കാണാതായ കൈരളി കപ്പലിനെ തേടി ജൂഡ് ആന്റണി; ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ

2018-ല്‍ കേരളം നേരിട്ട മഹാപ്രളയത്തെ ജനങ്ങള്‍ അതിജീവിച്ചത് ബിഗ്‌ സ്ക്രീനിലൂടെ കാണിച്ചുതന്ന് കയ്യടി നേടിയ സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്, മറ്റൊരു ഓര്‍മ്മപ്പെടുത്തലുമായി വീണ്ടും എത്തുന്നു. കേരളത്തില്‍ നിന്നും എഴുപതുകളില്‍ പുറപ്പെട്ട് കാണാതായ ചരക്കു കപ്പല്‍ എംവി കൈരളിയുടെ കഥയാണ് സംവിധായകന്‍റെ അടുത്ത പ്രൊജക്ട്. ഇന്‍വെസ്റ്റിഗേറ്റീവ് ജര്‍ണലിസ്റ്റായ ജോസി ജോസഫ് ചിത്രത്തിന്‍റെ തിരക്കഥയില്‍ പങ്കാളിയാകുന്നത് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നു. അടുത്ത വര്‍ഷം പകുതിയോടെ ചിത്രീകരണം ആരംഭിക്കും.

1979 -ൽ 49 ജീവനക്കാരും 20,000 ടൺ ഇരുമ്പയിരുമായി ഇന്ത്യയിലെ മർഗോവിൽ നിന്ന് ജിബൂട്ടി വഴി ജർമ്മനിയിലെ റോസ്റ്റോക്കിലേക്ക് യാത്ര തിരിച്ച കേരള ഷിപ്പിംഗ് കോർപ്പറേഷന്റെ ചരക്ക് കപ്പലായിരുന്നു എംവി കൈരളി. യാത്രക്കിടെ ദുരൂഹസാഹചര്യത്തിൽ കപ്പലും ജീവനക്കാരെയും കാണാതെയാവുകയായിരുന്നു. അതുകൊണ്ടുതന്നെ ചിത്രം ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറാകും എന്നതില്‍ സംശയമില്ല. രാജ്യത്തെ ഒട്ടുമിക്ക ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ നിര്‍മ്മാണക്കമ്പനിയായ ലൈകാ പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന് മറ്റൊരു ചിത്രവും ജൂഡിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്നുണ്ട്.

ഛായാഗ്രാഹകന്‍ ജോമോന്‍ ടി.ജോണ്‍ നിവിന്‍ പോളിയെ നായകനാക്കി എംവി കൈരളിയെക്കുറിച്ചുള്ള സിനിമ പ്രഖ്യാപിച്ചിരുന്നെങ്കിലും ചിത്രത്തെക്കുറിച്ച് പിന്നീട് വാര്‍ത്തകള്‍ ഉണ്ടായില്ല. അതേസമയം ഈ ചിത്രത്തില്‍ നിവിന്‍ പോളി നായകനാകുമെന്ന അഭ്യൂഹങ്ങളും ഉണ്ട്. 2014ല്‍ നസ്രിയ നാസിം കേന്ദ്ര കഥാപാത്രമായ ഓം ശാന്തി ഓശാനയിലൂടെയാണ് ജൂഡ് ആന്റണി സംവിധായക രംഗത്തെത്തുന്നത്.

ഏറ്റവും ഒടുവില്‍ ഇറങ്ങിയ 2018, ഇന്ത്യയുടെ ഈ വര്‍ഷത്തെ ഔദ്യോഗിക ഓസ്കാര്‍ പട്ടികയിലേക്കാണ് ഇടം നേടിയത്. ടൊവിനോ തോമസ്, ആസിഫ് അലി, നരേൻ, ലാൽ, കുഞ്ചാക്കോ ബോബൻ, അപർണ ബാലമുരളി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നിര്‍മ്മിച്ച ചിത്രം ബോക്സ് ഓഫീസ് ഹിറ്റ്‌ ആയിരുന്നു. കാവ്യ ഫിലിം കമ്പനിയുടെയും പി കെ പ്രൈം പ്രൊഡക്ഷൻസിന്റെയും ബാനറിൽ വേണു കുന്നപ്പിള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. 2018 സൃഷ്ടിച്ച തരംഗങ്ങള്‍ ചെറുതായിരുന്നില്ല. ഓസ്കാര്‍ എന്‍ട്രിയിലേക്ക് തിളങ്ങി നില്‍ക്കുന്ന ചിത്രത്തിന്‍റെ പ്രൊമോഷനായി അമേരിക്കയിലാണ് ജൂഡ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top