സുഗന്ധഗിരി മരംമുറിയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ച; 18 ജീവനക്കാര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്ത് വനം വിജിലന്‍സ്

തിരുവനന്തപുരം : വയനാട് സുഗന്ധഗിരി വനം കൊള്ളയില്‍ ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തല്‍. മരംമുറി അന്വേഷിച്ച വനം വിജിലന്‍സ് സംഘമാണ് ഉദ്യോഗസ്ഥരുടെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ആദിവാസി കോളനിയിലെ വീടുകള്‍ക്ക് ഭീഷണിയായി നിന്ന 20 മരങ്ങള്‍ മുറിക്കാന്‍ നല്‍കിയ പെര്‍മിറ്റിന്റെ മറവില്‍ 126 മരങ്ങളാണ് അനധികൃതമായി മുറിച്ച് മാറ്റിയത്. സംഭവം വിവാദമായതോടെ വയനാട് മേഖലയിലെ ഉദ്യോഗസ്ഥരെ ഒഴിവാക്കി മരംമുറി അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക വനം വിജിലന്‍സ് സംഘമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

മേഖലയിലെ വിജിലന്‍സിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ അടക്കം അറിവോടെയാണ് മരംകൊള്ള നടന്നതെന്നാണ് കണ്ടെത്തല്‍. അനധികൃത മരംമുറിയുമായി ബന്ധപ്പെട്ട് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത ശേഷവും ഫീല്‍ഡ് പരിശോധന നടത്തി യഥാസമയം നടപടികള്‍ സ്വീകരിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാരായ 18 ജീവനക്കാര്‍ക്കെതിരെ വനം വിജിലന്‍സ് അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ നടപടിക്ക് ശുപാര്‍ശ ചെയ്തു. സൗത്ത് വയനാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ സജ്‌ന.എ, കല്‍പ്പറ്റ റെയ്ഞ്ച് ഓഫീസര്‍ നീതു.കെ, ഫ്‌ലൈയിംഗ് സ്‌ക്വാഡ് റെയ്ഞ്ച് ഓഫീസര്‍ സജീവന്‍.കെ., സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ കെ.കെ ചന്ദ്രന്‍, വീരാന്‍കുട്ടി, ഏഴ് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍, ആറ് വാച്ചര്‍മാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി ശുപാര്‍ശ ചെയ്തിരിക്കുന്നത്.

കുറ്റാരോപിതര്‍ക്കെതിരെ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ വനം അഡീഷണല്‍ ചീഫ് സെക്രട്ടറിയ്ക്ക് വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top