16വയസിനിടെ 20 മോഷണം, കൊലപാതകം; മകനു വേണ്ടി ഒരു നിയമസഹായവും തേടില്ലെന്ന് പിതാവ്
‘എന്റെ മകനെ രക്ഷിക്കാന്‍ ഞാന്‍ ഒരിക്കലും അഭിഭാഷകനേയോ, നിയമ സഹായമോ തേടാന്‍ ഉദ്ദേശിക്കുന്നില്ല’ നെഞ്ച് തകര്‍ന്ന് ഒരു പിതാവ് പോലീസുകാരോട് പറഞ്ഞ വാക്കുകളാണിവ. ഹരിയാനയിലെ ഗുഡ്ഗാവിലെ 16കാരനായ ബാലന്‍ അയല്‍വാസിയായ ഒന്‍പത് വയസുകാരിയെ കൊന്ന് കത്തിച്ച സംഭവം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഓണ്‍ലൈന്‍ ഗെയിം കളിച്ചുണ്ടാക്കിയ കടം വീട്ടാന്‍ ഈ മാസം മാത്രം 20 മോഷണം നടത്തിയ ഈ ബാലനെ മാതാപിതാക്കള്‍ക്കു പോലും നിയന്ത്രിക്കാനവാത്ത സ്ഥിതിയാണെന്ന് പിതാവ് പോലീസിനോട് പറഞ്ഞതാണ് പൊതു സമൂഹം ചര്‍ച്ച ചെയ്യുന്നത്.
ഇടത്തരം കുടുംബത്തിലെ അംഗമാണ് ഈ കുട്ടി. പഠനത്തില്‍ മോശമായതിന്റെ പേരില്‍ അച്ഛന്‍ മകനെ ശാസിച്ചിരുന്നു. അന്നവന്‍ വീടു വിട്ടു പോയി. ഒരു തരത്തിലും മെരുങ്ങാത്ത ഇവന്‍ സ്വന്തം വീട്ടില്‍ നിന്നും മറ്റിടങ്ങളില്‍ നിന്നും പണവും വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷ്ടിക്കുന്നതും പതിവായിരുന്നു. കാശിനു വേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്ത കുട്ടിയാണ് പ്രതിയെന്നാണ് പോലീസ് പറയുന്നത്.
തിങ്കളാഴ്ച ഉച്ചക്ക് അയല്‍വീട്ടില്‍ നിന്ന് പ്രതി സ്വര്‍ണം മോഷ്ടിക്കുന്നത് കാണാനിടയായ ഒന്‍പത് വയസുകാരിയെ കഴുത്തില്‍ തുണി മുറുക്കിയാണ് കൊലപ്പെടുത്തിയത്. അതിനുശേഷം കര്‍പ്പൂരമിട്ട് കുഞ്ഞിന്റെ മൃതദേഹം കത്തിക്കുകയും ചെയ്തു. മോഷ്ടിച്ച സ്വര്‍ണങ്ങള്‍ വാങ്ങുന്ന ജ്വല്ലറിക്കാരുമായി തനിക്ക് നല്ല പരിചയമുണ്ടെന്നും പലവട്ടം സ്വര്‍ണം അടിച്ചുമാറ്റി വിറ്റിട്ടുണ്ടെന്നുമാണ് പ്രതി പോലീസിനോട് വ്യക്തമാക്കിയിരിക്കുന്നത്. അതിക്രൂരമായ ഈ കൊലപാതകം ചെയ്തതില്‍ യാതൊരു പശ്ചാത്താപവും പ്രതിക്കില്ലെന്ന് പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ നവീന്‍ കുമാര്‍ പറഞ്ഞു. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ കീഴിലുള്ള ഹോസ്റ്റലിലാണ് പ്രതിയെ ഇപ്പോള്‍ പാര്‍പ്പിച്ചിരിക്കുന്നത്.
അയല്‍വീട്ടില്‍ പെണ്‍കുട്ടിയല്ലാതെ ആരുമില്ലെന്ന് മനസിലാക്കിയാണ് 16കാരന്‍ അവിടെ എത്തിയത്. ഹോംവര്‍ക്ക് ചെയ്യാന്‍ സഹായിക്കാമെന്ന് പറഞ്ഞ് മുറിക്കുള്ളില്‍ കടന്നു കൂടിയ പ്രതി സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ച അലമാര തുറക്കാന്‍ ശ്രമിച്ചതിനെ പെണ്‍കുട്ടി എതിര്‍ത്തപ്പോഴാണ് കഴുത്തില്‍ തുണി മുറുക്കി കൊല നടത്തിയത്. മൃതദേഹം കത്തിക്കുന്നതിനിടയില്‍ പെണ്‍കുട്ടിയുടെ അമ്മ പെട്ടെന്ന് എത്തിയതോടെ ഓടി രക്ഷപെടാന്‍ ശ്രമിച്ച ബാലനെ തടഞ്ഞുവെക്കുകയായിരുന്നു. ഹൗസിംഗ് കോളനിയിലെ വീട്ടുകാര്‍ക്കെല്ലാം പ്രതി തലവേദനയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഈ കുട്ടി ക്രിമിനലിന്റെ പ്രവര്‍ത്തികള്‍ മൂലം മാതാപിതാക്കള്‍ ആകെ തകര്‍ന്നിരിക്കുകയാണ്. മകനെ ഒരുതരത്തിലും ന്യായീകരിക്കാനോ നിയമ സഹായം നല്‍കാനോ കുടുംബം ഒരുക്കമല്ലെന്ന് പോലീസിനോട് ആ പിതാവ് പറഞ്ഞത് നിറകണ്ണുകളോടായിരുന്നു. ബാലന്‍ ലഹരിമരുന്നിന് അടിമയാണോ എന്ന കാര്യം പോലീസ് പരിശോധിക്കുകയാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here