കരാട്ടെക്കൊപ്പം ലൈംഗിക പീഡനവും; ‘പരമഗുരു’ ചമഞ്ഞ് മലപ്പുറത്തെ അധ്യാപകന്‍; ഇരകളുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത്

മലപ്പുറം: എടവണ്ണപ്പാറയില്‍ പതിനേഴു വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായ കരാട്ടെ അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ വിദ്യാര്‍ത്ഥികള്‍. താന്‍ പരമഗുരു ആണെന്നും അര്‍പ്പണ മനോഭാവമുള്ള കുട്ടികള്‍ക്ക് മാത്രമേ വിജയിക്കാനാകൂ എന്നും അധ്യാപകന്‍ വി.സിദ്ദിഖ് അലി കരാട്ടെ ക്ലാസിന്റെ ആദ്യ ദിനം മുതല്‍ വിശ്വസിപ്പിച്ചാണ് പരിശീലനം നല്‍കിയത്. ഇതിന്റെ ഭാഗമായി ശരീരത്തിന്‍റെ പലഭാഗങ്ങളില്‍ പ്രതി സ്പര്‍ശിച്ചിരുന്നതായും മുന്‍ വിദ്യാര്‍ത്ഥിനി പറയുന്നു. സിദ്ദിഖിനെതിരെ മുന്‍പ് പരാതി നല്‍കിയിരുന്നെങ്കിലും ഭീഷണി കാരണം പിന്‍വലിച്ചതായി മറ്റൊരു പെണ്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

‘മറ്റൊരാളുടെ മനസ്സിലുള്ള കാര്യങ്ങള്‍ പറയാതെ തന്നെ അറിയാന്‍ കഴിയുന്ന ആളാണ് പരമഗുരു. അതിനാല്‍ ഗുരുവിന്‍റെ സാന്നിധ്യം ഉണ്ടെങ്കില്‍ മാത്രമേ ജീവിതത്തില്‍ വിജയിക്കാന്‍ കഴിയു. ഇതിന് പരമഗുരുവിന് പൂര്‍ണ്ണമായി സമര്‍പ്പിക്കാന്‍ തയ്യാറാകണം.’ ക്ലാസില്‍ പുതുതായി ചേരുന്ന കുട്ടികള്‍ക്ക് ഇങ്ങനെ നിര്‍ദ്ദേശം നല്‍കി അധ്യാപകന്‍ സിദ്ദിഖ് പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. ഇതിന് ഉദാഹരണം കാണിക്കാന്‍ അവിടെത്തന്നെ കരാട്ടെ പഠിപ്പിക്കുന്ന അധ്യാപികയെ വിളിച്ച് അവരോട് ചുംബനം ആവശ്യപ്പെട്ടു. ഉടന്‍ അധ്യാപിക സിദ്ദിഖിന് ചുംബനം നല്‍കി. ഇത് മാതൃക ആക്കണമെന്ന് സിദ്ദിഖ് ക്ലാസില്‍ പറഞ്ഞതായി പെണ്‍കുട്ടി പറയുന്നു.

ശരീരവും മനസും ഉള്‍പ്പെടുന്ന കലയാണ്‌ കരാട്ടെ, അതിനാല്‍ എല്ലാം അറിഞ്ഞു കഴിഞ്ഞാല്‍ മാത്രമെ കൃത്യമായ പരിശീലനം നല്കാന്‍ കഴിയൂ എന്ന് പറഞ്ഞ് ശരീരത്തിന്‍റെ പല ഭാഗങ്ങളില്‍ സ്പര്‍ശിച്ചതായി മറ്റൊരു പെണ്‍കുട്ടി വെളിപ്പെടുത്തി. ഇതിനെല്ലാം വ്യക്തമായ കാരണങ്ങള്‍ പറഞ്ഞ് വിശ്വസിപ്പിക്കും. തനിക്ക് മാത്രമല്ല അവിടെ പഠിക്കുന്ന ഭൂരിഭാഗം പെണ്‍കുട്ടികള്‍ക്കും സിദ്ദിഖില്‍ നിന്ന് ശാരീരിക പീഡനം നേരിട്ടതായി പറയുന്നു. പലരും അത് തിരിച്ചറിയാന്‍ പ്രായം ആകാത്തവര്‍ ആണ്. തിരിച്ചറിഞ്ഞിട്ടും പ്രതികരിക്കാതെ ഭയന്നു മാറി നില്‍ക്കുന്നവരും ഉണ്ടെന്ന് പെണ്‍കുട്ടി പറഞ്ഞു.

പീഡനം അസഹനീയമായപ്പോൾ പരിശീലനം മതിയാക്കി അധ്യാപകനെതിരെ പരാതി നൽകി. എന്നാല്‍ സിദ്ദിഖിന്റെ അഭിഭാഷകന്‍ പെണ്‍കുട്ടിയുടെ അച്ഛനെ നേരിട്ട് കണ്ട് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ പരാതി പിന്‍വലിച്ചതായി പെണ്‍കുട്ടി പറയുന്നു. കേസ് പിന്‍വലിക്കുന്നതാണ് നല്ലതെന്ന് പോലീസുകാരും പറഞ്ഞതായി പറയുന്നു.

കഴിഞ്ഞ ദിവസമാണ് വീട്ടില്‍ നിന്ന് കാണാതായ പതിനേഴു വയസുകാരിയെ ചാലിയാര്‍ പുഴയിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ കരാട്ടെ അധ്യാപകന്‍ സിദ്ദിഖ് അലിയെ പോലീസ്‌ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ മഞ്ചേരി പോക്സോ കോടതി റിമാന്‍ഡ്‌ ചെയ്തു. പെൺകുട്ടിയെ കരാട്ടെ മാസ്റ്റർ പീഡനത്തിന് ഇരയാക്കിയെന്ന കുടുംബത്തിന്‍റെ പരാതിയിലാണ് അറസ്റ്റ്. മുന്‍പും സിദ്ദീഖ് അലി പോക്സോ കേസിൽ റിമാൻഡിലായിട്ടുണ്ട്.

അതേസമയം മരിച്ച പെണ്‍കുട്ടി, നേരിട്ട പീഡനങ്ങളെക്കുറിച്ച് കോഴിക്കോട് ശിശുക്ഷേമ സമിതിക്ക് പരാതി നല്‍കിരുന്നു. ഇത് കൊണ്ടോട്ടി പോലീസിന് കൈമാറിയതിനെ തുടര്‍ന്ന് മൊഴിയെടുക്കാന്‍ ചെന്നെങ്കിലും പെണ്‍കുട്ടി സംസാരിക്കാന്‍ പറ്റുന്ന അവസ്ഥയില്‍ ആയിരുന്നില്ലെന്ന് പോലീസ്‌ പറയുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top