വയനാട് ഉരുൾപൊട്ടലിൽ മരണം 24; ദുരന്തസ്ഥലത്തേക്ക് എത്താനാകാതെ ഹെലികോപ്റ്ററുകൾ
മേപ്പാടി മുണ്ടക്കയ്യിലും ചൂരൽമലയിലും ഉണ്ടായ ഉരുൾപൊട്ടലിൽ നടുങ്ങി കേരളം. മരണം 24 ആയി. നിരവധിപേരെ കാണാതായി. മരിച്ചവരിൽ മൂന്നുപേർ കുട്ടികളാണ്. ഒരു വിദേശിയും മരണപ്പെട്ടതായിട്ടാണ് റിപ്പോർട്ടുകൾ. വിദേശികൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണ്. പുലർച്ചെ ഒരു മണിയോടെ കനത്ത മഴക്കിടയിലാണ് ദുരന്തം സംഭവിച്ചത്.
അട്ടമല, ചൂരല്‍മല മേഖല പൂര്‍ണമായും ഒറ്റപ്പെട്ടു. ഇവിടേക്കുള്ള പാലവും റോഡുകളും ഒലിച്ചുപോയതോടെ മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിക്കുന്നില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മുണ്ടക്കൈ അട്ടമല പ്രദേശത്തേക്കുള്ള ഏക പാലമാണ് തകർന്നത്. താല്ക്കാലിക പാലം നിർമിച്ച് രക്ഷാപ്രവർത്തനം തുടരാനും ശ്രമങ്ങൾ ആരംഭിച്ചു. രാത്രിയായതിനാലും പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനാലും എട്ടു മണിക്കൂർ കഴിഞ്ഞിട്ടും അപകടത്തിൻ്റെ വ്യാപ്തി വ്യക്തമായിട്ടില്ല.
രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. രക്ഷാപ്രവർത്തനത്തിനായി എത്തിയ രണ്ടു ഹെലികോപ്റ്ററുകൾക്ക് വയനാട്ടിലേക്ക് എത്താനായിട്ടില്ല. പ്രതികൂല കാലാവസ്ഥയാണ് കാരണം. ഹെലികോപ്റ്ററുകൾ നിലവിൽ കോഴിക്കോട് ലാൻഡ് ചെയ്തിരിക്കുകയാണ്. കുടുങ്ങിക്കിടക്കുന്ന ആളുകളെ കണ്ടെത്താനും പുറത്തെത്തിക്കാനുമുള്ള ശ്രമങ്ങൾ തുടരുകയാണ്.
കോഴിക്കാട് ജില്ലയിൽ നാലിടത്ത് ഉരുൾപൊട്ടലുണ്ടായി. മഞ്ഞച്ചീളി, മാടഞ്ചേരി, പാനോം ഭാഗങ്ങളിലാണ് ഉരുൾപ്പൊട്ടലുണ്ടായത്. മഞ്ഞിച്ചീളിയിൽ ഒരാളെ കാണാതായി. പുഴകളിലെ ജലനിരപ്പുയർന്ന് നിരവധി വീടുകളിലും കടകളിലും വെള്ളം കയറി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here