സ്വന്തം സഹോദരനടക്കം അഞ്ചുപേരെ വെട്ടി കൊലപ്പെടുത്തി യുവാവ്; അമ്മക്കും വെട്ടേറ്റു; തലസ്ഥാനത്തെ ഞെട്ടിച്ച് കൂട്ടക്കൊലകൾ

ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ സ്വന്തം സഹോദരൻ, സ്വന്തം അമ്മ, അമ്മൂമ്മ, രണ്ടു ബന്ധുക്കൾ എന്നിവരെ കൂടാതെ തൻ്റെ കാമുകിയായ പെൺകുട്ടിയെയുമാണ് 23കാരൻ മൃഗീയമായി ആക്രമിച്ചത്. അമ്മയൊഴികെ മറ്റ് അഞ്ചുപേരുടെയും മരണം സ്ഥിരീകരിച്ചു. അമ്മ അതീവ ഗുരുതരാവസ്ഥയിലും.
വെഞ്ഞാറമൂട് പേരുമലയിൽ രാവിലെ മുതലാണ് കൊലപാതക പരമ്പരകൾക്ക് തുടക്കമിട്ടത് എന്നാണ് വിവരം. സ്വന്തം വീട്ടിൽ വച്ചാണ് അമ്മ ഷമീനയെയും, സഹോദരൻ അഹസാനെയും, സൂഹൃത്ത് ഫർഷാനയെയും ആക്രമിച്ചത്. പിന്നീട് എസ്എൻ പുരത്തെ വീട്ടിലെത്തി തൻ്റെ ബന്ധുക്കളായ ലത്തീഫ്, ഷാഹിദ എന്നിവരെയും വെട്ടിക്കൊലപ്പെടുത്തി. ഇതിന് മുൻപ് പാങ്ങോട് താമസിക്കുന്ന അമ്മൂമ്മ സൽമാ ബീവിയെ അവിടെയെത്തി ആക്രമിച്ചു.
തിരിച്ച് വെഞ്ഞാറമൂട്ടിലെ വീട്ടിലെത്തിയ പ്രതി അഫാൻ തന്നെ പോലീസ് സ്റ്റേഷനിലെത്തി ആറുപേരെ വെട്ടിയെന്ന് അറിയിക്കുകയായിരുന്നു. പിന്നീട് പോലീസ് നടത്തിയ പരിശോധനയിലാണ് അഞ്ചുപേർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചത്. പോലീസ് സ്ഥലത്ത് എത്തിയപ്പോഴാണ് അയൽവാസികൾ പോലും വിവരമറിഞ്ഞത്. സാമ്പത്തിക പ്രശ്നങ്ങളാണ് കാരണമെന്നാണ് ഇയാൾ പോലീസിനെ അറിയിച്ചത്.
സുഹൃത്തായ ഫർഷാനയെ ഇക്കഴിഞ്ഞ ദിവസമാണ് പ്രതി സ്വന്തം വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നത് എന്നാണ് വിവരം. ഇവരെയെല്ലാം കൊലപ്പെടുത്തിയ ശേഷം താൻ വിഷം കഴിച്ചതായി പോലീസിനെ അറിയിച്ചതിനെ തുടർന്ന് പ്രതിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here