ബുൾഡോസറുകൾ നീതി നടപ്പാക്കുമ്പോൾ… ആറു വർഷത്തിൽ 16 ലക്ഷം പേർ ഭവനരഹിതരായെന്ന് കണക്ക്

ക്രിമിനൽ കേസിൽ പ്രതികളാകുന്നവരുടെ വീടിടിച്ച് നിരത്തുന്ന ബുൾഡോസർ രാജ് അനുവദിക്കാനാകില്ലെന്ന് സുപ്രീം കോടതി നേരത്തെ തന്നെ നിലപാട് എടുത്തിരുന്നു. ഇത് നിയന്ത്രിക്കാൻ രാജ്യവ്യാപകമായി മാർഗനിർദേശം പുറപ്പെടുവിക്കുന്നത്‌ പരിഗണനയിലാണെന്നും അടുത്തയിടെ സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. സമാനമായ അഭിപ്രായമാണ് ജസ്റ്റിസ് ഭൂഷൺ ആർ ഗവായ്, ജസ്റ്റിസ് കെ വി വിശ്വനാഥൻ എന്നിവരുടെ ബഞ്ച് ഇക്കഴിഞ്ഞ ദിവസവും പ്രകടിപ്പിച്ചത്. പൊതുസ്ഥലത്തെ കയ്യേറ്റം ഒഴിപ്പിക്കാനല്ലാതെ ഒക്ടോബർ ഒന്നുവരെ രാജ്യത്തൊരിടത്തും ഇടിച്ചുനിരത്തൽ പാടില്ല എന്നാണ് ഇടക്കാലവിധി. ബുൾഡോസർ നീതി ഏറ്റവുമധികം നടപ്പാക്കിയ ഉത്തർപ്രദേശിന് മാത്രമല്ല, മറ്റെല്ലാ സംസ്ഥാനങ്ങൾക്കും ഇത് ബാധകമാണ്.

2017ൽ ഉത്തർ പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമാണ് ബുൾഡോസർ എന്ന യന്ത്രം നീതി നടപ്പാക്കലിൻ്റെ അവിഭാജ്യ ഘടകമായി മാറിയത്. യുപിയിലെ താറുമാറായ ക്രമസമാധാനം ഉറപ്പാക്കുന്നതോടൊപ്പം ഗുണ്ടകളെ വേട്ടയാടിപ്പിടിക്കാൻ സർക്കാർ തുനിഞ്ഞിറങ്ങി. അതിൻ്റെ ഭാഗമായി ഗുണ്ടകളെ പിടിച്ച് അകത്തിടുകയും പിന്നാലെ അവർ അവിഹിത മാർഗങ്ങളിലൂടെ സമ്പാദിച്ച കെട്ടിടങ്ങളും വീടുകളും ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു നിരത്താനും തുടങ്ങി. സർക്കാരിൻ്റെ ഈ നീക്കത്തിന് തുടക്കത്തിൽ വലിയ പിന്തുണ കിട്ടി. ഗുണ്ടാനേതാക്കളായ വികാസ് ദുബെ, മുക്താർ അൻസാരി, അതീഖ് മുഹമ്മദ് എന്നീ കൊടും കുറ്റവാളികളെ അറസ്റ്റ് ചെയ്ത് ജയിലിൽ ആക്കിയതോടൊപ്പം ഇവരുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾ ഒന്നൊഴിയാതെ ഇടിച്ചുനിരത്തി.

