പോസ്റ്റ് പാളത്തിലിട്ടത് മുറിച്ചെടുക്കാൻ!! വിചിത്രവാദവുമായി കൊല്ലത്ത് പിടിയിലായവർ… അട്ടിമറി സാധ്യത തള്ളാതെ പോലീസ്

റെയിൽപാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് കൊണ്ടിട്ട കേസിൽ പിടിയിലായ പ്രതികൾ നല്ല ക്രിമിനൽ പശ്ചാത്തലമുള്ളവർ. അതുകൊണ്ട് തന്നെ ഇവരുടെ മൊഴികൾ മുഖവിലക്കെടുക്കാതെ കൂടുതൽ പരിശോധനകൾ നടത്തുകയാണ് പോലീസ്. കസ്റ്റഡിയിലുള്ള കുണ്ടറ സ്വദേശികളായ രാജേഷ്, അരുൺ എന്നിവരാണ് പിടിയിലായത്. ഇരുവരുടെയും പേരിൽ പത്തോളം കേസുകളുണ്ട്. കുണ്ടറയിലെ മുൻ എസ്ഐയെ ആക്രമിച്ച കേസിലെ പ്രതിയാണ് ഒരാൾ.
ടെലിഫോൺ പോസ്റ്റ് മോഷ്ടിച്ചതാണെന്നും അത് പാളത്തിലിട്ടാൽ ട്രെയിൻ കയറിയിറങ്ങുമ്പോൾ മുറിഞ്ഞുകിട്ടുമെന്ന് കരുതിയെന്നുമാണ് ഇരുവരുടെയും മൊഴി. ആക്രിയായി വിൽക്കാനായിരുന്നു പ്ലാൻ. ഇരുവരെയും ഒറ്റക്കും ഒന്നിച്ചും ഇരുത്തി ചോദ്യം ചെയ്യുകയാണ്. ഇവർ ലഹരി ഉപയോഗിക്കുന്നവരാണെന്ന് കൊല്ലം റൂറൽ എസ്പി കെ വി സാബു പറഞ്ഞു. സംഭവദിവസം മദ്യപിച്ചിരുന്നു. പാളത്തിനടുത്ത പ്രദേശത്തെ നിരീക്ഷണ ക്യാമറകളിൽ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്.
മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ പ്രതികള്‍ രണ്ടുപേരും റെയില്‍ പാളത്തിന് സമീപത്ത് ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തി. ഇവർക്ക് ആരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്ന് അന്വേഷിക്കുന്നുണ്ട്. പാളത്തിൽ രണ്ടിടത്ത് പോസ്റ്റ് വച്ചിരുന്നതിനാൽ അട്ടിമറിശ്രമം ആണോയെന്ന് സംശയമുണ്ട്. ശനിയാഴ്ച വൈകിട്ട് റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇരുവരെയും ചോദ്യം ചെയ്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here