മൈലപ്ര ബാങ്കിലെ തസ്കര സംഘം, പ്രസിഡന്റും സെക്രട്ടറിയും 20 കോടി തട്ടിയെടുത്തു, കുടുംബക്കൊള്ളയുടെ ഞെട്ടിപ്പിക്കുന്ന കടലാസുകൾ പുറത്ത്

പത്തനംതിട്ട: കോടികളുടെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന മൈലപ്ര സർവീസ് സഹകരണ ബാങ്കിൽ ഭരണസമിതി അധ്യക്ഷനും മുൻ സെക്രട്ടറിയും ചേർന്ന് കോടികൾ തട്ടിയെടുത്തതിന്റെ രേഖകൾ പുറത്ത്. സമാനതകളില്ലാത്ത കൊള്ളയാണ് രണ്ടുപേരും ചേർന്ന് നടത്തിയിരിക്കുന്നത്. സിപിഎം ഭരണസമിതിയുടെ കീഴിലുള്ള ബാങ്കാണിത്. 100 കോടിയിലധികം രൂപയുടെ തട്ടിപ്പാണ് ഇവിടെ നടന്നിരിക്കുന്നത്.

ബാങ്ക് പ്രസിഡന്റ് ജെറി ഈശോ ഉമ്മനും കുടുംബത്തിനുമായി ഉള്ളത് എട്ടു വായ്പകൾ. ജെറിയുടെ ഭാര്യയും മക്കളും മരുമക്കളും കൂടി തിരിച്ചടയ്ക്കേണ്ടത് 2.12 കോടി രൂപ. മുൻ സെക്രട്ടറി ജോഷ്വാ മാത്യുവിൻറെ കുടുംബത്തിന് 28 വായ്പകൾ. ജോഷ്വായുടെ രണ്ടു മക്കൾക്ക് മാത്രമായി ഏഴു വായ്പകൾ. തിരിച്ചടയ്ക്കാനുള്ളത് 18.83 കോടി രൂപ. എല്ലാ മാനദണ്ഡങ്ങളും മറികടന്നുകൊണ്ടാണ് ഈ രണ്ടുപേരും ചേർന്ന് നിക്ഷേപകരുടെ പണം തട്ടിയെടുത്തത്. ജോഷ്വാ മാത്യു ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലാണ്.

ബാങ്ക് പ്രസിഡന്റ് ജെറി ഈശോ ഉമ്മൻ, ഭാര്യ എൽസി ജെറി ഈശോ, മകൾ മെർലിൻ ടീന ജെറി, മരുമകൻ മാത്യു എബ്രഹാം എന്നിവരുടെ പേരിലായി 2,12,155,79 രൂപയുടെ എട്ടു വായ്പകളാണ് എടുത്തിരിക്കുന്നത്. സെക്രട്ടറി ജോഷ്വാ മാത്യു, പിതാവ് ജോഷ്വാ മത്തായി, ഭാര്യ നിർമ്മല മാത്യു, മകൾ മേഘമേരി റെജി, മകൾ മൃദുല ഹന്ന റെജി , സഹോദരൻ ബിജു മാത്യു, സഹോദര ഭാര്യ റോസമ്മ റെജി, സഹോദര ഭാര്യ റോസമ്മ ബിജു, സഹോദരി മോളി സി.എം. എന്നിവർ ചേർന്ന് 28 വായ്പകളിലൂടെ 18,83,44,729 രൂപയാണ് തട്ടിയെടുത്തത്. ഒരു പ്രമാണം ഈടാക്കി വച്ച് 10 പേർക്കുവരെ വായ്പ നൽകിയതായി സഹകരണ സംഘം ജോയിന്റ് രജിസ്ട്രാരുടെ അന്വേഷത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ബിനാമി വായ്പ്പക്കാരിലേറെയും മൈലപ്ര ബാങ്കിന്റെ പ്രവർത്തന പരിധിക്കുപുറത്തുള്ളവരാണ്. ജാമ്യ വ്യവസ്ഥകൾ പോലും പാലിക്കാതെയാണ് മിക്കവർക്കും ലോൺ നൽകിയിരിക്കുന്നത്. ബാങ്ക് സെക്രട്ടറിയുമായോ മറ്റു ഭരണ സമിതി അംഗങ്ങളുമായോ ബന്ധമുള്ള ആർക്കും ഒരു വ്യവസ്ഥയും പാലിക്കാതെ വായ്പ നൽകുന്നതായിരുന്നു രീതി. ഒരാൾക്ക് ചുരുങ്ങിയത് 25 ലക്ഷം രൂപ മുതൽ മുകളിലോട്ട് വായ്പ നൽകിയിട്ടുണ്ട്. ഭൂരിഭാഗം പേരും ഒരു രൂപപോലും തിരിച്ചടച്ചിട്ടില്ല. ബാങ്കിൽ നിക്ഷേപങ്ങൾ കുമിഞ്ഞുകൂടിയ അവസ്ഥയിലാണ് ബിനാമി വായ്പകൾ യഥേഷ്‌ടം നൽകിയത്.

റിമാൻഡിൽ കഴിയുന്ന മുൻ സെക്രട്ടറി ജോഷ്വാ മാത്യുവിനെ തെളിവെടുപ്പിനായി കഴിഞ്ഞ ദിവസം ലോക്കൽ പോലീസിന് കൈമാറിയിരുന്നു. മൈലപ്ര സഹകരണ ബാങ്കിലെ നിക്ഷേപകർക്ക് പണം തിരികെക്കിട്ടാനുള്ള ഒരു സാധ്യതയും നിലവിലില്ല. അടുത്തമാസം രണ്ടാം വാരം നിക്ഷേപകരുടെ യോഗം ചേരുമെന്ന് അറിയിച്ചിട്ടുണ്ട്. അടിയന്തര ആവശ്യങ്ങൾക്കായി പണം നൽകണമെന്നാവശ്യപ്പെട്ട് നിരവധിപേരാണ് കമ്മിറ്റിക്കു മുൻപാകെ പരാതിനൽകിയിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top