ക്ലിഫ് ഹൗസില്‍ കോടികള്‍ മുടക്കി മതിയാകാതെ സര്‍ക്കാര്‍; കണ്‍ട്രോള്‍ റൂം നവീകരണത്തിന് 16 ലക്ഷം

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ കോടികള്‍ മുടക്കി നവീകരണം നടത്തിയിട്ടും മതിയാകാതെ സര്‍ക്കാര്‍. കാലി തൊഴുത്തു മുതല്‍ ചുറ്റുമതിലുവരെ കോടികള്‍ ചിലവഴിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ സര്‍ക്കാര്‍ ഇനി നവീകരിക്കാന്‍ പോകുന്നത് പോലീസ് കണ്‍ട്രോള്‍ റൂമാണ്. ഇതിനായി മന്ത്രി മുഹമ്മദ് റിയാസിന്റെ വകുപ്പായ പൊതുമരാമത്ത് ടെണ്ടര്‍ ക്ഷണിച്ചു. 16.31 ലക്ഷത്തിനാണ് പോലീസ് കണ്‍ട്രോള്‍ റൂം നവീകരിക്കുന്നത്.

എന്തെല്ലാം നവീകരണ പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് ടെണ്ടറില്‍ വ്യക്തമാക്കിയിട്ടില്ല. ടെണ്ടര്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ രണ്ടാണ്. ഇതുകൂടാതെ ക്ലിഫ് ഹൗസില്‍ കംപ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക് സ്ഥാപിക്കുന്നതിനും ടെണ്ടര്‍ ക്ഷണിച്ചിട്ടുണ്ട്. 5.08 ലക്ഷമാണ് ലാന്‍ നെറ്റ്‌വര്‍ക്കിന്റെ ചിലവ്. നാളെ വരെയാണ് ഇതിന് ടെണ്ടര്‍ സമര്‍പ്പിക്കേണ്ടത്.

ക്ലിഫ് ഹൗസ് നവീകരിക്കുന്നതിന് കോടികളാണ് സര്‍ക്കാര്‍ ചിലവിടുന്നത്. ഇതില്‍ ഏറിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും ചെയ്തിരിക്കുന്നത് ഊരാളുങ്കല്‍ സൊസൈറ്റിയാണ്. അതുകൊണ്ട് തന്നെ ടെണ്ടറിലെ സുതാര്യത സംബന്ധിച്ചും ആരോപണങ്ങളുണ്ട്.

2021 ല്‍ മാത്രം 2.19 കോടിയുടെ നവീകരണ പ്രവര്‍ത്തനങ്ങളാണ് ക്ലിഫ് ഹൗസില്‍ നടന്നത്. കാലി തൊഴുത്ത് 42.50 ലക്ഷം, ടോയ് ലെറ്റിന് 3.79 ലക്ഷം, സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ 39.54 ലക്ഷം, ടാറിംഗ് 1.55 ലക്ഷം, സിസിടിവി 15.89 ലക്ഷം, മണ്‍സൂണിന് മുന്നോടിയായുള്ള അറ്റകുറ്റപണിക്ക് 1.69 ലക്ഷം, ഡീസല്‍ ജനറേറ്റര്‍ 6 ലക്ഷം, കര്‍ട്ടന്‍ 7 ലക്ഷം, പോലീസ് ബാരക്ക് 72.46 ലക്ഷം, മരത്തിന്റെ ചില്ല മുറിച്ചത് 1.77 ലക്ഷം, ഗാര്‍ഡ് റൂമില്‍ കബോര്‍ഡിന് 1.39 ലക്ഷം, ഇന്റീരിയര്‍ വര്‍ക്ക് 3.50 ലക്ഷം, നടപ്പാത 13.62 ലക്ഷം, പെയിന്റിംഗ് 10.70 ലക്ഷം എന്നിങ്ങനെയാണ് ക്ലിഫ് ഹൗസില്‍ 2021 ല്‍ പൊതുമരാമത്ത് വകുപ്പ് മുഖേന നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴാണ് ഈ നവീകരണ പ്രവര്‍ത്തനങ്ങള്‍ നിര്‍ബാധം തുടരുന്നത്. ക്ഷേമ പെന്‍ഷനില്‍ അടക്കം 5 മാസത്തെ കുടിശ്ശിക നിലനില്‍ക്കുന്നുമണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top