7 വര്‍ഷത്തിനിടെ 1667 കിഡ്‌നാപ്പ് കേസുകള്‍; ഭയപ്പെടേണ്ട, പലതും സാങ്കേതികമായ കേസുകള്‍ മാത്രം

തിരുവനന്തപുരം : കൊല്ലം ഓയൂരില്‍ തട്ടിക്കൊണ്ടു പോയ ആറുവയസ്സുകാരി അബിഗേലിനെ 20 മണിക്കൂറിന് ശേഷമാണ് കണ്ടെത്താനായത്. ഏറെ ആശ്വാസം നല്‍കുന്ന കാര്യമാണെങ്കിലും സംസ്ഥാനത്തെ തട്ടിക്കൊണ്ട്പോകല്‍ സംബന്ധിച്ച കണക്കുകള്‍ വളരെ വലുതാണ്‌. 7 വര്‍ഷത്തിനിടെ 1667 കേസുകളാണ് സംസ്ഥാനത്ത് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. പിണറായി വിജയന്‍ മന്ത്രിസഭ അധികാരമേറ്റ 2016 മുതല്‍ ഈ സെപ്റ്റംബര്‍ വരെയുള്ള കണക്കുകളാണിത്. ഒരോ വര്‍ഷവും ഇത്തരം തട്ടിക്കൊണ്ടുപോകല്‍ കേസുകള്‍ വര്‍ദ്ധിക്കുന്നതായാണ് ക്രൈം റെക്കോര്‍ഡസ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 2016 ല്‍ 157, 2017 ല്‍ 184 , 2018 ല്‍ 205, 2019 ല്‍ 280, 2020 ല്‍ 200, 2021 ല്‍ 257, 2022 ല്‍ 269, 2023 സെപ്റ്റംബര്‍ വരെ 115 എന്നിങ്ങനെയാണ് കേസുകളുടെ എണ്ണം. എന്നാല്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം കേരളത്തില്‍ ആദ്യമാണ്.

കേരളത്തില്‍ പലപ്പോഴും തട്ടിക്കൊണ്ടുപോകല്‍ കേസുകള്‍ സാങ്കേതികത്വത്തിന്റെ പേരില്‍ മാത്രം രജിസ്റ്റര്‍ ചെയ്യപ്പെടുന്നതാണ്. 18 വയസില്‍ താഴെയുള്ള എല്ലാവരും നിയമ പ്രകാരം കുട്ടികളാണ്. പ്രേമബന്ധത്തിന്റെ പേരിലും മറ്റും വീടുവിട്ട് പോകുന്ന 18 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ കണ്ടെത്തി തിരിച്ചെത്തിക്കുമ്പോള്‍ ഒപ്പം പോയയാളുടെ പേരില്‍ തട്ടിക്കൊണ്ടുപോകലിന് കേസെടുക്കുന്നത് പതിവാണ്. ഇത്കൂടാതെ കുടുംബ പ്രശ്‌നങ്ങളുടെ പേരിലും കുട്ടികളെ മാറ്റുമ്പോള്‍ പോലീസ് ആദ്യം രജിസ്റ്റര്‍ ചെയ്യുന്നത് ഇത്തരം കേസുകളാണ്. ഇവയെല്ലാം പോലീസിന്റെ രേഖകളില്‍ തട്ടിക്കൊണ്ടുപോകല്‍ കേസുകളാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top