നിതീഷിന്‍റെ സ്വപ്നം വീണ്ടും ഗംഗയില്‍ പതിച്ചു; 1710 കോടിയുടെ പാലം തകരുന്നത് മൂന്നാം തവണ

ബിഹാറില്‍ നിർമാണം പുരോഗമിക്കുന്ന പാലം മൂന്നാം തവണയും തകർന്നു. 1710 കോടി രൂപ ചിലവിൽ ഗംഗാനദിക്ക് കുറുകേ നിർമിക്കുന്ന അഗുവാനി – സുല്‍ത്താന്‍ഗഞ്ച് പാലമാണ് തകർന്നത്. കഴിഞ്ഞ വർഷം ജൂൺ നാലിനും 2022 ജൂൺ 30നും പാലത്തിൻ്റെ തൂണുകൾ നദിയിൽ പതിച്ചിരുന്നു.
2015ൽ നിർമാണം ആരംഭിച്ച 3.16 കിലോമീറ്റർ നീളമുള്ള പാലം നിതീഷ് കുമാർ സർക്കാരിൻ്റെ സ്വപ്ന പദ്ധതിയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. എസ്‌കെ സിംഗ്ല കൺസ്ട്രക്ഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ സ്ഥാപനത്തിനാണ് കരാര്‍. ഒന്‍പത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പണി പൂർത്തിയാക്കാത്തതിന് എതിരെയും നിരവധി വിമർശനങ്ങൾ ഉയരുന്നുണ്ട്.
രണ്ട് വർഷം മുമ്പ് പാലം തകർന്നത് കൊടുങ്കാറ്റ് മൂലമായിരുന്നു എന്നാണ് സർക്കാര്‍ നല്‍കിയ വിശദീകരണം. രണ്ടാമത് പാലം തകർന്നപ്പോൾ കരാർ കമ്പനിക്കെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. നിർമാണത്തിലെ അപാകത ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാർട്ടികൾ അടക്കം രംഗത്ത് വന്നിരുന്നു. തുടർന്ന് കരാർ കമ്പനിക്ക് സർക്കാർ പിഴയിട്ടിരുന്നു. പാലത്തിൻ്റെ രൂപരേഖയിൽ ആവശ്യമെങ്കിൽ മാറ്റം വരുത്താനും ഹൈക്കോടതിയും നിർദേശിച്ചിരുന്നു. ഒരു വർഷത്തിനിടയിൽ സംസ്ഥാനത്ത് നടക്കുന്ന പന്ത്രണ്ടാമത്തെ പാലം തകർച്ചയാണിത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here