200 കോടി കുടിശിക; കാരുണ്യ പദ്ധതിയിൽ നിന്ന് ആശുപത്രികൾ പിൻമ്മാറുന്നു

തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ നിന്ന് സ്വകാര്യ ആശുപത്രികൾ പിന്മാറുന്നു. ഇൻഷുറൻസ് ഇനത്തിൽ 200 കോടിയോളം രൂപ സർക്കാർ കുടിശിക നൽകാനുള്ളതിനാലാണ് ഈ നീക്കം. പല സ്വകാര്യ മെഡിക്കൽ കോളേജുകളും ഇക്കാര്യം വ്യക്തമാക്കി ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
സാധാരണഗതിയിൽ ഡിസ്ചാർജ് നടപടി പൂർത്തിയായി 15 ദിവസത്തിനകം ചികിൽസ തുക ആശുപത്രിക്ക് കൈമാറണം. വൈകുന്ന ഓരോ ദിവസത്തിനും നിശ്ചിത പലിശയും നൽകണം. എന്നാൽ ഈ വ്യവസ്ഥകളൊന്നും പാലിക്കുന്നില്ലെന്നാണ് പരാതി. പല ആശുപതികൾക്കും ആറുമാസം വരെയുള്ള കുടിശിക നൽകാനുണ്ടെന്നാണ് സ്വകാര്യ ആശുപത്രി അസോസിയേഷൻ ഭാരവാഹികൾ പറയുന്നത്.
സൗജന്യ ചികിൽസയെ ആശ്രയിച്ചു ആശുപത്രിയിൽ എത്തുന്ന സാധാരണക്കാരെയാണ് ഇത് പ്രതിസന്ധിയിലാക്കുന്നത്.
42 ലക്ഷത്തിലധികം ദരിദ്ര കുടുംബങ്ങൾക്ക് സൗജന്യ ചികിൽസക്കായി അഞ്ചു ലക്ഷം രൂപ വീതം നൽകുന്നതാണ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി .
സ്വകാര്യ ആശുപത്രികൾക്കു നൽകാനുള്ള കുടിശിക കാര്യത്തിൽ നിയമസഭാ സമ്മേളനത്തിൽ ചോദ്യങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും ഇതുവരെ ആരോഗ്യമന്ത്രി മറുപടിയൊന്നും നൽകിയിട്ടില്ല. സാമ്പത്തിക പ്രതിസന്ധിക്കു പുറമേ കേന്ദ്രവിഹിതം കിട്ടാത്തതാണ് കുടിശിക വൈകാൻ കാരണം എന്നാണ് സർക്കാരിന്റെ വിശദീകരണം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here