ഡിഎൻഎ ടെസ്റ്റിലൂടെ 18തരം കാൻസർ കണ്ടെത്താം; വിപ്ലവകരമായ കണ്ടുപിടുത്തമെന്ന് ശാസ്ത്രലോകം
വാഷിംഗ്‌ടൺ: കാൻസർ ചികിത്സാ രംഗത്ത് വിപ്ലവകരമായ കണ്ടുപിടുത്തവുമായി അമേരിക്കൻ ഗവേഷകർ. ഡിഎൻഎ പരിശോധന വഴി പതിനെട്ട് തരം കാൻസർ ആദ്യഘട്ടത്തിൽ തന്നെ കണ്ടു പിടിക്കാൻ സാധിക്കുന്ന ബ്ലഡ് പ്രോട്ടീൻ അനാലിസിസ് ടെസ്റ്റാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ലോകത്താകമാനം പ്രതിദിനം നടക്കുന്ന ആറ് മരണങ്ങളിൽ ഒന്ന് കാൻസർ മൂലമാണ്.
നിലവിലുള്ള കാൻസർ പരിശോധനാ സംവിധാനങ്ങളെക്കാൾ മികച്ച നിലവാരം പുലർത്തുന്നതാണ് ഈ കണ്ടുപിടുത്തമെന്ന് അമേരിക്കൻ ബയോടെക്ക് കമ്പനിയായ നോവെൽന അവകാശപ്പെടുന്നു. ഡിഎൻഎ വഴിയുള്ള രക്ത പരിശോധനയിലൂടെ കാൻസർ സാധ്യതകൾ കൃത്യതയോടെ കണ്ടുപിടിക്കാൻ കഴിയുമെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നുണ്ട്. മനുഷ്യ ശരീരത്തിലുള്ള എല്ലാ അവയവങ്ങളിലും കാൻസർ വരാൻ സാധ്യതയുണ്ടോയെന്ന് ഈ ടെസ്റ്റിലൂടെ കണ്ടെത്താൻ കഴിയുമെന്ന് ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയുന്നു.
ബ്ലഡ് പ്ലാസ്മയിലെ പ്രോട്ടീൻ പരിശോധിച്ചാൽ സാധാരണ സാംപിളിൽ നിന്ന് കാൻസർ സാംപിൾ വേർതിരിച്ച് അറിയാൻ സാധിക്കും. കൂടാതെ ഏതു തരം കാൻസർ ആണെന്നും ഇതിൽ നിന്ന് വ്യക്തമാകും. പ്ലാസ്മ പരിശോധന സ്ഥിരം ടെസ്റ്റുകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തുന്നത് ഉപകാരം ചെയ്യുമെന്നാണ് കാൻസർ ചികിത്സ വിദഗ്ദർ അഭിപ്രായപ്പെടുന്നത്. ബ്ലഡ് പ്രോട്ടീൻ പരിശോധനയിലൂടെ കുറഞ്ഞ ചിലവിൽ കൂടുതൽ കൃത്യതയോടെ എളുപ്പത്തിൽ കാൻസർ തിരിച്ചറിയാൻ സാധിക്കും. പരീക്ഷണ ഘട്ടത്തിൽ 18തരം കാൻസറുകൾ ഉള്ള 440 ആളുകളെയും പൂർണ ആരോഗ്യവാന്മാരായ 44 പേരെയും പരിശോധനക്കു വിധേയരാക്കി. പുരുഷന്മാരിലാണ് കാൻസർ കൂടുതലായി കാണുന്നത്, 93 ശതമാനം. 84 ശതമാനം സ്ത്രീകളിലും കാൻസർ കാണുന്നുണ്ട്. യു കെ യിൽ നടത്തുന്ന ഗലേറി ടെസ്റ്റിനേക്കാൾ കരുത്തുള്ള പരിശോധനയാണ് ഇപ്പോൾ വന്നിരിക്കുന്നത് എന്നാണ് വിലയിരുത്തല്‍.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here