2034 ഫുട്‌ബോള്‍ ലോകകപ്പ്: ആതിഥേയത്വത്തിന് നീക്കം തുടങ്ങി സൗദി അറേബ്യ
റിയാദ്: 2034 ഫുട്‌ബോള്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ ഔദ്യോഗികമായിനീക്കങ്ങള്‍ ആരംഭിച്ച് സൗദി. ഏഷ്യ, ഓഷ്യാനിയ എന്നിവിടങ്ങളിലെ രാജ്യങ്ങളെ ഫിഫ ക്ഷണിച്ചതിന് പിന്നാലെയാണ് സൗദി നിലപാട് വ്യക്തമാക്കിയത്. ഇതോടെ ഫുട്ബോള്‍ മഹാമാമാങ്കത്തിന് സൗദിയില്‍ പന്തുരുളാനുള്ള സാധ്യതകള്‍ തുറന്നു.
ക്ലബ്ബ് ഫുട്‌ബോളില്‍ വലിയ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതിന് പിന്നാലെയാണ് ലോകോത്തര ടൂര്‍ണമെന്റുകളിലും പങ്കാളിത്തം വഹിക്കാനുള്ള സൗദിയുടെ ഒരുക്കം.
സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനാണ് ലോകകപ്പിന് വേദിയ്ക്കുള്ള നീക്കങ്ങള്‍ക്ക് തുടക്കമിട്ടത്. ഫുട്‌ബോളിനോടുള്ള രാജ്യത്തിന്റെ സ്‌നേഹവും നിലവിലുള്ള സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഈ നീക്കമെന്നും സൗദി ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസ്താവനയില്‍ കുറിച്ചു.
മൊറോക്കോ, സ്‌പെയിന്‍, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങള്‍ 2030 ലോകകപ്പിന് ആതിഥേയത്വം വഹിക്കുമെന്ന പ്രഖ്യാപനം ഫിഫ കഴിഞ്ഞ ദിവസമാണ് നടത്തിയത്. 2026 ലോകകപ്പിന് യുഎസ്, കാനഡ, മെക്‌സിക്കോ രാജ്യങ്ങളാണ് വേദിയാവുന്നത്. ഈ ടൂര്‍ണമെന്റില്‍ 48 ടീമുകളാണ് പങ്കെടുക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here