രണ്ടാഴ്ച മാത്രം എസ്പിയുടെ കസേരയിൽ!! നാണംകെട്ട് സുജിതിൻ്റെ പടിയിറക്കം; വി.ജി.വിനോദ് കുമാർ പത്തനംതിട്ടയിലേക്ക്

ഇക്കഴിഞ്ഞ 16നാണ് സുജിത് ദാസ് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയായി സ്ഥാനമേറ്റത്. മലപ്പുറം എസ്പിയായിരിക്കെ ഉണ്ടായ കസ്റ്റഡി മരണക്കേസിൻ്റെ പശ്ചാത്തലത്തിൽ ജില്ലാ ഭരണം ഉടൻ നൽകില്ലെന്ന് പ്രതീക്ഷിച്ചവരെ ഞെട്ടിച്ച് കൊണ്ടാണ് പുതിയ നിയമനം വന്നത്. അപ്പോഴേക്ക് പൊടുന്നനെ വന്നുവീണ മരംമുറിക്കേസ് ആണ് യുവ ഐപിഎസുകാരൻ്റെ കരിയറിൽ സമാനതകളില്ലാത്ത കളങ്കമായി വന്നുചേർന്നിരിക്കുന്നത്.

മലപ്പുറം എസ്പിയുടെ ക്യാമ്പ് ഓഫീസ് പരിസരത്തെ മരങ്ങൾ മുറിച്ചത് അന്യായമാണെന്ന് മുൻപേ റിപ്പോർട്ട് ഉണ്ടായിരുന്നു. ഇതിൽ വിവരം അറിയാൻ എന്ന മട്ടിൽ പിവി അൻവർ എംഎൽഎ എസ്പിയുടെ ഔദ്യോഗിക വസതിയിൽ എത്തിയതിനു പിന്നാലെയാണ് സുജിത് ദാസ് എംഎൽഎയെ ഫോണിൽ വിളിച്ച് പരാതി പിൻവലിക്കണം എന്ന് ആവശ്യപ്പെടുന്നത്.

അതീവ ദയനീയമായി എസ്പി നടത്തിയ ഈ ഫോൺ സംഭാഷണത്തിൻ്റെ ശബ്ദരേഖ എംഎൽഎ പുറത്തുവിട്ടതോടെ ആണ് സുജിത്തിൻ്റെ കസേര ഇളകിയത്. പോരാത്തതിന്, ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ അജിത് കുമാർ അടക്കം ഉദ്യോഗസ്ഥർക്കെതിരെ ഫോണിൽ നടത്തിയ പരാമർശങ്ങളും വിനയായി. ഇതോടെയാണ് അന്വേഷണം പ്രഖ്യാപിച്ചു മാറ്റിനിർത്താൻ തീരുമാനം ആയത്. സസ്പെൻഡ് ചെയ്തിട്ടില്ല, പകരം നിയമനം നൽകിയിട്ടുമില്ല. പോലീസ് ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്യാനാണ് നിർദേശം.

ALSO READ: അന്‍വറിന്‍റെ ആരോപണത്തില്‍ ഡിജിപിയോട് റിപ്പോർട്ട് തേടി മുഖ്യമന്ത്രി; ഞങ്ങളന്നേ പറഞ്ഞില്ലേയെന്ന് പ്രതിപക്ഷം

പകരം നിയമിക്കപ്പെടുന്ന വി.ജി.വിനോദ് കുമാർ മികച്ച പ്രതിച്ഛായ ഉള്ള ഉദ്യോഗസ്ഥനാണ്. ഏറെക്കാലം വിജിലൻസിൽ പ്രവർത്തിച്ചത് കൊണ്ട് തന്നെ സുജിത് ദാസിൻ്റെ പോലെ ആക്ഷേപങ്ങൾക്ക് ഇടയില്ലെന്ന് ഉറപ്പിച്ച് തന്നെയാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ സർക്കാർ നിയമനം നടത്തുന്നത്. വിജിലൻസ് കോട്ടയം റേഞ്ച് എസ്പിയായിരിക്കെ മുൻമന്ത്രി ഇബ്രാഹിംകുഞ്ഞ് പ്രതിയായ പാലാരിവട്ടം പാലം അഴിമതി അടക്കം സുപ്രധാന കേസുകൾക്ക് മേൽനോട്ടം വഹിച്ചത് വിനോദ് കുമാർ ആണ്. അഴിമതിക്കേസിൽ മുണ്ടക്കയം സർക്കിൾ ഇൻസ്പെക്ടർ അടക്കം പോലീസ് ഉദ്യോഗസ്ഥരെ പോലും അറസ്റ്റ് ചെയ്ത് വിജിലൻസിൻ്റെ വിശ്വാസ്യത ഉറപ്പിച്ചു നിർത്താൻ പ്രധാന പങ്കുവഹിച്ചു എന്ന വിലയിരുത്തലും ഉണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top