ലോക്സഭാ തിരഞ്ഞെടുപ്പിൽ വിലയിരുത്തപ്പെടുന്നത് അഞ്ച് നേതാക്കളുടെ തന്ത്രങ്ങളും സംഘടനാശേഷിയും; ജയപരാജയങ്ങൾ ഓരോരുത്തർക്കും നിർണായകം
തിരുവനന്തപുരം: രാഷ്ട്രീയ അടവുകളും തന്ത്രവും കൂട്ടിക്കുഴച്ച് മുന്നണികൾ തിരഞ്ഞെടുപ്പിൽ മാറ്റുരയ്ക്കുമ്പോൾ വിലയിരുത്തപ്പെടുന്നത് വ്യത്യസ്ത പാർട്ടികളിലെ നേതൃസ്ഥാനത്തുള്ളവർ കൂടിയാണ്. കെ.സുധാകരൻ, വി.ഡി.സതീശൻ, സാദിഖലി ശിഹാബ് തങ്ങൾ, എം.വി.ഗോവിന്ദൻ, ബിനോയ് വിശ്വം എന്നിവർ നേതൃത്വത്തിലെത്തിയ ശേഷം പൂർണ്ണതോതിൽ നടക്കുന്ന ആദ്യ പൊതുതിരഞ്ഞെടുപ്പാണിത്.
2019ൽ 19 സീറ്റിൽ ജയിച്ചതിനാൽ തന്നെ ഇത്തവണ കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫിന്റെ അമരത്തുള്ള കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, മുന്നണിയിലെ പ്രധാനഘടകകക്ഷിയായ മുസ്ലീം ലീഗിന്റെ സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ എന്നിവർക്ക് ഈ തിരഞ്ഞെടുപ്പ് നിർണായകമാണ്. സുധാകരൻ മത്സരരംഗത്തിറങ്ങുമ്പോൾ തിരഞ്ഞെടുപ്പ് ഏകോപനത്തിനായി സതീശൻ കളംനിറഞ്ഞ് കളിക്കുകയാണ്. എല്ലാ മണ്ഡലങ്ങളിലും അവലോകന യോഗങ്ങൾ ചേരുന്നതും മത-സാമുദായിക നേതൃത്വങ്ങളുമായി ചർച്ച നടത്തുന്നതും ഇക്കാര്യങ്ങൾ പാർട്ടിയിൽ റിപ്പോർട്ട് ചെയ്ത് കൂടിയാലോചന നടത്തുന്നതും പ്രതിപക്ഷ നേതാവ് തന്നെ. ഇതിന് പുറമേ തിരഞ്ഞെടുപ്പ് രംഗത്ത് അജൻഡ നിശ്ചയിച്ച് രാഷ്ട്രീയ ആക്രമണം നടത്തുന്നതിന്റെ ചുമതലയും അദ്ദേഹം ഏറ്റെടുത്തിട്ടുണ്ട്.
തിരഞ്ഞെടുപ്പിൽ സിപിഎം- ബിജെപി ധാരണ ഉണ്ടെന്ന സതീശൻ്റെ പ്രസ്താവനകൾ സിപിഎമ്മിനെ വല്ലാതെ കുഴക്കിയിട്ടുണ്ട്. ഇടതു മുന്നണി കൺവീനർ ഇ.പി.ജയരാജനും കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖറും തമ്മിൽ ബിസിനസ് ഇടപാടുണ്ടെന്ന് സതീശൻ തെളിവ് നിരത്തി പറഞ്ഞത് ഇരുപക്ഷത്തിനും കനത്ത തിരിച്ചടിയായി. ഇത്തവണ 20:20 പിടിക്കുമെന്ന സതീശൻ്റെ അവകാശവാദം സാക്ഷാത്കരിച്ചാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിൻ്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അവതരിപ്പിക്കപ്പെടാം. വലിയ എതിർപ്പുകൾ പാർട്ടിക്കുള്ളിൽ നിന്നുണ്ടാകില്ല. കഴിഞ്ഞ തവണത്തെ വിജയം ആവർത്തിക്കാനായാൽ സുധാകരൻ്റേയും രാഷ്ട്രീയ ഗ്രാഫ് ഉയരും.
