ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നു; കാരണം സർക്കാരിൻ്റെ നികുതി നയമെന്ന് കോൺഗ്രസ്

മോദി സര്‍ക്കാര്‍ കൊട്ടിഘോഷിച്ച അച്ഛേദിന്‍ (നല്ല ദിനങ്ങള്‍) വെറും ബഡായി മാത്രമെന്ന് കോണ്‍ഗ്രസ്. കഴിഞ്ഞ വര്‍ഷം മാത്രം 2.16 ലക്ഷം ഇന്ത്യാക്കാര്‍ പൗരത്വം ഉപേക്ഷിച്ച് മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറിയെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗ് രാജ്യസഭയില്‍ വ്യക്തമാക്കി. ഇതിന്റെ പശ്ചാത്തലത്തിലാണ് വിമര്‍ശനം. ഉന്നത സാങ്കേതിക വിദ്യാഭ്യാസമുള്ളവരും സാമ്പത്തികശേഷി ഉള്ളവരുമാണ് മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുന്നത്. ഇതുമൂലം രാജ്യത്തിന്റെ സാമ്പത്തിക രംഗം കൂടുതല്‍ തകരുമെന്ന് കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് വിമര്‍ശിച്ചു.

വ്യവസായരംഗത്തുള്ള നിരവധി പേരാണ് ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് സിംഗപൂര്‍, യുഎഇ, യുകെ തുടങ്ങിയ രാജ്യങ്ങളിലേക്ക് താമസം മാറ്റിയിരിക്കുന്നത്. 2011ല്‍ 1,23,000 ഇന്ത്യക്കാരാണ് പൗരത്വം ഉപേക്ഷിച്ചത്. തുടര്‍ന്നുള്ള ഓരോ വര്‍ഷങ്ങളില്‍ കണക്കുകള്‍ ഇരട്ടിയിലധികമായി വര്‍ദ്ധിക്കുകയാണ്. ഈ വര്‍ഷം മാത്രം 17,000 കോടീശ്വരന്മാരാണ് പൗരത്വം ഉപേക്ഷിച്ചത്. രാജ്യത്തെ നികുതി സമ്പ്രദായങ്ങളും നികുതി നിയമങ്ങളുമാണ് വ്യവസായികളെ പൗരത്വം ഉപേക്ഷിക്കുകയെന്ന കടുത്ത തീരുമാനത്തിന് പ്രേരിപ്പിക്കുന്നതെന്നാണ് കോണ്‍ഗ്രസ് വിമര്‍ശനം.

കഴിഞ്ഞ 10 വര്‍ഷമായി കോര്‍പ്പറേറ്റ് രംഗത്ത് സര്‍ക്കാരുണ്ടാക്കിയ മോശം പ്രവണതകള്‍ പൗരത്വം ഉപേക്ഷിക്കുന്നതിന്റെ വേഗത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 2022, 2021, 2020, 2019 എന്നീ വര്‍ഷങ്ങളില്‍ 2.25 ലക്ഷം, 1.63 ലക്ഷം, 85256, 1.44 ലക്ഷം എന്നിങ്ങനെയാണ് പൗരത്വം ഉപേക്ഷിച്ചവരുടെ കണക്കുകള്‍. ഇത് രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ തകര്‍ക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ മനസിലാക്കണമെന്നും ജയറാം രമേശ് ആവശ്യപ്പെട്ടു. വ്യക്തിപരമായ കാരണങ്ങള്‍ നിമിത്തമാണ് പലരും പൗരത്വം ഉപേക്ഷിക്കുന്നത് എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ന്യായീകരണം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top