24 ന്യൂസിലെ ‘അടിയന്തരാവസ്ഥ’ക്ക് കാരണക്കാരെ വീണ്ടും കളത്തിലിറക്കി ശ്രീകണ്ഠൻ നായർ! മധുര പാർട്ടി കോൺഗ്രസിലെ പ്രകടനം നിർണായകം

കൊല്ലത്ത് നടന്ന സിപിഎം സമ്മേളനത്തിൻ്റെ റിപ്പോർട്ടിങ്ങിനിടെ മുതിർന്ന രണ്ട് ജേണലിസ്റ്റുകൾ തമ്മിലുണ്ടായ ഈഗോ പ്രശ്നങ്ങൾ ചാനലിൻ്റെ പ്രകടനത്തെ ബാധിച്ചുവെന്നും ഇക്കാര്യത്തിൽ ഇരുവരും വിശദീകരണം നൽകണമെന്നും അതീവ രോഷാകുലനായി ശ്രീകണ്ഠൻ നായർ ആവശ്യപ്പെടുന്ന ഓഡിയോ രണ്ടാഴ്ച മുമ്പ് മാധ്യമ സിൻഡിക്കറ്റ് പുറത്തുവിട്ടിരുന്നു. ചാനലിലെ ജേണലിസ്റ്റുകൾ എല്ലാവരും ഉൾപ്പെട്ട വാട്സാപ്പ് ഗ്രൂപ്പിലിട്ട മെസേജാണ് പുറത്തുവന്നത്. ചാനലിൽ ‘ഇൻ്റേണൽ എമർജൻസി’ പ്രഖ്യാപിക്കുകയാണ് എന്ന അസാധാരണ പ്രയോഗവും ഇതിലാണ് അദ്ദേഹം നടത്തിയത്.
“സ്ഥാപനമാണോ വലുത്, നിങ്ങളുടെ ഈഗോയാണോ വലുത് എന്നുള്ളത് എനിക്ക് ഭയങ്കരമായിട്ട് സംശയം തോന്നുകയാണ്. ഈഗോ നിങ്ങൾക്ക് പിന്നെ പിടിക്കാമായിരുന്നല്ലോ, സ്ഥാപനം നന്നായി പോകട്ടെ എന്നുള്ളതല്ലേ വേണ്ടത്…. നമ്മളീ മത്സരത്തിൻ്റെ മുനമ്പിൽ ബ്ലീഡ് ചെയ്യുന്ന സമയത്ത്, കൊല്ലത്ത് പോയിക്കിടന്ന് ഇങ്ങനൊക്കെയുള്ള പോരാട്ടങ്ങൾ നടത്തുന്നവര് ഈ സ്ഥാപനത്തോട് ചെയ്യുന്ന ദ്രോഹമെന്താണെന്ന് ഇവരൊക്കെ ആലോചിക്കുന്നുണ്ടോ? ഞാനിപ്പോ ഇത്രമാത്രമേ പറയുന്നുള്ളൂ, മെൻ്റലി ഞാൻ വളരെ രോഷത്തിലാണെന്ന് കൂടി നിങ്ങൾ മനസിലാക്കുക.” ഇതായിരുന്നു ആ മെസേജിലെ പ്രസക്തഭാഗം.