പലസ്തീൻ വിഷയത്തിലടക്കം ഇടയ്ക്ക് ഇടത്തേക്ക് ചാഞ്ഞ ലീഗിനെ വീണ്ടും യുഡിഎഫിൽ ഉറപ്പിച്ച് നിർത്തി പോരിനിറങ്ങിയ സംസ്ഥാന പ്രസിഡൻ്റ് സാദിഖലി തങ്ങൾക്കും ഇത് അഭിമാന പോരാട്ടമാണ്. സിഎഎ അടക്കം സാമുദായികമായി വെല്ലുവിളികൾ ഉയരുമ്പോൾ നിർണായക തീരുമാനങ്ങളെടുത്ത് രാഷ്ട്രീയ ലൈൻ വ്യക്തമാക്കേണ്ട അവസരത്തിലൂടെയാണ് അദ്ദേഹത്തിന്റെ നേതൃത്വം കടന്നുപോകുന്നത്. തങ്ങളുടെ പാർലമെന്ററി പ്രാതിനിധ്യവും പാർട്ടിയുടെ ശക്തിയും ചൂണ്ടിക്കാട്ടി രണ്ടിലേറെ സീറ്റ് ആവശ്യപ്പെട്ട തിരഞ്ഞെടുപ്പിൽ മുന്നണിയെ അലോസരമില്ലാതെ വിജയത്തിലേക്ക് നയിക്കുകയെന്ന രാഷ്ട്രീയ ബാദ്ധ്യതയും അദ്ദേഹത്തിന്റെ ചുമലിലാണ്.
സമസ്തയിലെ ചില നേതാക്കളുടെ സിപിഎം ആഭിമുഖ്യം ചൂണ്ടിക്കാട്ടി മുസ്ലിംലീഗിൽ രൂപപ്പെട്ട അസ്വസ്ഥത ഇരുസംഘടനകളും തമ്മിലുള്ള ബന്ധത്തെ കൂടുതൽ വഷളാക്കുന്ന നിലയിലേക്ക് പോയെങ്കിലും സാദിഖലി തങ്ങളുടെ അവസരോചിത ഇടപെടൽ നിമിത്തം പ്രശ്നം പരിഹരിക്കപ്പെട്ടു. ലീഗിനെ സംബന്ധിച്ചിടത്തോളം ചോദ്യം ചെയ്യപ്പെടാനാവാത്ത നേതാവായി അദ്ദേഹം തുടരുന്നു.
മുൻ സിപിഎം, സിപിഐ സംസ്ഥാന സെക്രട്ടറിമാരായ കോടിയേരി ബാലകൃഷ്ണൻ, കാനം രാജേന്ദ്രൻ എന്നിവരുടെ നിര്യാണം മൂലമുണ്ടായ വിടവ് നികത്തുന്ന തരത്തിലുള്ള പ്രവർത്തനം പുറത്തെടുക്കുകയെന്ന കനത്ത വെല്ലിവിളിയാണ് നിലവിലെ സെക്രട്ടറിമാരായ എം.വി.ഗോവിന്ദൻ, ബിനോയ് വിശ്വം എന്നിവർ നേരിടുന്നത്.
