1800 കോടിയുടെ മെഫെഡ്രോൺ പിടികൂടി; ജയിലിൽ നിന്നും ഇറങ്ങി മയക്കുമരുന്ന് ഫാക്ടറി തുടങ്ങിയ ആള്‍ പിടിയില്‍
അനധികൃത മയക്കുമരുന്ന് നിർമാണ ഫാക്ടറിയിൽ നിന്നും ഏകദേശം 1800 കോടി രൂപ വിലമതിക്കുന്ന സിന്തറ്റിക് മരുന്നുകള്‍ പിടിച്ചെടുത്തു. മധ്യപ്രദേശിലെ ഭോപ്പാലിനടുത്തുള്ള ഫാക്ടറിയിൽ നടത്തിയ റെയ്ഡിലാണ് വൻ മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്. ഗുജറാത്ത് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും (എൻസിബി) തീവ്രവാദ വിരുദ്ധ സ്‌ക്വാഡും (എടിഎസ്) നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് നിയമവിരുദ്ധ മയക്കുമരുന്നു നിർമാണം കണ്ടെത്തിയത്.
ബഗ്രോഡ ഇൻഡസ്ട്രിയൽ ഏരിയയിൽ 2500 ചതുരശ്രയടി വിസ്തീർണമുള്ള ഒരു ഷെഡിനുള്ളിൽ പ്രവർത്തിക്കുന്ന ഫാക്ടറിക്കുള്ളിലായിരുന്നു അനധികൃത മയക്കുമരുന്ന് നിർമാണം. ഇവിടെ ഉൽപ്പാദിപ്പിച്ചിരുന്ന എംഡി (മെഫെഡ്രോൺ) മരുന്നുകളാണ് റെയ്ഡിൽ കണ്ടെടുത്തത്. രണ്ട് പേരെ അറസ്റ്റ് ചെയ്തു.
സന്യാൽ പ്രകാശ് ബാനെ, അമിത് ചതുർവേദി എന്നിവരാണ് പോലീസ് പിടിയിലായത്. 2017ൽ സമാനമായ എംഡി മയക്കുമരുന്ന് കേസിൽ സന്യാൽ പ്രകാശ് ബാനെ മുംബൈയിലെ അംബോലിയിൽ പിടിയിലായിരുന്നു. അഞ്ച് വർഷത്തെ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാൾ ചതുർവേദിയുമായി ചേർന്ന് നിയമവിരുദ്ധ മയക്കുമരുന്ന് നിർമാണശാല ആരംഭിക്കുകയായിരുന്നു.
ആറുമാസം മുമ്പ് ബഗ്രോഡ ഇൻഡസ്ട്രിയൽ ഏരിയയിൽ ഒരു ഷെഡ് വാടകയ്‌ക്കെടുത്തു. തുടർന്ന് നിരോധിത സിന്തറ്റിക് മരുന്നായ മെഫെഡ്രോൺ നിർമ്മിക്കാനുള്ള അസംസ്‌കൃത വസ്തുക്കളും ഉപകരണങ്ങളും എത്തിച്ചു. പ്രതിദിനം 25 കിലോ എംഡി മരുന്നാണ് ഇവിടെ ഉൽപ്പാദിച്ചിരുന്നത്. പരിശോധനയിൽ 907 കിലോ മെഫെഡ്രോണും 5000 കിലോ അസംസ്‌കൃത വസ്തുക്കളും പിടിച്ചെടുത്തു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here