205 മരണം, 225 പേരെ കാണാനില്ല; മുണ്ടക്കൈയില്‍ ജീവൻ്റെ തുടിപ്പ് അന്വേഷിച്ച് രക്ഷാപ്രവർത്തനം

മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ദുരന്തത്തിൽ 225 പേരെ കാണാതായതായി റവന്യൂ വകുപ്പിൻ്റെ ഔദ്യോഗിക കണക്ക്. ഇവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുന്നു. മണ്ണിനടിയിൽ ജീവൻ്റെ സാന്നിധ്യമുണ്ടോ എന്ന പരിശോധന തുടരുകയാണ്. സൈന്യത്തിൻ്റെയും പൊലീസിൻ്റെയും പ്രത്യേകം പരിശീലനം ലഭിച്ച സ്നിഫർ നായ്ക്കളെ ഉപയോഗിച്ചാണ് തിരച്ചിൽ.

1592 പേരെ ഇതുവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. 195 പേരെയാണ് ഇതുവരെ വിവിധ ആശുപത്രികളിൽ എത്തിച്ചത്. 90 പേർ ചികിത്സയിൽ തുടരുന്നുണ്ട്. ഇവരിൽ 11 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.

ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ പ്രദേശത്ത് ഒറ്റപ്പെട്ട് നിൽക്കുന്നവരെ പൂർണമായി കണ്ടെത്തി. മണ്ണിന് അടിയിൽപെട്ടവരെ കണ്ടെത്തനായിട്ടുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്. ഇതിനായി മണ്ണുമാന്തിയന്ത്രം എത്തിച്ചിട്ടുണ്ട്. ഉരുൾപൊട്ടലിനെ തുടർന്ന് പ്രദേശത്ത് അടിഞ്ഞുകൂടിയ മണ്ണ് നീക്കുന്നതിന് ആവശ്യമായ യന്ത്രസഹായം ലഭ്യമാകാത്തത് രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായിരുന്നു. മേപ്പാടിയിൽ നിന്നും സാഹസികമായി പുഴ മുറിച്ചുകടന്നാണ് ജെസിബി മുണ്ടക്കൈയില്‍ എത്തിച്ചത്.

തകര്‍ന്ന വീടുകളുടെ കോൺക്രീറ്റ് മേൽക്കൂരകള്‍ നീക്കംചെയ്യാനും മണ്ണ് നീക്കാനും കൂടുതല്‍ ഉപകരണങ്ങളില്ലാത്തത് രക്ഷാദൗത്യത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ചുറ്റിക ഉൾപ്പെടെ ഉപയോ​ഗിച്ച് കോൺക്രീറ്റ് തകര്‍ത്ത് തടസം നീക്കി വളരെ പ്രയാസപ്പെട്ടാണ് സംഘം തിരച്ചിൽ തുടരുന്നത്. തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളുടെ ഇടയിലും അടിഞ്ഞുകൂടിയ ചെളിയുടെയും അടിയിലും ആളുകള്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് നിഗമനം.

ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 205 ആയി. ഇതിൽ 94 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പോസ്റ്റുമോർട്ടം നടപടി പൂർത്തിയാക്കിയ 66 മ‍ൃതദേഹങ്ങള്‍ ബന്ധുക്കൾക്ക് വിട്ടുനൽകി. 126 മ‍ൃതദേഹങ്ങളാണ് ഇതുവരെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയത്.

നൂറുകണക്കിന് വീടുകളും റോഡും സ്‌കൂളും എല്ലാമുണ്ടായിരുന്ന പ്രദേശത്ത് ഇപ്പോൾ മണ്ണും വെള്ളമൊലിച്ചുപോവുന്ന ചാലുകളും മാത്രമാണ് കാണുന്നത്. പൂർണ്ണമായും തകർന്ന വീടുകൾ, വാഹനങ്ങൾ, മൺകൂനകൾ, മണ്ണിലും കെട്ടിടാവശിഷ്ടങ്ങളിലും പുതഞ്ഞുകിടക്കുന്ന മൃതശരീരങ്ങൾ എന്നീ നടുക്കുന്ന കാഴ്ചകളാണ് ദുരന്തഭൂമിയിൽ നിന്നും പുറത്തുവരുന്നത്.

82 ക്യാമ്പുകളിലായി 8017 പേർ കഴിയുന്നുണ്ട്. സൈന്യം, എൻഡിആർഫ്, ഫയർ ഫോഴ്സ്, ആരോഗ്യ പ്രവർത്തകര്‍ എന്നിവരടക്കം 1167 പേർ രക്ഷാപ്രവർത്തന രംഗത്തുണ്ട്. കഴിഞ്ഞ ദിവസം പുലർച്ചെ ഒരു മണിയോടെയാണ് വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായത്. രക്ഷാപ്രവർത്തനത്തിന് ഇടയിലും രണ്ട് തവണ ഉരുൾപൊട്ടിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top