ഇതിൽ ശ്രീകണ്ഠൻ നായർ പ്രതിസ്ഥാനത്ത് നിർത്തിയ രണ്ടുപേരാണ് 24 ന്യൂസിൻ്റെ തിരുവനന്തപുരം റീജിയണൽ ബ്യൂറോ ചീഫ് ആർ ശ്രീജിതും കോഴിക്കോട് ചീഫ് ദീപക് ധർമ്മടവും. ഇവർ രണ്ടും സിപിഎമ്മിൽ ബന്ധങ്ങളുള്ളവരും, മികച്ച വാർത്തകൾ പുറത്ത് കൊണ്ടുവന്നിട്ടുള്ളവരുമാണ്. എന്നാൽ ഇരുവരെയും ഒന്നിച്ച് സമ്മേളന റിപ്പോർട്ടിങ്ങിന് നിയോഗിച്ചപ്പോൾ പരസ്പരമുള്ള ഈഗോ കാരണം പല വാർത്തകളും മുങ്ങിപ്പോയി എന്നാണ് ശ്രീകണ്ഠൻ നായർ കണ്ടെത്തിയത്. എന്നാൽ മധുരയിൽ നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസിൻ്റെ റിപ്പോർട്ടിങ്ങിനായും ചാനൽ നിയോഗിച്ചിരിക്കുന്നത് ഇവർ രണ്ടും ഉൾപ്പെട്ട ടീമിനെയാണ്.
മൂന്നുപേരുടെ ചിത്രംവച്ച് ചാനൽ പുറത്തിറക്കിയ കാർഡിൽ നടുവിൽ പ്രഥമസ്ഥാനം ദീപക് ധർമടത്തിനാണ്. ഇടതുവശത്ത് പിന്നിലായാണ് ശ്രീജിത്തിൻ്റെ സ്ഥാനം. സാധാരണ ഗതിയിൽ ഇതൊന്നും ആരും പരിഗണിക്കാറില്ല എങ്കിലും ഇരുവരും തമ്മിലുള്ള കൊടിയ ഈഗോക്ലാഷിൻ്റെ സാഹചര്യത്തിൽ ഇതൊക്കെ ഘടകമാണ്. എന്നാൽ കൊല്ലം അനുഭവം മധുരയിൽ ആവർത്തിക്കരുത് എന്ന കർശന നിർദേശം ഇരുവർക്കും ശ്രീകണ്ഠൻ നായർ നൽകിയിട്ടുണ്ട്. ഇത് ഉറപ്പാക്കാൻ ഡെസ്കിലെ മുതിർന്നവരുടെ നേതൃത്വത്തിൽ പ്രത്യേക സംവിധാനവും ക്രമീകരിച്ചിട്ടുണ്ട്. ‘ഇൻ്റേണൽ എമർജൻസി’ വിശേഷം പുറത്തായതോടെ 24 ന്യൂസിൻ്റെ മധുരയിലെ പ്രകടനം, പ്രത്യേകിച്ച് ഇവരുടെ റിപ്പോർട്ടിങ് കൗതുകത്തോടെ കാണുന്നവരുണ്ട്.

നിലവിലെ ചാനൽ മത്സരത്തിൽ 24 കനത്ത വെല്ലുവിളി നേരിടുന്നുണ്ട്. ഏഷ്യാനെറ്റ് ന്യൂസിന് തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് 24 ന്യൂസും റിപ്പോർട്ടർ ചാനലും നടത്തുന്നത്. കനമുള്ള ന്യൂസ് സ്റ്റോറികളുടെയോ പാരമ്പര്യത്തിൻ്റെയോ കരുത്ത് ഇല്ലാത്ത ഇരുകൂട്ടരും ആശ്രയിക്കുന്നത് അവതാരകരുടെ പ്രകടനത്തെയാണ്. എന്നാൽ പാർട്ടി സമ്മേളനങ്ങൾ, തിരഞ്ഞെടുപ്പുകൾ പോലെ ദിവസങ്ങൾ നീളുന്ന റിപ്പോർട്ടിങ് ആവശ്യമായി വരുമ്പോൾ ഫീൽഡിലെ പ്രകടനം നിർണായകമാകും. അതിൽ നേട്ടമുണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നേരത്തെ തലവേദന ഉണ്ടാക്കിയവരെ തന്നെ വീണ്ടും മധുരക്കും അയച്ച് പരീക്ഷണത്തിന് ശ്രീകണ്ഠൻ നായർ തയ്യാറെടുത്തിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here