ്റ്റാലിന്റെ പ്രസ്താവന.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top