ഇടുക്കിപാക്കേജിൽ ഒന്നും ചിലവാക്കിയില്ല, തുറന്നു സമ്മതിച്ച് സർക്കാർ; ‘പാക്കേജുകള്‍ നടപ്പാക്കാനാണ് പ്രഖ്യാപിക്കാനല്ല’ എന്ന് വീണ്ടും മുഖ്യമന്ത്രി മേനി പറയുമ്പോൾ

തൊടുപുഴ: മുഖ്യമന്ത്രി നേതൃത്വം കൊടുക്കുന്ന നവകേരള സദസ് ഇടുക്കി ജില്ലയില്‍ കഴിഞ്ഞ രണ്ട് ദിവസമായി പര്യടനം നടത്തുകയാണ്. സര്‍ക്കാര്‍ ഒരുപാട് വാഗ്ദാനങ്ങള്‍ പാലിച്ചെന്നും വികസനത്തിന്റെ കാര്യത്തില്‍ ജില്ല ബഹുദൂരം മുന്നിലാണെന്നുമൊക്കെയാണ് മുഖ്യമന്ത്രിയുടെ അവകാശവാദം. ഇന്ന് പതിവ് വാര്‍ത്താസമ്മേളനത്തില്‍ നടപ്പിലാക്കിയ കാര്യങ്ങള്‍ അദ്ദേഹം എണ്ണി പറയുകയും ചെയ്തു. പക്ഷേ ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ഇടതു സര്‍ക്കാര്‍ പ്രഖ്യാപിച്ച 18000 കോടിയുടെ ഇടുക്കി പാക്കേജിന്റെ ഗതിയെന്തായെന്ന് ഒരക്ഷരം പോലും പറയാന്‍ തയ്യാറായതുമില്ല.
2019ല്‍ പുനര്‍ജനി പദ്ധതി പ്രകാരം 5000 കോടി, 2020ല്‍ ഇടുക്കി പാക്കേജിനായി 1000 കോടി, 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി പിണറായി വിജയന്‍ കട്ടപ്പനയിലെത്തി പ്രഖ്യാപിച്ച 12000 കോടി എന്നിങ്ങനെയുള്ള കോടികളുടെ വാഗ്ദാനങ്ങള്‍ കടലാസിലാണോ, കടലിലാണോ എന്ന് പോലും ആര്‍ക്കും അറിയില്ല. നാളിതുവരെ ഈ പ്രഖ്യാപിച്ച പാക്കേജുകളില്‍ നിന്ന് ഒരു രൂപ പോലും ചിലവാക്കിയിട്ടില്ലെന്നാണ് ആനന്ദ് തോമസ് എന്ന വ്യക്തിക്ക് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ പറയുന്നത്. ഇടുക്കി ജില്ലയുടെ സമഗ്ര വികസനവും സമ്പല്‍സമൃദ്ധിയും ലക്ഷ്യമിട്ടു കൊണ്ടുള്ള പാക്കേജെന്നായിരുന്നു 2021 ഫെബ്രുവരി 25ന് കട്ടപ്പനയില്‍ വച്ച് മുഖ്യമന്ത്രിയുടെ വാഗ്ദാനം. കാര്‍ഷിക വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടി സ്ഥായിയായ കൃഷി പാക്കേജുകള്‍ നടപ്പാക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നൊക്കെയായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. അധികാരത്തില്‍ എത്തി രണ്ടരവര്‍ഷം കഴിഞ്ഞിട്ടും പറഞ്ഞ കാര്യങ്ങളൊന്നും തന്നെ നടപ്പിലാക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല.

2018ലെ പ്രളയത്തില്‍ തകര്‍ന്നു പോയ ഇടുക്കി ജില്ലയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി 2019ലെ ബജറ്റില്‍ തോമസ് ഐസക്ക് ‘പുനര്‍ജനി’ പാക്കേജെന്ന പേരില്‍ 5000 കോടി നീക്കിവച്ചിരുന്നു. 2020ല്‍ അടുത്ത പാക്കേജുമായി തോമസ് ഐസക്ക് വീണ്ടുമെത്തി. ഇത്തവണ 1000 കോടിയുടെ പാക്കേജായിരുന്നു പ്രഖ്യാപിച്ചത്. ഈ രണ്ട് പാക്കേജുകള്‍ തുടരെതുടരെ പ്രഖ്യാപിച്ചെങ്കിലും ഒരു രൂപ പോലും ഈ ഇനത്തില്‍ ചിലവഴിച്ചിട്ടില്ല. 12000 കോടിയുടെ പാക്കേജ് പ്രഖ്യാപിക്കുമ്പോള്‍ മുഖ്യമന്ത്രി കട്ടപ്പനയില്‍ പറഞ്ഞത് ‘പാക്കേജുകള്‍ നടപ്പാക്കാനുള്ളതാണ് പ്രഖ്യാപനങ്ങള്‍ക്ക് വേണ്ടിയല്ല’ – പക്ഷെ പാക്കേജുകള്‍ രണ്ടരവര്‍ഷമായിട്ടും പാക്കേജുകളായി തന്നെ തുടരുന്നു. എന്തുകൊണ്ടാണ് പ്രഖ്യാപിച്ച ഈ പാക്കേജുകളൊന്നും നടപ്പാക്കാത്തത് എന്ന കാര്യത്തില്‍ സര്‍ക്കാറിനോ ജില്ലയിലെ ഏക മന്ത്രിയായ റോഷി അഗസ്റ്റിനോ യാതൊരു മറുപടിയുമില്ല. ഇടുക്കി പാക്കേജില്‍ ഉള്‍പ്പെടുത്തി നടപ്പാക്കേണ്ട പദ്ധതികളുടെ അവലോകന യോഗങ്ങള്‍ ഇടയ്ക്കിടെ ജില്ലാതലത്തില്‍ നടക്കുന്നുണ്ടെന്നല്ലാതെ ഒരു പദ്ധതി പോലും പ്രവര്‍ത്തിപഥത്തില്‍ എത്തിയിട്ടുമില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here