ഗോവിന്ദൻ ചുമതലയേറ്റ ശേഷം നടന്ന രണ്ട് ഉപതിരഞ്ഞെടുപ്പുകളിലും പാർട്ടി പരാജയപ്പെട്ടു. എന്നാൽ 2019ലെ ഫലത്തിൽ നിന്നും നില മെച്ചപ്പെടുത്തിയാൽ പാർട്ടിയിൽ മാത്രമല്ല മുന്നണിയിലും അദ്ദേഹത്തിന് മേൽകൈ ലഭിക്കും. എൽഡിഎഫ് ഭരണത്തിനും പ്രത്യേകിച്ച് മുഖ്യമന്ത്രിക്കുമെതിരായ ആരോപണങ്ങൾ കാറുംകോളും സൃഷ്ടിക്കുമ്പോൾ അതിനെ പ്രതിരോധിച്ച് പാർട്ടിയെ മെച്ചപ്പെട്ട നിലയിലേക്ക് എത്തിക്കുകയെന്ന വലിയ വെല്ലുവിളിയാണ് അദ്ദേഹത്തിൻ്റെ ചുമലിലുള്ളത്. ആ അർത്ഥത്തിൽ അദ്ദേഹത്തിൻ്റെ നേതൃശേഷി കൂടിയാണ് അളക്കപ്പെടുന്നത്. 20 മണ്ഡലങ്ങളിലും പാർട്ടി സംഘടനയെ ചലിപ്പിക്കുന്നതിൽ വ്യാപൃതനായ അദ്ദേഹത്തിന്റെ രാഷ്ട്രീയ തന്ത്രങ്ങളുടെ മൂർച്ച കൂടി തിരഞ്ഞെടുപ്പ് ഫലത്തിൽ വ്യക്തമാവും. ദേശീയ പാർട്ടി പദവി നിലനിർത്തുക എന്ന വലിയ വെല്ലുവിളിയും എം.വി.ഗോവിന്ദൻ്റെ ചുമലിലാണ്. കേരളത്തിൽ നിന്ന് പരമാവധി പേരെ ജയിപ്പിച്ചില്ലെങ്കിൽ മരപ്പട്ടി, നീരാളി ചിഹ്നങ്ങളിൽ മത്സരിക്കേണ്ടി വരുമെന്ന മുൻ മന്ത്രി എ.കെ.ബാലൻ്റെ മുന്നറിയിപ്പ് പാർട്ടി കടന്നുപോകുന്ന ദുർഘട സന്ധിയെക്കുറിച്ചുള്ള മുന്നറിയിപ്പാണെന്ന് ഗോവിന്ദന് അറിയാം.
കാനത്തിന്റെ പിൻഗാമിയായി വന്ന ബിനോയ് വിശ്വത്തിനും തിരഞ്ഞെടുപ്പ് ഫലം നിർണായകമാണ്. എക്കാലത്തും എൽഡിഎഫിലെ തിരുത്തൽ ശക്തിയെന്ന് അറിയപ്പെടുന്ന സിപിഐയുടെ അമരത്തിരിക്കുമ്പോൾ വലിയ ഉത്തരവാദിത്വമാണ് വഹിക്കേണ്ടി വരുന്നത്. 2019ൽ നാലിടത്തും പരാജയം രുചിച്ച പാർട്ടിയെ കുറഞ്ഞ സമയത്തിനുള്ളിൽ സജ്ജമാക്കി വിജയിപ്പിച്ചെടുക്കേണ്ട ചുമതലയാണ് അദ്ദേഹത്തിനുള്ളത്. ബിജെപിയെ നേരിട്ടെതിർക്കുന്ന രണ്ട് പ്രധാനയിടങ്ങളായ തൃശ്ശൂരും തിരുവനന്തപുരത്തും വിജയത്തിൽ കുറഞ്ഞ് ഒന്നും പാർട്ടിക്ക് ചിന്തിക്കാനാകില്ല. രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിൽ ആനിരാജയെന്ന ദേശീയ നേതാവിനെ ഇറക്കി രാഷ്ട്രീയ മേൽക്കൈ നേടിയെങ്കിലും പുതിയ നേതൃത്വത്തിന്റെ
അടവുനയവും തന്ത്രങ്ങളും ഫലിക്കുമോയെന്നതും കാത്തിരുന്നു കാണേണ്ടതാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here