ഗുണ്ടകളെ അടിച്ചമർത്തുന്നതിൻ്റെ മറവിൽ ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട മുസ്ലീങ്ങളുടെയും പിന്നോക്ക വിഭാഗക്കാരുടെയും വാസസ്ഥലങ്ങളും കെട്ടിടങ്ങളും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ തച്ചുടയ്ക്കുന്നതും ഉന്മൂലനം ചെയ്യുന്നതും പതിവായി. മധ്യപ്രദേശ്, അസം, ഉത്തർഖണ്ഡ്, രാജസ്ഥാൻ, കർണാടക എന്നീ സംസ്ഥാനങ്ങളും ഈ യുപി മാതൃകയിൽ ബുൾഡോസർ ഉപയോഗിച്ചുള്ള നീതി നിർവഹണം പതിവാക്കി. കുറ്റവാളികളെ മര്യാദ പഠിപ്പിക്കുന്നു എന്നതിൻ്റെ മറവിലായിരുന്നു ഈ ‘സ്റ്റേറ്റ് സ്പോൺസേർഡ് ബുൾഡോസർ നീതി’ നടപ്പാക്കൽ. കോടതി കുറ്റക്കാരെന്ന് കണ്ടെത്താത്ത കുറ്റാരോപിതർക്ക് കോടതിക്ക് പുറത്ത് ശിക്ഷ വിധിക്കുന്ന കാട്ടുനീതിയുടെ പുതിയ രൂപമാണ് ഈ ‘ബുൾഡോസർ രാജ്’.

ഹൗസിംഗ് ആൻ്റ് ലാൻ്റ് റൈറ്റ്സ് നെറ്റ് വർക്ക് (HLRN) എന്ന സന്നദ്ധ സംഘടനയുടെ കണക്കുകൾ പ്രകാരം 2022-23ൽ മാത്രം ഏഴര ലക്ഷം പേരെ കുടിയൊഴിപ്പിക്കുകയും 1.53 ലക്ഷം കെട്ടിടങ്ങൾ ഗ്രാമ- നഗര പ്രദേശങ്ങളിലായി ഇടിച്ചു നിരത്തുകയും ചെയ്തു. ചിലയിടങ്ങളിൽ കോടതി ഉത്തരവുകളും ഇതിന് മറയായിട്ടുണ്ട്. എന്നാൽ ഏത് ഉത്തരവ് പ്രകാരമായാലും ഇത്തരം കടുത്ത നടപടിയിലേക്ക് കടക്കുമ്പോൾ പാലിക്കേണ്ട അടിസ്ഥാന നടപടിക്രമങ്ങളെല്ലാം കാറ്റിൽപറത്തുകയാണ്. 2022ലും 2023ലുമായി മൂന്ന് ലക്ഷം പേരെയാണ് കോടതി ഉത്തരവ് പ്രകാരം കുടിയൊഴിപ്പിച്ചത്. സകല മനുഷ്യാവകാശങ്ങളും ലംഘിക്കുകയും സർവോപരി മനുഷ്യാന്തസ് തകർക്കുകയും ചെയ്യുന്ന വിധത്തിലാണ് സർക്കാരുകൾ ഇരകളോട് പെരുമാറിയത്. അത്യന്തം ക്രൂരവും നിന്ദ്യവുമായ വിധത്തിലായിരുന്നു ഈ കുടിയൊഴിപ്പിക്കൽ നടത്തിയതെന്ന് HLRN റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

2022ൽ മാത്രം 178 ഇടിച്ചു നിരത്തൽ കേസുകളുടെ ഉത്തരവുകളിലൂടെ ഗ്രാമ- നഗര പ്രദേശങ്ങളിൽ 46371 വീടുകളും കെട്ടിടങ്ങളും ഇടിച്ചുനിരത്തി. 2023ൽ 146 കേസുകളിലായി 1,07,499 വീടുകളിൽ താമസിച്ചിരുന്ന 5.15 ലക്ഷം മനുഷ്യരെ തെരുവിലിറക്കി. ബലപ്രയോഗത്തിലുടെയുള്ള കുടിയൊഴിപ്പിക്കൽ നടന്നത് മുഴുവൻ ഉത്തർപ്രദേശിലും മധ്യപ്രദേശിലുമായിരുന്നു. 2023ലാണ് ഏറ്റവും കൂടുതൽ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്ത് തരിപ്പണമാക്കിയത്. HLRNൻ്റെ കണക്കുകൾ പ്രകാരം 2023ൽ പ്രതിദിനം 294 വീടുകൾ തകർത്തപ്പോൾ ഒരു മണിക്കൂറിൽ ശരാശരി 58 മനുഷ്യരാണ് ഭവനരഹിതരായത്. 2017 മുതൽ 2023 വരെ 16 ലക്ഷത്തിലധികം പേരാണ് ഇത്തരത്തിൽ ഭവനരഹിതരായത്.

