ഏക വോട്ടര്‍ക്ക് വേണ്ടി 18 കിലോമീറ്റർ നടപ്പ്; 92കാരനായ ശിവലിംഗത്തെ തേടി ബാലറ്റ് പെട്ടി; ഇതാണ് ജനോത്സവത്തിൻ്റെ ശക്തി

തൊടുപുഴ: ശിവലിംഗം പണക്കാരനോ, പൗരപ്രമുഖനോ ആണെന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി. കിടപ്പുരോഗിയായ ഈ 92കാരനെത്തേടി രാജ്യത്തെ ഇലക്ഷൻ കമ്മീഷൻ്റെ ഉദ്യോഗസ്ഥർ 18 കിലോമീറ്റർ നടന്ന് കാട്ടിനുള്ളിലെ വീട്ടിലെത്തി വോട്ട് ചെയ്യിപ്പിച്ചു. ഓരോ വോട്ടും വിലയേറിയതാണ് എന്ന സന്ദേശമാണ് ഇലക്ഷൻ കമ്മീഷൻ നൽകിയത്. ഈ അസാധാരണ സംഭവം നടന്നത് ഇടുക്കി ജില്ലയിലെ ഇടമലക്കുടി പഞ്ചായത്തിലെ നൂറടിയിലാണ്. 85 വയസ് കഴിഞ്ഞ വയോജനങ്ങൾക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാമെന്ന സൗകര്യം പ്രയോജനപ്പെടുത്തുകയായിരുന്നു ശിവലിംഗം.
സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്താണ് ഇടമലക്കുടി. മൂന്നാറിൽ നിന്ന് അതിരാവിലെ പോളിംഗ് ഉദ്യോഗസ്ഥരായ മൂന്ന് സ്ത്രീകൾ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥ സംഘം ബുധനാഴ്ച (ഏപ്രില്‍ 17) ജീപ്പിൽ യാത്ര തിരിച്ച് എട്ട് മണിയോടെ വണ്ടി കടന്നു ചെല്ലാവുന്ന അവസാന പോയിൻ്റായ കേപ്പുകാട് എന്ന സ്ഥലത്തെത്തി. അവിടെ നിന്ന് കാട്ടുവഴികളിലൂടെ 18 കിലോമീറ്റർ നടന്ന് വേണം ശിവലിംഗത്തിൻ്റെ വീട്ടിലെത്താൻ.
കാട്ടുപോത്തും, ആനയും അപകടകാരികളായ മറ്റ് മൃഗങ്ങളും കടന്ന് വരാൻ സാധ്യതയുള്ള വഴികളിലൂടെയായിരുന്നു ഇവരുടെ യാത്ര. അഞ്ചു മണിക്കൂർ നീണ്ട കാൽനട യാത്രകൊണ്ടാണ് പോളിംഗ് സംഘം ശിവലിംഗത്തിൻ്റെ വീട്ടിലെത്തിയത്. ഏറെക്കാലമായി കിടപ്പിലാണ് ശിവലിംഗം. ചെറുമകൻ മോഹനൻ്റെ സഹായത്തോടെയാണ് വോട്ട് ചെയ്തത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉദ്യോഗസ്ഥ സംഘം വൈകുന്നേരം ഏഴ് മണിയോടെ കേപ്പുകാട് തിരിച്ചെത്തി.
മൂന്നാർ എഞ്ചിനീയറിംഗ് കോളജിലെ അസിസ്റ്റൻ്റ് പ്രൊഫസർ ജിഷ മെറിൻ ജോസ്, വൊക്കേഷണൽ ഹയർ സെക്കണ്ടറി അധ്യാപിക ആശ, ഡിഎഫ്ഒ ഓഫീസിലെ ക്ലർക്ക് എ.വി.ഡിസിമോൾ, ഇടമലക്കുടി വില്ലേജ് ഓഫീസർ ശ്യാം ജി.നാഥ് തുടങ്ങിയ ഉദ്യോഗസ്ഥരുടെ സംഘമാണ് പോളിംഗിന് നേതൃത്വം വഹിച്ചത്.
കേരളത്തിലെ ഏക ഗോത്രവർഗ ഗ്രാമപഞ്ചായത്തായ ഇടമലക്കുടി 2010 നവംബർ ഒന്നിനാണ് രൂപീകൃതമായത്. ഇടുക്കി ജില്ലയിലെ മൂന്നാറിൽ നിന്നും 32 കിലോമീറ്റർ വടക്ക് ഭാഗത്തായി ഘോരവനത്തിലാണ് ഈ ഗിരിവർഗമേഖല സ്ഥിതിചെയ്യുന്നത്. പഞ്ചായത്ത് രൂപീകൃതമാകുന്നതിന് മുന്‍പ് ഈ പ്രദേശം മൂന്നാർ ഗ്രാമ പഞ്ചായത്തിലെ പതിമൂന്നാം വാർഡായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here