ഡൽഹിയിലെ തുഗ്ലക്കാബാദ്, അഹമ്മദബാദിലെ രാംപിർ, ഫൈസബാദ് ജില്ലയിൽപ്പെട്ട അയോധ്യയിലെ നയാഘട്ട് എന്നിവിടങ്ങളിലാണ് വൻ തോതിൽ കുടിയൊഴിപ്പിക്കൽ നടന്നത്. ഇവിടെയെല്ലാം ഭൂമിയും വീടും നഷ്ടപ്പെട്ടവരിൽ 99 ശതമാനം പാവപ്പെട്ടവരും ന്യൂനപക്ഷ വിഭാഗങ്ങളിൽ പ്പെട്ടവരുമായിരുന്നു. നഗര, ചെറുകിട നഗര, ഗ്രാമ പ്രദേശങ്ങൾക്കു പുറമെ ഡൽഹി, നവി മുംബൈ, ഗുഡ്ഗാവ്, അഹമ്മദബാദ് തുടങ്ങിയ വൻ നഗരങ്ങളിലും ചേരിനിർമ്മാർജ്ജനത്തിൻ്റെ മറവിലും ബുൾഡോസറുകൾ പാവപ്പെട്ടവൻ്റെ കൂരകൾ ഇടിച്ചു നിരത്തിയിട്ടുണ്ട്. വികസനത്തിൻ്റെ നഗരവൽക്കരണത്തിൻ്റെയും മറവിലാണ് ഇവിടെയെല്ലാം പാവപ്പെട്ടവരുടെ നെഞ്ചിലൂടെ ബുൾഡോസറുകൾ കയറിയിറങ്ങിയത്. ജീവിത സമ്പാദ്യമെല്ലാം നിമിഷങ്ങള്‍ക്കകം മണ്‍കൂനയായി എന്ന് മാത്രമല്ല, ഉപജീവനമാര്‍ഗങ്ങളും നശിപ്പിക്കപ്പെട്ടു.

വർഗീയ സംഘട്ടനങ്ങളുടെ മറവിൽ പാവപ്പെട്ടവരുടേയും മുസ്ലീങ്ങളുടേയും വീടുകൾ ഇടിച്ചു നിരത്തുന്ന ഭരണകൂട ഭീകരതക്കെതിരെ ലോകത്തിലെ പ്രമുഖ മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇൻ്റർനാഷണലിൻ്റെ 2022ലെ റിപ്പോർട്ടിൽ രേഖപ്പെടുത്തിയത് ഇങ്ങനെയാണ് – “നിങ്ങൾ സർക്കാരിനെതിരെ സംസാരിച്ചാൽ നിങ്ങളുടെ വീടുകൾ ഇടിച്ചു നിരത്തപ്പെടും”. കഴിഞ്ഞ വർഷം മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്സ് വാച്ചിൻ്റെ റിപ്പോർട്ടിലും ന്യൂനപക്ഷങ്ങൾക്കും ദളിതർക്കുമെതിരെ ബിജെപി സർക്കാരുകൾ നടത്തുന്ന ബുൾഡോസർ /രാജിനെതിരെ കടുത്ത വിമർശനമാണ് ഉയർത്തിയത്. നീതി നടപ്പാക്കലിൻ്റെ മറവിൽ നടക്കുന്ന അനീതിക്കെതിരെ ഒടുക്കം സുപ്രീം കോടതിക്ക് ഇടപെടേണ്ടി വന്നിരിക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top